കെ.സുധാകരന്‍ മത്സരിക്കുന്നില്ലെങ്കില്‍ കണ്ണൂര്‍ സീറ്റ് മുസ്ലിം ലീഗ് ആവശ്യപ്പെടും; ലീഗിന്റെ പ്ലാന്‍ ഇങ്ങനെ
|
കണ്ണൂര്‍: അടുത്തവര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മൂന്നാംസീറ്റിനായുള്ള ആവശ്യം ശക്തമായി ഉന്നയിക്കാന്‍ മുസ്ലിംലീഗ്. വയനാട് അല്ലെങ്കില്‍ കണ്ണൂര്‍ എന്ന ഒപ്ഷനാണ് ലീഗിന് മുന്നിലുള്ളത്. ഇതില്‍ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ കണ്ണൂരില്‍ വീണ്ടും മത്സരിക്കുന്നില്ലെങ്കില്‍ ഈ സീറ്റ് ആവശ്യപ്പെടാന്‍ ലീഗില്‍ തീരുമാനമായി.
ലീഗ് കണ്ണൂര്‍ ജില്ലാ ഭാരവാഹി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. യോഗത്തില്‍ അഴീക്കോട് മണ്ഡലം ജനറല്‍ സെക്രട്ടറി സി പി.റഷീദ് മുന്നോട്ട് വച്ച അഭിപ്രായത്തെ ജില്ലാ ഭാരവാഹികള്‍ പിന്തുണക്കുകയായിരുന്നു. ജില്ലാ കമ്മറ്റിയുടെ നിര്‍ദ്ദേശം സംസ്ഥാന കമ്മറ്റി വഴി യു.ഡി.എഫ് യോഗത്തില്‍ അറിയിക്കാനാണ് ലീഗിന്റെ തീരുമാനം. കെ.പി.സി.സി പ്രസിഡന്റായതിനാല്‍ മത്സരരംഗത്ത് നിന്ന് മാറി നില്‍ക്കാന്‍ അനുവദിക്കണമെന്ന് സുധാകരന്റെ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അങ്ങനെ സുധാകരന്‍ മാറി നില്‍ക്കുകയാണെങ്കില്‍ ആ സീറ്റ് ആവശ്യപ്പെടണമെന്നാണ് ലീഗിനുള്ളിലെ പൊതുവികാരം.
തളിപ്പറമ്പ്, ഇരിക്കൂര്‍, അഴീക്കോട്, കണ്ണൂര്‍, ധര്‍മ്മടം, മട്ടന്നൂര്‍, പേരാവൂര്‍ എന്നീ നിയമസഭ മണ്ഡലങ്ങള്‍ ചേര്‍ന്നതാണ് കണ്ണൂര്‍ ലോകസഭ. ഇതില്‍ ലീഗിന്റെ സീറ്റായിരുന്ന അഴീക്കോട് കഴിഞ്ഞ തവണ സി.പി.എം അട്ടിമറി വിജയം നേടിയിരുന്നു. അതിനാല്‍ കണ്ണൂരില്‍ നിന്ന് ഏതെങ്കിലും സഭയിലേക്കുള്ള പ്രാതിനിധ്യം ലീഗ് ആഗ്രഹിക്കുന്നുണ്ട്.
ലീഗിന് മൂന്നാമതൊരു സീറ്റിന് കൂടി അര്‍ഹതയുണ്ടെന്ന് കഴിഞ്ഞദിവസം കെ.മുരളീധരന്‍ എം.പി അഭിപ്രായപ്പെട്ടിരുന്നു. കോണ്‍ഗ്രസിനകത്ത് തന്നെ ലീഗിനനുകൂലമായ വികാരം ഉണ്ടാകുമ്പോള്‍ കണ്ണൂര്‍ സീറ്റിനായി ആഞ്ഞുപിടിക്കാനുള്ള ശ്രമത്തിലാണ് ലീഗ്. നിലവില്‍ മലപ്പുറം, പൊന്നാനി ലോക്‌സഭ മണ്ഡലങ്ങളിലാണ് ലീഗ് മത്സരിക്കുന്നത്.
അതേസമയം, കണ്ണൂര്‍ സീറ്റ് ആവശ്യപ്പെട്ട് എ ഗ്രൂപ്പും രംഗത്തെത്തിയിട്ടുണ്ട്. മുഹമ്മദ് ബ്ലാത്തൂരിനെ കണ്ണൂരില്‍ മത്സരിപ്പിക്കണമെന്നാണ് എ ഗ്രൂപ്പിന്റെ ആവശ്യം. അതേസമയം, കെപിസിസി ജനറല്‍ സെക്രട്ടറി കെ.ജയന്തിനെ മത്സരിപ്പിക്കാനാണ് സുധാകരന്റെ നീക്കം.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





