23
Feb 2023
Mon
23 Feb 2023 Mon

ജിദ്ദ: കുട്ടികളില്‍ വിജ്ഞാനത്തോടൊപ്പം മൂല്യബോധവും സര്‍ഗാത്മകതയും സാമൂഹികാവബോധവും വളര്‍ത്തിയെടുക്കുവാനായി രൂപം നല്‍കിയ കൂട്ടായ്മയാണ് മലര്‍വാടി ബാലസംഘം. കെ.ജി മുതല്‍ ഏഴു വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളാണ് മലര്‍വാടി ബാലസംഘത്തില്‍ അംഗങ്ങളാവുന്നത്. നേരത്തെ മലര്‍വാടി മാസികയുടെ കീഴിൽ പ്രവർത്തിച്ചിരുന്ന കുട്ടികളുടെ കൂട്ടായ്മയാണ് 2003 ൽ കേരളത്തില്‍ മലര്‍വാടി ബാലസംഘം എന്ന പേരിൽ ഒരു സംഘടനയായി പ്രവർത്തനം ആരംഭിച്ചത്. കുട്ടികൾക്കിടയിൽ നിരന്തരം വിവിധ പരിപാടികളുമായി സജീവമാണ് കേരളത്തിൽ മലര്‍വാടി ബാലസംഘം. വേനലവധിക്കാലം കുട്ടികള്‍ക്ക് കൂട്ടുചേരാനും ഉല്ലാസപ്രദമാക്കാനും എല്ലാ വര്‍ഷവും ഒരുമയുടെ പുഞ്ചിരി എന്ന പേരില്‍ ബാലോത്സവം, സംസ്ഥാനത്തെ എല്‍.പി – യു.പി ,ഹൈസ്‌കൂള്‍ കുട്ടികള്‍ക്കായി എല്ലാ വര്‍ഷവും വിജ്ഞാനോല്‍സവം, കുട്ടികളില്‍ പാരിസ്ഥിതിക ബോധം ജനിപ്പിക്കുക, അവരുടെ കര്‍മ്മശേഷി ക്രിയാത്മകമായി വിനിയോഗിക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമായി ജൂലൈ മാസത്തില്‍ ‘ഒരു കൈ ഒരു തൈ’ മരം നടീല്‍ കാമ്പയിന്‍, സംസ്ഥാനതല ബാലചിത്രരചനാ മത്സരം, ചെറിയ പ്രായത്തില്‍ തന്നെ സാമൂഹികാവബോധം സൃഷ്ടിക്കുക എന്ന അടിസ്ഥാനത്തിൽ മലര്‍വാടി ‘ചങ്ങാതിക്കൊരു വീട്’ പദ്ധതി, വിദ്യാര്‍ഥികളില്‍ ‘ചില്‍ഡ്രന്‍ @ സ്റ്റേജ്’ എന്ന പേരില്‍ സംഘടിപ്പിക്കുന്ന നാടക മത്സരം, കുട്ടികളില്‍ നന്‍മയും കാരുണ്യവും മൂല്യബോധവും വളര്‍ത്തുന്ന ആകര്‍ഷകമായ ഗാനങ്ങളും കവിതകളും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഓഡിയോ / ദൃശ്യ ആൽബ നിർമാണം, ഷോർട് ഫിലിം നിർമാണം തുടങ്ങിയവ കേരളത്തിൽ മലർവാടി ബാലസംഘത്തിന് കീഴിൽ നടക്കുന്ന പരിപാടികളാണ്. വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ രക്ഷിതാക്കള്‍ക്കായി വിവിധ രീതിയിലുള്ള പാരന്റിംഗ് പരിപാടികളും നടത്തി വരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കേരളത്തിലെ മലര്‍വാടി ബാലസംഘത്തിന്റെ അതെ രീതിയിൽ ഗൾഫ് നാടുകളിലും കുട്ടികൾക്കിടയിൽ സംഘടന പ്രവർത്തിക്കുന്നു. ഗൾഫിലെ സാഹചര്യങ്ങൾക്കനുസൃതമായ രീതിയിൽ സംഘടനക്ക് കീഴിൽ നിരവധി പരിപാടികൾ നിരന്തരം സംഘടിപ്പിച്ചുവരുന്നു. മുകളിൽ കേരളത്തിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന എല്ലാ പരിപാടികളും ഒരു പരിധിവരെ ഗൾഫ് നാടുകളിലും നടപ്പാക്കാൻ ഇതിനോടകം മലർവാടി കൂട്ടായ്മക്ക് സാധിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായിട്ടാണ് മലർവാടി ബാലസംഘം ജിദ്ദ സൗത്ത് സോൺ സംഘടിപ്പിക്കുന്ന ‘ബാലോത്സവം 2023’ ഫെബ്രുവരി 10 ന് വെള്ളിയാഴ്ച്ച നടക്കുന്നത്. അക്കാദമിക് വിഷയങ്ങളിലും ഐടി ഉപകരണങ്ങളിലും മാത്രം തളച്ചിടുന്ന പ്രവാസി ബാല്യങ്ങള്‍ക്ക് അവരുടെ കലാ കായിക സര്‍ഗ്ഗാത്മക കഴിവുകള്‍ പരസ്പരം മത്സരിക്കാതെ കണ്ടെത്തുകയും തിരിച്ചറിയുകയും പരിപോഷിപ്പിക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് ബാലോത്സവം സംഘടിപ്പിക്കുന്നത്. ‘ഒരുമിക്കാം ഒത്തുകളിക്കാം’ എന്ന പേരിൽ ഉച്ചക്ക് രണ്ട് മുതൽ ജിദ്ദ അശുരൂഖിലെ ദുർറ വില്ലയിൽ വെച്ച് നടക്കുന്ന ബാലോത്സവത്തിൽ കുട്ടികൾക്ക് അറിവും വിനോദവും പകർന്ന് നൽകുന്ന 40 ഓളം വിവിധ ഗെയിംസ് ഇനങ്ങൾ ഉണ്ടായിരിക്കും. ഏകദേശം 300 ഓളം കുട്ടികൾ പങ്കെടുക്കുന്ന ബാലോത്സവത്തിൽ കെ.ജി മുതൽ ഏഴ് വരെ ക്ളാസുകളിൽ പഠിക്കുന്ന കുട്ടികളാണ് പങ്കെടുക്കുക.

രണ്ടര മണിക്കൂര്‍ സമയപരിധിയില്‍ പരമാവധി കൗണ്ടറുകളില്‍ മത്സരിക്കുകയും പരമാവധി സ്കോര്‍ നേടിയെടുക്കുകയും ചെയ്യുകയെന്നതാണ് പ്രധാനം. ഓരോ കാറ്റഗറിയിലും എറ്റവും കൂടുതല്‍ സ്കോര്‍ നേടുന്ന കുട്ടികളെ കണ്ടെത്തി അവര്‍ക്ക് പ്രത്യേക സമ്മാനവും മത്സരത്തില്‍ പങ്കെടുത്ത് സ്കോര്‍ ചെയ്യുന്ന എല്ലാവര്‍ക്കും പ്രോത്സാഹന സമ്മാനവും എര്‍പ്പെടുത്തിയിട്ടുണ്ട്. കുട്ടികളോടൊപ്പമെത്തുന്ന രക്ഷിതാക്കൾക്ക് പ്രത്യേക പാരന്റിംഗ്‌ സെഷനും ഒരുക്കിയിട്ടുണ്ട്. വൈകിട്ട് 7 മണിക്ക് മലർവാടി അംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ അരങ്ങേറും.

ബാലോത്സവത്തില്‍ മികച്ച പ്രകടനം കാഴ്ച വെച്ചവർക്കുള്ള സമ്മാനദാനവും അതോടൊപ്പം നടക്കും. ബാലോത്സവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും 0559368442 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്

മലർവാടി അംഗങ്ങളായ അമീൻ അഹമ്മദ്,അയാൻ അബ്ദുൽമജീദ്,റൂഹി നജ്മുദ്ധീൻ,അദീന തൗഫീഖ്,റംസി ഷഫീഖ്. കെ.എം. അനീസ് (മലർവാടി ഉപരക്ഷാധികാരി)
നൗഷാദ് നിഡോളി ( പ്രോഗ്രാം കൺവീനർ മലർവാടി ബാലോത്സവം) എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു