17
Jun 2026
Wed
17 Jun 2026 Wed
messi cries

ന്യൂയോര്‍ക്ക്: ലോകകപ്പില്‍ അള്‍ജീരിയക്കെതിരായ ആദ്യ മത്സരത്തില്‍ ഹാട്രിക് ഗോളുകളുമായി അര്‍ജന്റീനയെ വിജയത്തിലേക്ക് നയിച്ചതിന് പിന്നാലെ വികാരാധീനനായി പൊട്ടിക്കരഞ്ഞ് ക്യാപ്റ്റന്‍ ലയണല്‍ മെസ്സി. മത്സരത്തില്‍ തന്റെ ആദ്യ ഗോള്‍ നേടിയതിന് ശേഷമാണ് താരം കണ്ണീരണിഞ്ഞത്. മത്സരത്തില്‍ തന്റെ കരിയറിലെ ആദ്യ ലോകകപ്പ് ഹാട്രിക് തികച്ച മെസ്സി, ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ മിറോസ്ലാവ് ക്ലോസെയുടെ റെക്കോര്‍ഡിനൊപ്പവും എത്തിയിരുന്നു. മൈതാനത്ത് മെസ്സിയുടെ തകര്‍പ്പന്‍ പ്രകടനം കണ്ട് ആരാധകര്‍ ആവേശത്തിലായെങ്കിലും, ആദ്യ ഗോളിന് ശേഷമുള്ള താരത്തിന്റെ ഈ കരച്ചില്‍ പലരെയും അത്ഭുതപ്പെടുത്തിയിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മത്സരത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ തന്റെ കരച്ചിലിന് പിന്നിലെ കാരണം മെസ്സി തന്നെ വെളിപ്പെടുത്തി. ലോകകപ്പിന് മുന്നോടിയായുള്ള ദിവസങ്ങളില്‍ താന്‍ വ്യക്തിപരമായി കടുത്ത ചില പ്രതിസന്ധികളിലൂടെയാണ് കടന്നുപോയതെന്നും തന്റെ ഈ വികാരപ്രകടനത്തിന് ഫുട്‌ബോളുമായി യാതൊരു ബന്ധവുമില്ലെന്നും 38 കാരനായ മെസ്സി വ്യക്തമാക്കി.

‘ഇതിന് ഫുട്‌ബോളുമായി യാതൊരു ബന്ധവുമില്ല, കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഞാന്‍ കടുത്ത ചില സാഹചര്യങ്ങളിലൂടെയാണ് കടന്നുപോയത്. കായികരംഗവുമായി തികച്ചും ബന്ധമില്ലാത്ത ചില കാര്യങ്ങളായിരുന്നു അത്; വളരെ സങ്കീര്‍ണ്ണമായ ദിവസങ്ങളായിരുന്നു കടന്നുപോയത്,’ മെസ്സി പറഞ്ഞു.

ALSO READ: മെസ്സി…മെസ്സി…മെസ്സി; മിശിഹയ്ക്ക് ആ റെക്കോഡ് ഒരു ഗോള്‍ അകലെ; ലോകകപ്പില്‍ അര്‍ജന്റീനയ്ക്ക് വിജയത്തുടക്കം

താന്‍ നേരിട്ട പ്രതിസന്ധികളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പങ്കുവെക്കാന്‍ താരം തയ്യാറായില്ലെങ്കിലും, ഈ കഠിനമായ സമയത്ത് തനിക്ക് വലിയ പിന്തുണ നല്‍കിയ സഹതാരങ്ങള്‍ക്കും അര്‍ജന്റീനന്‍ മാനേജ്മെന്റിനും മെസ്സി നന്ദി രേഖപ്പെടുത്തി. ‘ഞങ്ങളുടെ ടീമിലെ എല്ലാവരോടും എനിക്ക് വലിയ നന്ദിയുണ്ട്. ഞാന്‍ മാനസികമായി മികച്ച നിലയിലാണെന്ന് ഉറപ്പുവരുത്താന്‍ അവര്‍ ഒരുപാട് ശ്രമിച്ചിട്ടുണ്ട്,’ താരം കൂട്ടിച്ചേര്‍ത്തു.

തന്റെ കരിയറിലെ ഇപ്പോഴത്തെ ഘട്ടത്തെക്കുറിച്ചും മെസ്സി മനസ്സ് തുറന്നു. വര്‍ഷങ്ങളായി താന്‍ നേടിയെടുത്ത വിജയങ്ങള്‍ക്കും അനുഭവങ്ങള്‍ക്കും മുകളിലുള്ള ‘ചെറി ഓണ്‍ ടോപ്പ്’ (ഏറ്റവും മനോഹരമായ നിമിഷം) എന്നാണ് ഈ ഘട്ടത്തെ താരം വിശേഷിപ്പിച്ചത്. ‘എന്റെ ജീവിതത്തില്‍ വന്ന എല്ലാ കാര്യങ്ങളെയും അതിജീവിച്ച് ഇവിടെ വരെ എത്താനായതില്‍ എനിക്ക് വലിയ സന്തോഷമുണ്ട്. ഇപ്പോള്‍ ഞാന്‍ അനുഭവിക്കുന്നത് കരിയറിലെ ഏറ്റവും സുവര്‍ണ്ണ നിമിഷമാണ്. ഈ മനോഹരമായ ടീമിനൊപ്പം ഉണ്ടായതില്‍ ഞാന്‍ ഏറെ സന്തുഷ്ടനാണ്, ഇത് ഞാന്‍ ഒരുപാട് ആസ്വദിക്കുന്നു,’ മെസ്സി പറഞ്ഞു.

അതേസമയം, ലോകകപ്പ് നിലനിര്‍ത്താനുള്ള പോരാട്ടത്തില്‍ അള്‍ജീരിയയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തുകൊണ്ട് തുടങ്ങിയ അര്‍ജന്റീനയുടെ പ്രകടനത്തെയും മെസ്സിയെയും പ്രശംസിക്കാന്‍ അര്‍ജന്റീനന്‍ പരിശീലകന്‍ ലയണല്‍ സ്‌കലോണിക്ക് വാക്കുകളില്ലായിരുന്നു. ‘മെസ്സിയെക്കുറിച്ച് പറയാന്‍ എനിക്ക് വാക്കുകളില്ല. ഞാന്‍ ഇനി എന്താണ് പറയേണ്ടത്? അവന്‍ അവിശ്വസനീയമായ ഒരു പ്രതിഭയാണ്,’ സ്‌കലോണി വ്യക്തമാക്കി.

Lionel Messi Admits He Cried After Argentina’s Opener Against Algeria