കുവൈത്ത് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ജാബിർ മുബാറക് അൽ ഹമദ് അൽ മുബാറക് അൽ സബാഹ് അന്തരിച്ചു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. 2011 നവംബർ മുതൽ 2019-വരെയാണ് അദ്ദേഹം കുവൈത്ത് പ്രധാനമന്ത്രിയായിരുന്നത്.
|
1942-ജനുവരി നാലിനാണ് ജനനം. 1968-ൽ ഷെയ്ഖ് ജാബിർ മുബാറക് അമീരി ദിവാനിൽ അഡ്മിനിസ്‌ട്രേറ്റീവ് ആൻഡ് ഫിനാൻഷ്യൽ അഫയേഴ്‌സ് സൂപ്പർവൈസറായിട്ടാണ് ജോലി ആരംഭിച്ചത്. പിന്നീട് ഡിപ്പാർട്ട്മെൻറ് ഡയറക്ടർ, അഡ്മിനിസ്ട്രേറ്റീവ് ആൻഡ് ഫിനാൻഷ്യൽ അഫയേഴ്സ് അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി എന്നീ പദവികൾ വഹിച്ചു.
1979 മാർച്ച് 19-ന് ഷെയ്ഖ് ജാബർ ഹവല്ലി ഗവർണറായി നിയമിതനായി. പിന്നീട് അഹമ്മദിയുടെ ഗവർണറായി സേവനമനുഷ്ഠിച്ച അദ്ദേഹം സാമൂഹ്യകാര്യ-തൊഴിൽ മന്ത്രി, വാർത്താവിതരണ മന്ത്രി, അമീറിൻറെ ഓഫിസിലെ ഉപദേഷ്ടാവ് തുടങ്ങി വിവിധ പദവികൾ വഹിച്ചു. 2001 ഫെബ്രുവരി 14-ന് ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായി തിരഞ്ഞെടുക്കപ്പെട്ടു. 2003 ജൂലായ് 14-ന് രൂപീകരിച്ച സർക്കാരിലും ഇതേ പദവികൾ ലഭിച്ചു. 2006 ഫെബ്രുവരി 9-ന് ഒന്നാം ഉപപ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, പ്രതിരോധ മന്ത്രി എന്നീ സ്ഥാനങ്ങൾ ലഭിച്ചു. ജൂലൈയിൽ രൂപീകരിച്ച മന്ത്രിസഭകളിലും അദ്ദേഹം ഇതേ സ്ഥാനങ്ങൾ നിലനിർത്തുകയുണ്ടായി.


