01
Nov 2023
Fri
01 Nov 2023 Fri

‘ഒരു ഹോട്ടല്‍ തുടങ്ങിക്കൂടേ?, ഒരു ചെമ്പ് ഭക്ഷണമുണ്ടാക്കിയിട്ട് എന്തു ചെയ്യും’? മന്ത്രി ശിവന്‍കുട്ടിയുടെ ചോദ്യത്തിന് ഫിറോസ് ചുട്ടിപ്പാറയുടെ മറുപടി ഇങ്ങനെ

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം: ഭക്ഷണപ്രിയരായ മലയാളികള്‍ക്ക് സുപരിചതനാണ് ഫിറോസ് ചുട്ടിപ്പാറയും അദ്ദേഹത്തിന്റെ യൂടൂബ് പേജും. കേരളീയം പരിപാടിക്കായി തിരുവനന്തപുരത്തെത്തിയ ഫിറോസ്, മന്ത്രി ശിവന്‍കുട്ടിയുമായി നടത്തിയ കൂടിക്കാഴ്ചയാണ് ഏറ്റവും ഒടുവിലായി അദ്ദേഹത്തിന്റെതായുള്ള വീഡിയോ. ഒരു ഹോട്ടല്‍ തുടങ്ങിക്കൂടേ?, ഒരു ചെമ്പ് ഭക്ഷണമുണ്ടാക്കിയിട്ട് എന്തു ചെയ്യും? തുടങ്ങിയ മന്ത്രി ശിവന്‍കുട്ടിയുടെ ചോദ്യത്തിന് ഫിറോസ് ചുട്ടിപ്പാറ മറുപടി നല്‍കുന്നതുള്‍പ്പെടെയുള്ള വിശേഷങ്ങളാണ് അതിലുള്ളത്.

കേരളീയം 2023 പരിപാടിയോട് അനുബന്ധിച്ച് നടത്തുന്ന ഫുഡ് ഫെസ്റ്റിന്റെ ഭാഗമായി തലസ്ഥാനത്തെത്തിയപ്പോഴാണ് ഫുഡ് വ്‌ളോഗര്‍ ഫിറോസ് ചുട്ടിപ്പാറയെ മന്ത്രി കണ്ടത്. നിങ്ങളെയൊക്കെ ആദരിക്കേണ്ടേ എന്ന ചോദ്യത്തോടെ ഫിറോസിനെ മന്ത്രി ഓഫിസിലേക്ക് വിളിക്കുകയായിരുന്നു. മന്ത്രി തന്നെ ഇതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിലുടെ പങ്കുവച്ചു. ഹോട്ടല്‍ തുടങ്ങുമോ എന്ന് മന്ത്രി നേരിട്ടു തന്നെ അദ്ദേഹത്തോട് ചോദിച്ചു. എന്നാല്‍ ഹോട്ടല്‍ തുടങ്ങുന്നതിനോട് താത്പര്യമില്ലെന്നായിരുന്നു ഫിറോസിന്റെ മറുപടി. ”ഹോട്ടല്‍ ബിസിനസ് റിസ്‌കാണ്. കഴിക്കുന്ന ഭക്ഷണവിഭാഗങ്ങളുടെ ടേസ്റ്റ് ആളുകള്‍ക്ക് പ്രധാനമാണ്. ടേസ്റ്റ് കൂട്ടാന്‍ മായങ്ങള്‍ ചേര്‍ക്കേണ്ടി വരും. ഞങ്ങള്‍ ഒന്നിലും മായങ്ങള്‍ ഉപയോഗിക്കാറില്ല. അതിന് മനസ് അനുവദിക്കില്ല. മായങ്ങള്‍ ഇല്ലാത്ത ഫുഡിന് ടേസ്റ്റ് കുറവായിരിക്കും. ഹോട്ടല്‍ ബിസിനസിനോട് താല്‍പര്യമില്ലെന്നും ഫിറോസ് പറഞ്ഞു.

വീഡിയോകള്‍ക്ക് വേണ്ടി ഉണ്ടാക്കുന്ന ഭക്ഷണം പിന്നീട് എന്ത് ചെയ്യുമെന്നും ഫിറോസ് വിശദീകരിച്ചു. വലിയ തോതില്‍ ഉണ്ടാക്കുന്ന ഭക്ഷണങ്ങള്‍ ഓര്‍ഫനേജുകളില്‍ എത്തിക്കുന്നതാണ് രീതിയെന്നാണ് ഫിറോസ് മന്ത്രിയോട് പറഞ്ഞത്. പാലക്കാട് സ്വദേശിയായ താന്‍ പാരമ്പര്യമായി കര്‍ഷകനാണ്. ഭക്ഷണത്തോട് താല്‍പര്യമുള്ളത് കൊണ്ടാണ് വീഡിയോ ചിത്രീകരിച്ച് തുടങ്ങിയത്. മറ്റുള്ളവര്‍ അപ്പര്‍ ക്ലാസ് ഭക്ഷണവിഭാഗങ്ങളാണ് പരിചയപ്പെടുത്തിയിരുന്നത്. അതുകൊണ്ടാണ് നടന്‍ രീതികളിലുള്ള ഭക്ഷണവിഭാഗങ്ങള്‍ പരിചയപ്പെടുത്തുന്നതെന്നും ഫിറോസ് പറഞ്ഞു. കേരളീയം പരിപാടിയുടെ ഭാഗമായി ഫുഡ് ഫെസ്റ്റിന് വലിയ പ്രാധാന്യമാണ് നല്‍കുന്നതെന്നും ഇന്നത്തെ ഭക്ഷ്യമേളയില്‍ ബീഫ് കപ്പ ബിരിയാണിയാണ് ഫിറോസിന്റെ സ്‌പെഷ്യല്‍ എന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു. സംഭാഷണത്തിനൊടുവില്‍ തന്റേത് പാര്‍ട്ടി കുടുംബമാണെന്നും താന്‍ സിപിഎം അംഗമാണെന്നും ഫിറോസ് മന്ത്രിയോട് പറഞ്ഞു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക