09
Oct 2023
Sat
09 Oct 2023 Sat

തിരിച്ചടിക്കൊരുങ്ങി ഹമാസ്; ഇസ്രായേല്‍ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് റോക്കറ്റാക്രമണം

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജറുസലെം: ഇസ്രയേല്‍ അധിനിവേശസൈന്യത്തിന്റെ കടന്നാക്രമണങ്ങള്‍ക്കെതിരെ തിരിച്ചടിച്ച് ഫലസ്തീന്‍ സംഘടനയായ ഹമാസ്. ഗസ്സ മുനമ്പില്‍ നിന്ന് നൂറിലധികം റോക്കറ്റുകള്‍ തൊടുത്തുവിട്ടതായി ഹമാസ് അറിയിച്ചു. ഇസ്രയേല്‍ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യംവെച്ചാണ് ആക്രമണം. അധിനിവേശ ശക്തിക്കെതിരായ പോരാട്ടത്തില്‍ എല്ലാവരും രംഗത്തിറങ്ങണമെന്ന് ഹമാസ് സൈനിക വിഭാഗം ആഹ്വാനം ചെയ്തു.

അല്‍ അഖ്‌സ സ്റ്റോം എന്ന് പേരിട്ടിരിക്കുന്ന ഓപ്പറേഷന്‍ വഴി ശത്രുക്കളുടെ താവളങ്ങളേയും വിമാനത്താവളങ്ങളേയും സൈനിക കേന്ദ്രങ്ങളേയുമാണ് തങ്ങള്‍ ലക്ഷ്യമിട്ടതെന്ന് ഹമാസ് കമാന്‍ഡര്‍ മുഹമ്മദ് അല്‍ ദെയ്ഫ് ശബ്ദസന്ദേശത്തില്‍ അറിയിച്ചു.

തിരിച്ചടി ഉറപ്പാണെന്ന് ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കി. രാജ്യത്ത് ഹമാസ് പോരാളികള്‍ നുഴഞ്ഞുകയറുന്നതായി ഇസ്രായേല്‍ പ്രതിരോധ സേനയും മുന്നറിയിപ്പ് നല്‍കി. ‘ഗസ്സ മുനമ്പില്‍ നിന്ന് നിരവധി ഭീകരര്‍ ഇസ്രായേല്‍ പ്രദേശത്തേക്ക് നുഴഞ്ഞുകയറി. ഗസ്സ മുനമ്പിന് ചുറ്റുമുള്ള പ്രദേശങ്ങളിലെ താമസക്കാരോട് അവരുടെ വീടുകളില്‍ തന്നെ തുടരാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്,’ ഇസ്രായേല്‍ സേന എക്‌സില്‍ കുറിച്ചു

ആക്രമണത്തില്‍ പാരാഗ്ലൈഡറുകളും ഉപയോഗിച്ചിട്ടുണ്ടെന്ന് പുറത്തുവന്ന ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നു. സുരക്ഷാ മേധാവികളുടെ യോഗം ഉടന്‍ വിളിക്കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു.

തെക്കന്‍ ഇസ്രയേലിലെ കെട്ടിടത്തില്‍ റോക്കറ്റ് ഇടിച്ച് 70 വയസ്സുള്ള ഒരു സ്ത്രീക്ക് ഗുരുതരമായി പരിക്കേറ്റതായി ഇസ്രായേലിന്റെ മാഗന്‍ ഡേവിഡ് അഡോം റെസ്‌ക്യൂ ഏജന്‍സി പറഞ്ഞു. മറ്റൊരിടത്ത് ഇരുപതുകാരനും പരിക്കേറ്റു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക