27
Apr 2024
Wed
27 Apr 2024 Wed
Malayalees trolls flood in Dubai with movie dialogue

ചരിത്രത്തിലെ ഏറ്റവും വലിയ പേമാരിക്കും അതിനെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കവും യുഎഇയിലെ വിവിധ നഗരങ്ങളില്‍ ജനജീവിതം സ്തംഭിപ്പിക്കുകയുണ്ടായി. എന്നാല്‍ പ്രതികൂല കാലാവസ്ഥയെ മനസ്സറിഞ്ഞു ചിരിപ്പിക്കുന്ന ട്രോളുകള്‍ കൊണ്ട് കൊണ്ട് ആഘോഷമാക്കുകയാണ് മലയാളികള്‍.(Malayalees trolls flood in Dubai with movie dialogue)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തഗ്ഗുകളുടെ തമ്പുരാനെന്ന് ന്യൂജെന്‍ പിള്ളേര്‍ വിശേഷിപ്പിച്ച മണ്‍മറഞ്ഞ ഹാസ്യതാരം മാമുക്കോയ നാടോടിക്കാറ്റ് സിനിമയില്‍ മോഹന്‍ലാലും ശ്രീനിവാസനും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളായ ദാസനെയും വിജയനെയും ദുബൈ കടപ്പുറമാണെന്നു പറഞ്ഞ് കപ്പലില്‍ നിന്ന് ചെന്നൈ തീരത്ത് ഇറക്കിവിടുന്ന രംഗത്തിലെ സംഭാഷണം ഉള്‍പ്പെടുത്തിയാണ് വെള്ളപ്പൊക്ക വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

ഇനി വൈകണ്ട, നീന്താനുള്ള ട്രൗസറും കുപ്പായവും ഇട്ട് വേഗം ചാടിക്കോളീ ആ കാണുന്നതാണ് ദുബായ് എന്നാണ് സിനിമയിലെ മാമുക്കോയയുടെ കഥാപാത്രമായ ഗഫൂര്‍ കാ ദോസ്ത് ദാസനോടും വിജയനോടും പറയുന്നത്. ഈ രംഗത്തെ സംഭാഷണം ഉള്‍പ്പെടുത്തിയ വീഡിയോ പകര്‍ത്തിയിരിക്കുന്നത്് ഉള്ളില്‍ വെള്ളംകയറിയ ബസിലെ ഏതോ യാത്രികനാണ്. ബസ്സിലെ യാത്രികരെയും പുറംകാഴ്ചയുമൊക്കെ വീഡിയോയില്‍ മാറിമറിയുന്നുണ്ട്. എന്‍ജിന്‍ ഓഫായ വാഹനം ഏതാനും പേര്‍ പിന്നില്‍ നിന്ന് ഉന്തിക്കൊടുക്കുന്ന രംഗവും ഇതേ വീഡിയോയില്‍ കാണാനാവുന്നുണ്ട്.

അങ്ങനെ പടച്ചോന്റെ കൃപ കൊണ്ട് ഒരു തട്ടുംമുട്ടുമില്ലാതെ നമ്മള്‍ ദുബായ് കടപ്പുറത്തെത്തിയിട്ടുണ്ട്. പറ്റിയ നേരം, നേരം പരാപരാ വെളുക്കുന്നുണ്ട്. ഇനി വൈകണ്ടാ ചാടിക്കോളീ. നീന്താനുള്ള ട്രൗസറും കുപ്പായവുമിട്ട് വേഗം ചാടീക്കോളീ എന്ന് കുറച്ചുകൂടി ദൈര്‍ഘ്യമുള്ള സംഭാഷണമാണ് കാറിനുള്ളില്‍ നിന്ന് പകര്‍ത്തിയ ദൃശ്യത്തിലുള്‍പ്പെടുത്തിയിരിക്കുന്നത്.

മുമ്പൊക്കെ മഴ കാണാന്‍ കൊതിച്ച് പ്രവാസികള്‍ നാട്ടില്‍ വരുമായിരുന്നുവെന്നും ഇപ്പോള്‍ മഴ കാണാന്‍ നാട്ടുകാര്‍ ഗള്‍ഫിലെത്തേണ്ട ഗതികേടാണെന്ന ട്രോളുകളും ഇതിനിടെ പലയിടത്തും ഉയരുകയുണ്ടായി.
പലകപ്പുറത്തും തെര്‍മോക്കോള്‍ കഷ്ണങ്ങളിലും തുഴഞ്ഞ് വെള്ളത്തിലൂടെ നടക്കുന്ന യുവാക്കളെയുമൊക്കെ സമാന സംഭാഷണത്തിന്റെ അകമ്പടിയോടെയുള്ള മറ്റു വീഡിയോകളില്‍ കാണാം. വേനല്‍മഴ കിട്ടാതിരിക്കുന്നവരും കിട്ടിയ ഇടങ്ങളില്‍ പോലും ചൂട് ഒട്ടും കുറയാത്തതിനാല്‍ വെന്തുരുകുന്നവരും കുടിവെള്ളം കിട്ടാക്കനിയാവുന്നവരുമായ നാട്ടിലെ മലയാളികള്‍ക്ക് ഗള്‍ഫിലെ പേമാരിയും വെള്ളപ്പൊക്കവും നൊമ്പരം പകരുന്ന കാര്യം തന്നെയാണ്. എന്നാല്‍ അതിനിടയിലും പ്രളയത്തെ ഇത്തരം തമാശകളിലൂടെ മറികടക്കാനുള്ള ശ്രമങ്ങളെ അവരും ആസ്വദിക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്നതാണ് സാമൂഹിക മാധ്യമങ്ങളിലെ പ്രതികരണങ്ങള്‍.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക