15
Aug 2026
Sat
15 Aug 2026 Sat
reporter tv card meta

തിരുവനന്തപുരം: മാധ്യമ സ്വാതന്ത്ര്യത്തിന്മേല്‍ നടത്തുന്ന അകാരണമായ കടന്നുകയറ്റത്തിനും സെന്‍സര്‍ഷിപ്പിനുമെതിരെ റിപ്പോര്‍ട്ടര്‍ ടിവി നടത്തിയ നിയമ പോരാട്ടത്തില്‍ നിര്‍ണായക വിജയം. ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും നിന്ന് നീക്കം ചെയ്ത റിപ്പോര്‍ട്ടറിന്റെ വാര്‍ത്താ കാര്‍ഡുകളില്‍ പകുതിയോളവും മെറ്റ പുനഃസ്ഥാപിച്ചു. മെറ്റയുടെ ഗ്രീവന്‍സ് സെല്ലിന് റിപ്പോര്‍ട്ടര്‍ നല്‍കിയ ശക്തമായ പരാതിയെയും അപ്പീലിനെയും തുടര്‍ന്നാണ് ഈ തിരുത്തല്‍ നടപടി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതും അദ്ദേഹത്തിന്റെ പേര് പരാമര്‍ശിച്ചതുമായ വാര്‍ത്താ കാര്‍ഡുകള്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് തുടര്‍ച്ചയായി അപ്രത്യക്ഷമായിരുന്നു. ഇതില്‍ റിപ്പോര്‍ട്ടറിന്റേത് മാത്രം മുപ്പതോളം വാര്‍ത്താ കാര്‍ഡുകളാണ് ഡിജിറ്റല്‍ ഇടങ്ങളില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടത്. ‘മാധ്യമ അടിയന്തരാവസ്ഥ’ എന്ന് പ്രതിപക്ഷമടക്കം വിശേഷിപ്പിച്ച ഈ നീക്കത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്.

സര്‍ക്കാര്‍ സമ്മര്‍ദ്ദമെന്ന് എം.വി. ഗോവിന്ദന്‍

മെറ്റയുടെ നടപടിയെ ശക്തമായി വിമര്‍ശിച്ച് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ രംഗത്തെത്തി.

‘കാര്‍ഡുകള്‍ പുനഃസ്ഥാപിച്ചു എന്നതുതന്നെ അവ ബോധപൂര്‍വ്വം നീക്കം ചെയ്യാന്‍ ശ്രമിച്ചതിന്റെ വ്യക്തമായ തെളിവാണ്. ഉന്നത സര്‍ക്കാര്‍ തലത്തിലുള്ള നിര്‍ദേശവും ഇടപെടലും ഇല്ലാതെ മെറ്റ ഇത്തരത്തില്‍ പ്രവര്‍ത്തിക്കില്ല,’ എന്ന് അദ്ദേഹം ആരോപിച്ചു.

മെറ്റയോട് വിശദീകരണം തേടി സൈബര്‍ പൊലീസ്

വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് സംഭവത്തില്‍ കേരള സൈബര്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൊളിറ്റിക്കല്‍ റിപോര്‍ട്ടുകളും വിമര്‍ശനങ്ങളും അടങ്ങിയ പോസ്റ്റുകള്‍ നീക്കം ചെയ്ത സാഹചര്യം വ്യക്തമാക്കാന്‍ ആവശ്യപ്പെട്ട് പൊലീസ് മെറ്റയ്ക്ക് കത്ത് നല്‍കി.

എന്നാല്‍, വിവാദങ്ങളില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയ വിമര്‍ശനങ്ങള്‍ അടങ്ങിയ പോസ്റ്റുകള്‍ നീക്കാന്‍ പൊലീസോ സര്‍ക്കാരോ ആവശ്യപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, തന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജ് (‘CMO Kerala’) ലഭ്യമാക്കാന്‍ വേണ്ടി മാത്രമാണ് രണ്ടുമാസം മുന്‍പ് മെറ്റയോട് ഔദ്യോഗികമായി റിക്വസ്റ്റ് നല്‍കിയതെന്നും കൂട്ടിച്ചേര്‍ത്തു.

Tags: Reporter TV, Meta Censorship, VD Satheesan, Kerala Cyber Police, MV Govindan, Media Freedom, Facebook Censorship Malayalam, Kerala News, Cyber Crime Kerala

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക