കൊല്ലം സ്വദേശികളായ ദമ്പതികള്‍ സൗദിയിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍. കൊല്ലം കരുവ അഞ്ചാലംമൂട് സ്വദേശിയായ അനൂപ് മോഹന്‍, ഭാര്യ റെമിമോള്‍ വസന്തകുമാരി എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയിലെ അല്‍ ഖോബാറിലാണ് സംഭവം.
|
പൂട്ടിയിട്ട ഫ്‌ളാറ്റില്‍ നിന്ന് ദമ്പതികളുടെ മകളായ അഞ്ചുവയസ്സുകാരിയുടെ നിര്‍ത്താതെയുള്ള കരച്ചില്‍ കേട്ട് അയല്‍വാസികള്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി ഫ്‌ലാറ്റിന്റെ വാതില്‍ പൊളിച്ച് അകത്ത് കയറിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
അമ്മ രണ്ട് മൂന്ന് ദിവസങ്ങളായി കട്ടിലില്‍ തന്നെ മിണ്ടാതെ കിടക്കുകയായിരുന്നുവെന്നാണ് കുട്ടി പറയുന്നത്. കട്ടിലില്‍ കിടന്ന തന്റെ മുഖത്ത് തലയണ അമര്‍ത്തി അച്ഛന്‍ കൊല്ലാന്‍ ശ്രമിച്ചുവെന്നും കരഞ്ഞതോടെ മാറിപ്പോവുകയായിരുന്നുവെന്നും കുട്ടി പറയുന്നു. കുട്ടിയെ നിലവില്‍ മറ്റൊരു കുടുബത്തിന്റെ പക്കല്‍ ഏല്‍പ്പിച്ചിരിക്കുകയാണ്. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. സൗദി പോലീസ് അന്വേഷണം ആരംഭിച്ചു.


