02
Dec 2024
Wed
02 Dec 2024 Wed
Man Ends Life after wife s morphed photo circulated Over rs 2,000 Loan

രണ്ടായിരം രൂപ വായ്പയെടുത്ത യുവാവിന്റെ ഭാര്യയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് ലോണ്‍ ആപ്പുകാര്‍ പ്രചരിപ്പിച്ചു. ഇതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി. വിവാഹിതനായി കേവലം ആറാഴ്ച മാത്രം പിന്നിട്ടപ്പോഴായിരുന്നു യുവാവ് ജീവനൊടുക്കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്താണ് സംഭവം. 25കാരനായ നരേന്ദ്രയാണ് മരിച്ചത്. ഒക്ടോബര്‍ 28നായിരുന്നു നരേന്ദ്ര ഇതരജാതിക്കാരിയായ അഖിലയെ വിവാഹം കഴിച്ചത്. പ്രതികൂല കാലാവസ്ഥ മൂലം മല്‍സ്യത്തൊഴിലാളിയായ നരേന്ദ്രന് ഏതാനും ദിവസമായി ജോലിക്കു പോവാന്‍ കഴിഞ്ഞിരുന്നില്ല. സാമ്പത്തിക ബുദ്ധിമുട്ടുണ്ടായതോടെ നരേന്ദ്ര ലോണ്‍ ആപ്പില്‍ നിന്ന് 2000 രൂപ വായ്പയെടുത്തു. ഇതിനു പിന്നാലെ വായ്പാ തിരിച്ചടവ് ആവശ്യപ്പെട്ട് ലോണ്‍ ആപ്പ് ഏജന്റുമാരുടെ ശല്യപ്പെടുത്തല്‍ തുടങ്ങിയത്.

നരേന്ദ്രയുടെ ഭാര്യയുടെ ചിത്രം അശ്ലീല ഫോട്ടോകളുമായി സമന്വയിപ്പിച്ച് ലോണ്‍ ആപ്പുകാര്‍ നരേന്ദ്രയുടെ സുഹൃത്തുക്കള്‍ക്കും മറ്റും അയച്ചുനല്‍കുകയും ചെയ്തു. സെക്‌സിന് റേറ്റ് രേഖപ്പെടുത്തിയായിരുന്നു ഫോട്ടോ പ്രചരിപ്പിച്ചത്. അഖിലയുടെ ഫോണിലും ഈ ഫോട്ടോയെത്തിയതോടെ നരേന്ദ്ര ലോണ്‍ ആപ്പിന്റെ കാര്യം പറയുകയും പണം എങ്ങനെയെങ്കിലും തിരികെ അടയ്ക്കാന്‍ ഇരുവരും തീരുമാനിക്കുകയും. പണം തിരികെ നല്‍കിയിട്ടും പ്രശ്‌നം അവസാനിച്ചില്ല. ചിത്രങ്ങള്‍ ലഭിച്ചവര്‍ സെക്‌സിന് ബുക്ക് ചെയ്യാനായി ഫോണ്‍ വിളികള്‍ ആരംഭിച്ചതോടെ നരേന്ദ്രയ്ക്ക് ഇതു താങ്ങാനായില്ല. ഇതോടെ നരേന്ദ്ര ജീവനൊടുക്കുകയായിരുന്നു.

ലളിതമായ നടപടികളിലൂടെ അതിവേഗം വായ്പ ലഭിക്കുമെന്ന സൗകര്യം കണക്കിലെടുത്താണ് ആളുകള്‍ ലോണ്‍ ആപ്പുകളില്‍ നിന്ന് വായ്പയെടുക്കുന്നതെന്നും എന്നാല്‍ ഇതു പിന്നീട് ഊരാക്കുടുക്കുകളിലേക്കാണ് ഇവരെ എത്തിക്കുകയെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ലോണ്‍ ആപ്പുകാരുടെ ശല്യം മൂലം ആന്ധ്രയിലെ നന്ദ്യാല്‍ ജില്ലയില്‍ യുവതി ജീവനൊടുക്കാന്‍ ശ്രമിച്ചത് കഴിഞ്ഞയാഴ്ചയാണ്. തക്കസമയത്ത് പോലീസ് എത്തിയതുകൊണ്ടുമാത്രമാണ് യുവതിയെ രക്ഷിക്കാനായത്. ലോണ്‍ ആപ്പുകള്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്ന് ആന്ധ്ര ആഭ്യന്തരമന്ത്രി അനിത കഴിഞ്ഞമാസം നിയമസഭയില്‍ അറിയിച്ചിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക