മീശ വിനീത് മൂന്നാമതും അറസ്റ്റില്‍; ഇത്തവണത്തേത് യുവാവിനെ ആക്രമിച്ച് തല അടിച്ചുപൊട്ടിച്ച കേസ്
|
തിരുവനന്തപുരം: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇന്‍സ്റ്റഗ്രാം റീല്‍സ് താരം ‘മീശ വിനീത്’ എന്ന കിളിമാനൂര്‍ വെള്ളല്ലൂര്‍ സ്വദേശി വിനീത് മൂന്നാം തവണയും അറസ്റ്റില്‍. മടവൂര്‍ സ്വദേശിയായ യുവാവിനെ ആക്രമിച്ച് തല അടിച്ചുപൊട്ടിച്ച കേസില്‍ പള്ളിക്കല്‍ പോലീസാണ് വിനീതിനെ ഇന്നലെ അറസ്റ്റ് ചെയ്തത്. കേസില്‍ മൂന്നാം പ്രതിയാണ് വിനീത്.
ഒക്ടോബര്‍ 16ന് വിനീത് ഉള്‍പ്പെടെ നാലുപേര്‍ ബൈക്കുകളില്‍ മടവൂരിലെത്തി യുവാവിനെ ആക്രമിച്ചു പരിക്കേല്‍പ്പിച്ചെന്നാണ് പരാതി. മറ്റുമൂന്നു പ്രതികളെ പിടികൂടാനായിട്ടില്ല.
യുവതിയെ ദേഹോപദ്രവം ഏല്‍പ്പിച്ച കേസില്‍ ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ കിളിമാനൂര്‍ പോലീസ് വിനീതിനെ പിടികൂടിയിരുന്നു. സ്വര്‍ണ്ണാഭരണങ്ങള്‍ തിരികെ ചോദിച്ച യുവതിയെ പറഞ്ഞു വിശ്വസിപ്പിച്ച് വീട്ടിലേക്ക് വിളിച്ചു വരുത്തിയ ശേഷം വീടിനുള്ളില്‍ വെച്ച് മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ ആണ് അന്ന് വിനീതിനെ പോലീസ് പിടികൂടിയത്. ഇയാളെ നേരത്തേയും പോലീസ് പിടികൂടിയിരുന്നു. നേരത്തെ മോഷണ കേസ് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് മീശ വിനീത്. മാര്‍ച്ചില്‍ പെട്രോള്‍ പമ്പ് മാനേജരില്‍ നിന്ന് രണ്ടര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ വിനീതിനെ അറസ്റ്റ് ചെയ്തിരുന്നു.
ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് സൗഹൃദത്തിലായ തിരുവനന്തപുരം സ്വദേശിനിയായ യുവതിയില്‍നിന്ന് പണയംവയ്ക്കുന്നതിനായി ആറുപവന്‍ സ്വര്‍ണാഭരണങ്ങള്‍ ഒരു മാസം മുമ്പ് വിനീത് കൈക്കലാക്കിയിരുന്നു. കാലാവധി കഴിഞ്ഞതോടെ സ്വര്‍ണാഭരണങ്ങള്‍ തിരികെ നല്‍കണമെന്ന് യുവതി വിനീതിനോട് ആവശ്യപ്പെട്ടു. സ്വര്‍ണം തിരികെ നല്‍കാമെന്നു പറഞ്ഞ് വിനീത് യുവതിയെ വീട്ടിലേക്കു ക്ഷണിച്ചു. ഇതനുസരിച്ച് തിരുവനന്തപുരത്തുനിന്ന് യുവതി കിളിമാനൂരില്‍ എത്തി. ബസില്‍ വന്നിറങ്ങിയ യുവതിയെ വിനീത് ബൈക്കില്‍ കയറ്റി വെള്ളല്ലൂരിലെ സ്വന്തം വീട്ടില്‍ എത്തിച്ച് ഭീഷണിപ്പെടുത്തുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയുമായിരുന്നായിരുന്നു പരാതി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





