
384 അവശ്യ മരുന്നുകൾക്കും 1000 മോളിക്യൂളുകൾക്കും 12% വില വർധിപ്പിക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയതായി ദേശീയ മരുന്ന് വില നിയന്ത്രണ അതോറിറ്റി പ്രഖ്യാപിച്ചിരിക്കുന്നു. ഏപ്രിൽ 1 മുതൽ ഈ വിലവർദ്ധനവ് പ്രാബല്യത്തിൽ വരും. മരുന്ന് കമ്പനികൾക്ക് കൊള്ള ലാഭം ഉറപ്പാക്കുന്നതാണ് പ്രഖ്യാപിത വർധനവെന്ന് മെഡിക്കൽ സർവീസ് സെന്റർ കേരള ചാപ്റ്റർ കോ-ഓഡിനേറ്റർ ഡോ.കെ.ഹരിപ്രസാദ് കുറ്റപ്പെടുത്തി.
അവശ്യമരുന്നുകളുൾപ്പെടെയുള്ള മരുന്നുകളുടെ വില കഴിഞ്ഞ വർഷം 10% വർധിപ്പിച്ചിരുന്നു. നിലവിൽ തന്നെ കൊള്ളവിലയുള്ള മരുന്നുകളുടെ വില വീണ്ടും വർധിപ്പിക്കുക വഴി സാധാരണക്കാരന്റെ കുടുംബ ബഡ്ജറ്റ് തകിടം മറിയും. നിത്യവും ഉപയോഗിക്കേണ്ട ജീവിതശൈലി രോഗങ്ങൾക്കുള്ള മരുന്നുകൾക്കും ആന്റിബയോട്ടിക്കുകൾ, ജീവൻ രക്ഷാ മരുന്നുകൾ, അടിയന്തര ഗണത്തിൽപ്പെടുന്ന മരുന്നുകൾക്കുമാണ് വില വർധിപ്പിക്കുന്നത്.
കോവിഡ് പ്രതിസന്ധിക്ക് ശേഷം ജനങ്ങൾ ജീവിതം തള്ളിനീക്കാൻ കഷ്ടപ്പെടുമ്പോൾ നിത്യോപയോഗ സാധനങ്ങളുടെ വിലവർധിപ്പിക്കുകയും നികുതി ചാർജ്ജുകൾ കുത്തനെ കൂട്ടുകയും ചെയ്യുകയാണ് സർക്കാർ. അതോടൊപ്പം അവശ്യ മരുന്നുകളുടെ വില വർധിപ്പിക്കുന്നത് ജനജീവിതം ദുരിതത്തിലാക്കും. അതിനാൽ തന്നെ ഈ നടപടി ചെറുത്തുതോല്പിക്കപ്പെടേണ്ടതാണ്.
മെഡിക്കൽ സർവീസ് സെന്റർ, ജനവിരുദ്ധമായ ഈ പ്രഖ്യാപനത്തെ സമ്പൂർണമായും എതിർക്കുന്നു. വില വർധിപ്പിക്കാനെടുത്ത തീരുമാനം ഉടൻ പിൻവലിക്കാനും മെഡിക്കൽ സർവീസ് സെന്റർ സർക്കാരിനോട് ആവശ്യപ്പെടുന്നു. ജനങ്ങൾക്ക് ആവശ്യമായ എല്ലാ ചികിത്സയും മരുന്നും സൗജന്യമായി സർക്കാർ ആശുപത്രികൾ വഴിയും മറ്റു ആരോഗ്യ കേന്ദ്രങ്ങളിലൂടെയും ഉറപ്പാക്കണമെന്നും മെഡിക്കൽ സർവീസ് സെന്റർ സർക്കാരിനോട് ആവശ്യപ്പെടുന്നു.
ജനങ്ങൾക്കെതിരായും കോർപറേറ്റുകൾക്ക് കൊള്ളലാഭം ഉണ്ടാക്കുവാനും ഉദ്ദേശിച്ച് മരുന്നുകളുടെ വില വർധിപ്പിക്കാൻ സർക്കാർ കൈകൊണ്ട മനുഷ്യത്വവിരുദ്ധ നടപടിയെ ചെറുക്കാൻ മെഡിക്കൽ സർവീസ് സെന്റർ മുഴുവൻ ആരോഗ്യ പ്രവർത്തകരോടും പൊതുജനങ്ങളോടും അഭ്യർഥിക്കുന്നു.