24
Mar 2025
Sun
24 Mar 2025 Sun
one killed in Kuwait in drone attack against airport

കുവൈത്ത് സിറ്റി: ഇന്ത്യക്കാര്‍ ഉള്‍പ്പെടെ പ്രവാസികള്‍ക്ക് വന്‍തിരിച്ചടിയാവുന്ന നയം പ്രഖ്യാപിച്ച് കുവൈത്ത്. (Kuwaitisation: Expatriates in Kuwait suffer major setback) സ്വദേശികളായ ജീവനക്കാര്‍ ലഭ്യമാവുന്ന സര്‍ക്കാര്‍ ജോലികളില്‍ നിന്ന് പ്രവാസികളെ ഉടന്‍ പിരിച്ചുവിടാനാണ് കുവൈത്തിന്റെ തീരുമാനം. ഇതു പ്രകാരം ഇവരുമായുള്ള തൊഴില്‍ കരാര്‍ ഈ മാസം മുതല്‍ പുതുക്കുകയില്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പുതിയ നിയമം എല്ലാ സര്‍ക്കാര്‍ ഏജന്‍സികളിലും കര്‍ശനമായി നടപ്പാക്കാനാണ് നിര്‍ദേശം. സര്‍ക്കാര്‍ ജോലികളില്‍ നിന്നും പ്രവാസികളെ ഒഴിവാക്കി ഇത്തരം ജോലികള്‍ സ്വദേശികള്‍ക്ക് നല്‍കണമെന്ന് സിവില്‍ സര്‍വീസ് കമ്മീഷന്‍ നേരത്തെ നിര്‍ദേശം മുന്നോട്ടുവച്ചിരുന്നെങ്കിലും ചില കാരണങ്ങളാല്‍ അവ പൂര്‍ണ്ണമായും നടപ്പാക്കാന്‍ കഴിഞ്ഞിരുന്നില്ല.

അനുഭവസമ്പത്തുള്ള പ്രവാസി ജീവനക്കാരെ ഒഴിവാക്കുന്നത് തൊഴില്‍ മേഖലകളെ പ്രതികൂലമായും മോശമായും ബാധിക്കും എന്നത് ഉള്‍പ്പെടെയുള്ള കാരണങ്ങളെ തുടര്‍ന്നായിരുന്നു ഇത്.
എന്നാല്‍, അത് കാര്യമാക്കേണ്ടതില്ലെന്നും സ്വദേശികള്‍ ലഭ്യമായ എല്ലാ ജോലികളിലും സ്വദേശികള്‍ക്കും മാത്രം നിയമനം അനുവദിക്കണമെന്നുമാണ് പുതിയ നിര്‍ദ്ദേശം.

കുവൈത്ത് വല്‍ക്കരണം എന്ന പേരില്‍ നടപ്പിലാക്കിവരുന്ന തൊഴില്‍ നയത്തിന്റെ ഭാഗമായി ഘട്ടം ഘട്ടമായി നിരവധി പ്രവാസികളെ ഒഴിവാക്കാന്‍ സര്‍വീസ് കമ്മീഷന്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഇപ്രകാരം ഓരോ തൊഴില്‍ മേഖലക്കും സ്വദേശിവല്‍ക്കരണ നിരക്കുകള്‍ നിശ്ചയിച്ചിരുന്നു.

ഒരുവശത്ത് തൊഴില്‍ സന്തുലിതാവസ്ഥ ഉറപ്പാക്കുകയും മറുവശത്ത് തൊഴില്‍ ശക്തിയില്‍ കുവൈത്ത് പൗരന്മാരുടെ ഇടപെടലും എണ്ണവും വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഘട്ടം ഘട്ടമായുള്ള സ്വദേശിവല്‍ക്കരണ നയം അധികാരികള്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്നത്.

പുതിയ നയം നടപ്പിലാക്കുന്നതോടെ നിരവധി മലയാളികള്‍ക്ക് സര്‍ക്കാര്‍ മേഖലയിലെ ജോലി നഷ്ടമാകാന്‍ ഇടയുണ്ട്.