01
Mar 2026
Mon
01 Mar 2026 Mon
sslc exam 2026

കൊച്ചി: പശ്ചിമേഷ്യയിലെ നിലവിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഗള്‍ഫ് മേഖലയിലെ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ മാറ്റിവെച്ചു. മാര്‍ച്ച് 5 ലെ എസ്എസ്എല്‍സി പരീക്ഷയും 5, 6, 7 തീയതികളിലെ ഹയര്‍ സെക്കന്ററി മാര്‍ച്ച് പരീക്ഷയുമാണ് മാറ്റി വെയ്ക്കാന്‍ ഇപ്പോള്‍ തീരുമാനിച്ചിട്ടുള്ളത്.
പുതുക്കിയ പരീക്ഷാ തീയതി പിന്നീട്
അറിയിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മാര്‍ച്ച് അഞ്ചിന് ആരംഭിക്കുന്ന എസ്എസ്എല്‍സി പരീക്ഷ 30-ന് അവസാനിക്കും. 2026 പരീക്ഷയ്ക്ക് കേരളത്തില്‍ 3031 പരീക്ഷാകേന്ദ്രങ്ങളിലായി നാല് ലക്ഷത്തിപതിനേഴായിരത്തി നാനൂറ്റി തൊണ്ണൂറ്റി ഏഴ് (4,17,497) കുട്ടികളും, ഗള്‍ഫ്മേഖലയില്‍ 7പരീക്ഷാകേന്ദ്രങ്ങളിലായി 633 കുട്ടികളും, ലക്ഷദ്വീപില്‍ 9 പരീക്ഷാകേന്ദ്രങ്ങളിലായി മുന്നൂറ്റി എണ്‍പത്തിയാറ് കുട്ടികളും 2026 മാര്‍ച്ചിലെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഗള്‍ഫ് മേഖലയിലെ പരീക്ഷ

യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ഗള്‍ഫ് മേഖലയിലെ പരീക്ഷാ നടത്തിപ്പ് പ്രതിസന്ധിയാണ്. ഗള്‍ഫിലും കേരളത്തിലുമായി ചില വിദ്യാര്‍ത്ഥികള്‍ പരീക്ഷ സെന്ററുകളില്‍ എത്തിച്ചേരാന്‍ ആകാതെ പരീക്ഷ എഴുതാന്‍ കഴിയില്ല എന്ന ആശങ്കയില്‍ കഴിയുകയാണ് എന്ന് മനസ്സിലാക്കുന്നു. പരീക്ഷ എഴുതാന്‍ കഴിയാത്ത കുട്ടികള്‍ എത്രയും പെട്ടെന്ന് പ്രഥമാധ്യാപകര്‍/പ്രിന്‍സിപ്പല്‍ വഴി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് അപേക്ഷ നല്‍കേണ്ടതാണ്. അപേക്ഷയുടെ മെറിറ്റ് പരിശോധിച്ച് അനുകൂലമായ തീരുമാനം പൊതുവിദ്യാഭ്യാസ വകുപ്പ് കൈക്കൊള്ളുമെന്ന് മന്ത്രി അറിയിച്ചു.

ഉത്തരക്കടലാസ്സ് വിതരണം

എസ്.എസ്.എല്‍.സി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി, ഹയര്‍സെക്കന്ററി പരീക്ഷകള്‍ക്ക് ആവശ്യമായ ഉത്തരക്കടലാസ്സുകളുടെ വിതരണം 41 ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലെ സ്‌കൂളുകളിലും ഈ ആഴ്ച പൂര്‍ത്തീകരിച്ചിട്ടുണ്ട്.

എസ്.എസ്.എല്‍.സി 2026 പരീക്ഷയ്ക്ക് ആവശ്യമായ ചോദ്യപേപ്പര്‍ നിര്‍മ്മാണം, പ്രിന്റിങ് വിതരണം

ചോദ്യപേപ്പര്‍ 41 ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലും എത്തിയിട്ടുണ്ട്. സോര്‍ട്ടിംഗ് പൂര്‍ത്തിയാക്കി ബാങ്ക്/ട്രഷറി എന്നിവയുടെ സേഫ് ലോക്കറിലേക്ക് മാറ്റി. ആവശ്യമായ ചീഫ്സൂപ്രണ്ട്, ഡെപ്യൂട്ടി ചീഫ്സൂപ്രണ്ട് എന്നിവരുടെ നിയമനം പൂര്‍ത്തീകരിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ഇരുപത്തി ആറായിരത്തോളം അധ്യാപകരാണ് എസ്.എസ്.എല്‍.സി പരീക്ഷയുടെ ഇന്‍വിജിലേഷന്‍ ജോലി നിര്‍വ്വഹിക്കുന്നത്. ഉത്തരക്കടലാസ്സ് മൂല്യനിര്‍ണയവുമായി ബന്ധപ്പെട്ട് ഏകദേശം തൊള്ളായിരത്തി 50 അഡീഷണല്‍ ചീഫ് എക്സാമിനര്‍മാരെയും 9000 എക്സാമിനര്‍മാരെയും 72 ക്യാമ്പുകളിലായി നിയമിക്കുന്നതിനായി അപേക്ഷകള്‍ സ്വീകരിച്ചിട്ടുണ്ട്. പ്രസ്തുത അധ്യാപകര്‍ക്ക് മാര്‍ച്ച് രണ്ടാം വാരത്തില്‍ തന്നെ നിയമന ഉത്തരവ് നല്‍കുന്നതാണ്.മൂല്യനിര്‍ണയ ക്യാമ്പുകള്‍ ഏപ്രില്‍ 7 ന് ആരംഭിച്ച് ഏപ്രില്‍ 28 ന് പൂര്‍ത്തീകരിക്കും. 2026 മെയ് മൂന്നാംവാരത്തിനുള്ളില്‍ എസ്.എസ്.എല്‍.സി പരീക്ഷകളുടെ ഫലപ്രഖ്യാപനം നടത്തുന്നതാണ്.

പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള ഓണ്‍ലൈന്‍ അപേക്ഷ

എസ് എസ് എല്‍ സി പരീക്ഷാ റിസള്‍ട്ട് പ്രസിദ്ധീകരിച്ച് തൊട്ടടുത്ത ദിവസം മുതല്‍ 2026-27 അധ്യയന വര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്.

മുന്‍ വര്‍ഷത്തെ പോലെ സീറ്റുകള്‍ പ്രവേശനത്തിന് ലഭ്യമാകുന്നതാണ്. മുഖ്യ ഘട്ടത്തിലെ മൂന്ന് അലോട്ട്‌മെന്റുകളിലൂടെ ഭൂരിഭാഗം സീറ്റുകളില്‍ പ്രവേശനം ഉറപ്പാക്കി പ്ലസ് വണ്‍ ക്ലാസ്സുകള്‍ ആരംഭിക്കുന്നതാണ്. മുന്‍ വര്‍ഷം ക്ലാസ്സുകള്‍ ആരംഭിച്ചത് ജൂണ്‍ 18 ന് ആയിരുന്നു. മുഖ്യ ഘട്ടം കഴിഞ്ഞാല്‍ പുതിയ അപേക്ഷകള്‍ ക്ഷണിച്ച്‌സപ്ലിമെന്ററി അലോട്ട്‌മെന്റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകള്‍ നികത്തി സമയബന്ധിതമായി പ്രവേശന നടപടികള്‍ അവസാനിപ്പിക്കുന്നതായിരിക്കും.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക