05
Sep 2024
Thu
05 Sep 2024 Thu
What is the legal aspect of putting sheets in front of house

വെയിലില്‍ നിന്നും മഴയില്‍ നിന്നും സംരക്ഷണം നല്‍കുന്നതിനായി വശങ്ങളില്‍ തുറന്ന നിലയില്‍ വീടുകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും മുന്‍പില്‍ ഷീറ്റ് ഇടുന്നത് പതിവാണ്. നിര്‍മാണത്തിലും പ്ലാനിലും ഇവ രേഖപ്പെടുത്താറില്ലെങ്കിലും ഇതിന്റെ നിയമവശം പലരും ചോദിക്കാറുണ്ട്. എന്നാല്‍ പഞ്ചായത്ത്, മുനിസിപ്പാലിറ്റി ചട്ടമനുസരിച്ച് ഇത് പ്രത്യേക നിര്‍മ്മിതിയായി കണക്കാക്കില്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നിബന്ധനകള്‍ക്ക് വിധേയമായിട്ടാണ് ഈ ഇളവ് അനുവദിക്കുക. ഇത് സംബന്ധിച്ച ഭേദഗതി കെട്ടിട നിര്‍മ്മാണ ചട്ടം 23(1), 2 (BF) യില്‍ വരും. സ്ഥാപിക്കുന്ന ഷീറ്റ് റോഡിലേക്ക് കയറി നില്‍ക്കുന്നത് പോലെയുള്ള നിയമലംഘനങ്ങള്‍ ഉണ്ടാക്കുന്നില്ലെന്ന് ഉറപ്പുവരുത്തിയാകും ഈ ഇളവ് നല്‍കുന്നത്.
ഇത്തരം നിര്‍മ്മിതിയെ ചട്ടത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയാകും ഭേദഗതി നടപ്പാക്കുക.

പിലിക്കോട് ഗ്രാമ പഞ്ചായത്തിലെ ചൂരിക്കൊവ്വലിലെ വി.പി ജ്യോതിയുടെ പരാതി പരിഗണിച്ചാണ് കാസര്‍ഗോഡ് ജില്ലാ അദാലത്തില്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് ചട്ട ഭേദഗതിക്ക് നിര്‍ദ്ദേശിച്ചത്. നിബന്ധനകള്‍ക്ക് വിധേയമായി സംസ്ഥാനത്തെങ്ങും ഈ തീരുമാനം ബാധകമാക്കും.

ജ്യോതിയുടെ ഉടമസ്ഥതയിലുള്ള വാണിജ്യ കെട്ടിടത്തിന്റെ മുന്‍വശത്ത് ഓപ്പണ്‍ സ്‌പേസില്‍ ഷീറ്റ് നിര്‍മിച്ചത് അനധികൃതമാണെന്ന് കാണിച്ച് പൊളിച്ച് മാറ്റാന്‍ പഞ്ചായത്ത് നടപടി സ്വീകരിച്ചു വരികയായിരുന്നു. തുടര്‍ന്നാണ് ജ്യോതി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷിന്റെ നേതൃത്തില്‍ ജില്ലയില്‍ നടക്കുന്ന തദ്ദേശ അദാലത്തില്‍ പരാതി നല്‍കിയത്.

ജ്യോതിയുടെ പരാതി പരിശോധിച്ചതിന് പിന്നാലെ , ഓപ്പണ്‍ സ്‌പേസില്‍ നിര്‍മിച്ച ഷീറ്റ് റോഡിലേക്ക് കടന്നു നില്‍ക്കാത്തതിനാലും മൂന്ന് വശവും തുറന്നതും ഭിത്തിയോ നിലമോ നിര്‍മിക്കാത്ത താല്കാലിക നിര്‍മിതിയാണെന്ന് ബോധ്യപ്പെട്ടതിനാലും നിബന്ധനകള്‍ക്ക് വിധേയമായി ഇളവ് നല്‍കാന്‍ തീരുമാനിച്ചു.

സംസ്ഥാനത്താകെ ലക്ഷക്കണക്കിന് പേര്‍ക്ക് ഗുണകരമാവുന്ന തീരുമാനമാണ് കാസര്‍ഗോഡ് തദ്ദേശ അദാലത്തില്‍ സ്വീകരിച്ചിരിക്കുന്നത്.

 

എല്ലാത്തരം കെട്ടിടം നിര്‍മ്മിക്കുന്നതിനും Permit ആവശ്യമാണോ ?

2019 ലെ കെ.എം. ബി. ആര്‍, കെ.പി. ബി.ആര്‍ ചട്ടം 4 [1] പ്രകാരം ഏതൊരു കെട്ടിടം നിര്‍മ്മിക്കുന്നതിനും പുനര്‍നിര്‍മ്മിക്കുന്നതിനും കൂട്ടിച്ചേര്‍ക്കുന്നതിനും വിപുലീകരിക്കുന്നതിനും മാറ്റം വരൂക്കൂന്നതിനും നിലവിലെ കെട്ടിടത്തിന്റെ വിനിയോഗം മാറ്റുന്നതിനും പ്ലോട്ട് തിരിച്ചുള്ള ഏതൊരു ഭൂവികസനത്തിനും, പുനര്‍ വികസനത്തിനും പഞ്ചായത്ത് / മുനിസിപ്പാലിറ്റി സെക്രട്ടറിയുടെ അനുമതി ലഭ്യമാക്കേണ്ടതാണ്.

എന്നാല്‍ ചട്ടം 7 ല്‍ പ്രതിപാദിക്കുന്ന കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ചില operational നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും ചട്ടം 8 ല്‍ പ്രതിപാദിക്കുന്ന കട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട ചില ജോലികള്‍ക്കും, ചട്ടം 67 ല്‍ പ്രതിപാദിക്കുന്ന ചില അനുബന്ധ കെട്ടിടങ്ങള്‍ക്കും ഷെഡ്ഡുകള്‍ക്കും കെ.പി.ബി. ആര്‍. ചട്ടം 3 പ്രകാരം കുടിലുകള്‍ക്കും , Category II പഞ്ചായത്തുകളില്‍ ഉള്‍പ്പെടുന്ന 100 ച.മീ. വരെ ബില്‍റ്റ് അപ്പ് ഏരിയയുള്ള ഏക കുടുംബ വാസഗൃഹങ്ങള്‍ക്കും കെട്ടിടനിര്‍മ്മാണ ചട്ട പ്രകാരമൂള്ള അനുമതി ആവശ്യമില്ല. എന്നാല്‍ ഇവ കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ക്കു വിധേയമായിരിക്കണം.
കൂടാതെ, ചട്ടം 5 (3) പ്രകാരം സര്‍ക്കാര്‍ (State Government or Cetnral Government) കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിന് പെര്‍മിറ്റ് ലഭ്യമാക്കേണ്ടതില്ല. എന്നാല്‍, പ്രസ്തുത നിര്‍മ്മാണം കട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ , ടി പ്രദേശത്ത് നിലവിലുള്ള നഗരാസൂത്രണ പദ്ധതികളിലെ വ്യവസ്ഥകള്‍ എന്നിവ പാലിക്കുന്നുണ്ടെന്നുള്ള ചീഫ് ആര്‍ക്കിടെക്റ്റിന്റെയോ അല്ലെങ്കില്‍ ടി നിര്‍മ്മാണത്തിന്റെ ചുമതലയുള്ള എഞ്ചീനീയറിന്റെയോ സാക്ഷ്യപത്രം, വിഭാവിത കെട്ടിടത്തിന്റെ ഒരു സെറ്റ് drawings, ആവശ്യമുള്ള മറ്റു വിവരങ്ങള്‍ എന്നിവ സഹിതം നിര്‍മ്മാണം തുടങ്ങുന്നതിന് 30 ദിവസം മുമ്പ് ചുമതലപ്പെട്ട ഉദ്യോഗസ്ഥന്‍ സെക്രട്ടറിക്ക് സമര്‍പ്പിക്കേണ്ടതാണ്.

 

legal aspect of putting sheets in front of house

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക