മകളെ ലൈംഗികമായി പീഡിപ്പിച്ച ബന്ധുവിനെ നാട്ടിലെത്തി കൊന്നശേഷം പ്രവാസി കുവൈത്തിലേക്ക് മടങ്ങി. ആന്ധ്രാപ്രദേശുകാരനായ 35കാരന്‍ ആഞ്ജനേയ പ്രസാദാണ് തന്റെ മകളെ പീഡിപ്പിച്ച ബന്ധുവായ 59കാരന്‍ പി ആഞ്ജനേയുലുവിനെ ഇരുമ്പുവടിക്ക് തല്ലിക്കൊന്നത്.
|
കൃത്യശേഷം കുവൈത്തിലേക്ക് തിരികെ പോയ ആഞ്ജനേയ വീഡിയോ സന്ദേശത്തിലൂടെ കുറ്റസമ്മതം നടത്തുകയായിരുന്നു. മകളുടെ പരാതിയില്‍ പോലീസ് നടപടിയെടുക്കാന്‍ വിസമ്മതിച്ചതിനാലാണ് താന്‍ കൊലപാതകം നടത്തിയതെന്നും യുവാവ് ചൂണ്ടിക്കാട്ടി.
ഡിസംബര്‍ ആദ്യമാണ് ആഞ്ജനേയ പ്രസാദ് ആന്ധ്രയിലെ വീട്ടിലെത്തിയത്. ഡിസംബര്‍ 6നും 7നും ഇടയിലുള്ള രാത്രിയിലാണ് യുവാവ് വീടിനു പുറത്ത് കിടന്നുറങ്ങുകയായിരുന്ന ആഞ്ജനേയലുവിനെ അടിച്ചുകൊന്നത്. ആഞ്ജനേയയും ഭാര്യയും കുവൈത്തിലാണ് ജോലി ചെയ്യുന്നത്. ഇവരുടെ 12കാരിയായ മകള്‍ മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പം ആന്ധ്രയില്‍ ആണ് താമസിച്ചിരുന്നത്. ഇതിനു ശേഷം മകള്‍ അമ്മയുടെ സഹോദരിയുടെയും ഭര്‍ത്താവിന്റെയും വീട്ടിലേക്ക് താമസം മാറി. ഇവിടെ വച്ചാണ് അമ്മയുടെ സഹോദരിയുടെ ഭര്‍തൃപിതാവായ ആഞ്ജനേയലു ഉറങ്ങിക്കിടക്കവെ പെണ്‍കുട്ടിക്കെതിരേ ലൈംഗികാതിക്രമം നടത്തിയത്.
ഈ വിവരം പെണ്‍കുട്ടി മാതൃസഹോദരിയോട് പറഞ്ഞെങ്കിലും പുറത്തുപറയരുതെന്നായിരുന്നു ഇവര്‍ നിര്‍ദേശിച്ചത്. ഇതിനിടെ മകള്‍ അച്ഛനോട് തനിക്ക് നാട്ടില്‍ നില്‍ക്കാനാവില്ലെന്നും കുവൈത്തിലേക്ക് കൊണ്ടുപോവണമെന്നും ആവശ്യപ്പെടുകയും ഇവിടെയെത്തിയ ശേഷം നാട്ടിലുണ്ടായ സംഭവം അറിയിക്കുകയുമായിരുന്നു.
ഇതോടെ പോലീസില്‍ പരാതി നല്‍കിയെങ്കിലും ഒതുക്കിതീര്‍ക്കാനാണ് പോലീസ് ശ്രമിച്ചത്. ആഞ്ജനേയലുവിനെ കസ്റ്റഡിയിലെടുത്ത പോലീസ് താക്കീത് നല്‍കി വിട്ടയയ്ക്കുകയും ചെയ്തു. ഇതോടെയാണ് യുവാവ് കുവൈത്തില്‍ നിന്ന് നാട്ടില്‍ വന്ന ശേഷം കൊലപാതകം നടത്തി ജോലി സ്ഥലത്തേക്ക് മടങ്ങിയത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





