09
Sep 2023
Thu
09 Sep 2023 Thu

മണിപ്പൂര്‍ വീണ്ടും സംഘര്‍ഷഭരിതം, BJP ഓഫിസ് കത്തിച്ചു; ‘പ്രശ്‌ന ബാധിത’ മേഖലയായി പ്രഖ്യാപിച്ച് സര്‍ക്കാര്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇംഫാല്‍: ദിവസങ്ങളുടെ ശാന്തതയ്ക്ക് ശേഷം വീണ്ടും സംഘര്‍ഷഭരിതമായ മണിപ്പൂരില്‍ ബി.ജെ.പിയുടെ ഓഫിസ് മെയ്‌തെയ് വിഭാഗക്കാര്‍ കത്തിച്ചു. തൗബാലിലെ മണ്ഡലം കമ്മിറ്റി ഓഫിസാണ് കത്തിച്ചത്. കാണാതായ വിദ്യാര്‍ഥികളുടെ മൃതദേഹം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പ്രതിഷേധവുമായി മെയ്‌തെയ് വിഭാഗം രംഗത്തെത്തിയത്. മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ കല്ലേറ് നടത്തി. സുരക്ഷാ സേന കണ്ണീര്‍ വാതകം പ്രയോഗിക്കുകയായിരുന്നു. മുഖ്യമന്ത്രിയുമായും ഗവര്‍ണറുമായും കൂടിക്കാഴ്ചയ്ക്ക് അവസരമുണ്ടാക്കാമെന്ന് പൊലീസ് ഉറപ്പ് നല്‍കിയെങ്കിലും വിദ്യാര്‍ഥികള്‍ പ്രതിഷേധം തുടരുകയായിരുന്നു.

സംഘര്‍ഷങ്ങള്‍ വീണ്ടും രൂക്ഷമായ സാഹചര്യത്തില്‍ മണിപ്പൂരിനെ ‘പ്രശ്‌ന ബാധിത’ മേഖലയായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. 19 പ്രത്യേക പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള പ്രദേശങ്ങള്‍ ഒഴികെയുള്ള മണിപ്പൂരിലെ മുഴുവന്‍ പ്രദേശങ്ങളും സായുധ സേനയുടെ പ്രത്യേക അധികാര നിയമത്തിന് (AFSPA) കീഴില്‍ ‘പ്രശ്‌ന ബാധിത’ മേഖലയായി പ്രഖ്യാപിക്കുന്നതിനുള്ള വിജ്ഞാപനമാണ് സര്‍ക്കാര്‍ പുറത്തിറക്കിയത്.

ഇംഫാല്‍, ലാംഫെല്‍, സിറ്റി, സിങ്ജമേയ്, സെക്മായി, ലംസാംഗ്, പാറ്റ്‌സോയ്, വാംഗോയ്, പൊറോംപാട്ട്, ഹീന്‍ഗാങ്, ലാംലായ്, ഇറില്‍ബംഗ്, ലെയ്മഖോങ്, തൗബല്‍, ബിഷ്ണുപൂര്‍, നംബോള്‍, മൊയ്‌രാംഗ്, കാക്ചിംഗ്, ജിരിബം എന്നീ 19 പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ പ്രദേശങ്ങള്‍ ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

വിദ്യാര്‍ത്ഥികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ ഇംഫാലില്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതിഷേധറാലികള്‍ സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥികളുടെ മൃതദേഹത്തിന്റെ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ സംസ്ഥാനത്തെ ക്രമസമാധാന നില വീണ്ടും താളം തെറ്റിയ അവസ്ഥയിലാണ്. പ്രതിഷേധക്കാരും റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സുമായി നടന്ന ഏറ്റുമുട്ടലില്‍ 45 ഓളം പ്രതിഷേധക്കാര്‍ക്ക് പരിക്കേറ്റു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക