സൗദിയില്‍ ഇനി സൈബര്‍ തട്ടിപ്പുകള്‍ നടക്കില്ല; വിളിക്കുന്നയാള്‍ ആരെന്ന് കാണിക്കും; സംവിധാനം ഒക്ടോബര്‍ 1 മുതല്‍
|
ജിദ്ദ: സാമ്പത്തിക തട്ടിപ്പുകാര്‍ക്ക് കനത്ത തിരിച്ചടിയേകി സൗദിയില്‍ മൊബൈല്‍ ഫോണ്‍ വിളിക്കുന്നയാളുടെ പേരും ഐഡന്റിറ്റിയും പ്രദര്‍ശിപ്പിക്കുന്ന സംവിധാനം ഒക്‌ടോബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഇതിനുവേണ്ട എല്ലാ തയാറെടുപ്പുകളും സൗദി ഡിജിറ്റല്‍ റെഗുലേറ്ററായ കമ്മ്യൂണിക്കേഷന്‍സ്, സ്‌പേസ് ആന്‍ഡ് ടെക്‌നോളജി കമ്മീഷന്‍ (സിഎസ്ടി) പൂര്‍ത്തിയാക്കി. വിളിക്കുന്നയാളുടെ പേരും ഐഡന്റിറ്റിയും പ്രദര്‍ശിപ്പിക്കുന്നതിനുള്ള കരട് സ്‌പെസിഫിക്കേഷന്‍ സിഎസ്ടി നേരത്തെ അവതരിപ്പിച്ചിരുന്നു. വിളിക്കുന്നയാളുടെ പേരും നമ്പറും കോള്‍ ലോഗില്‍ പ്രദര്‍ശിപ്പിച്ചിരിക്കണം. ഇതിനു പുറമെ, എല്ലാ തരത്തിലുമുള്ള സാങ്കേതികവിദ്യകളിലും വിളിക്കുന്നയാളുടെ പേരും നമ്പറും സ്വീകരിക്കാനും പ്രദര്‍ശിപ്പിക്കാനും കഴിയുന്നതായിരിക്കണം മൊബൈല്‍ ഫോണുകള്‍.
അജ്ഞാത കോളുകള്‍ക്കും അതുവഴിയുള്ള തട്ടിപ്പുകള്‍ക്കും ഒരു പരിധി വരെ തടയിടാന്‍ പുതിയ സംവിധാനം സഹായിക്കുമെന്നാണ് കരുതുന്നത്. വിളിക്കുന്നയാളുടെ പേരും നമ്പറും കോള്‍ ലോഗില്‍ കാണാനാകുന്ന സംവിധാനമാണ് സജ്ജമാകുക. 2ജി, 3ജി, 4ജി, 5ജി ഉള്‍പ്പെടെ എല്ലാത്തരം ജനറേഷനുകളില്‍ നിന്നും വിളിക്കുന്നയാളുടെ പേരും നമ്പറും പ്രദര്‍ശിപ്പിക്കാനും മൊബൈല്‍ നെറ്റ്ര്‍ക്ക് കമ്പനികള്‍ സജ്ജമാകണം. കോള്‍ വരുന്ന കക്ഷിയുടെ പേര് ഉള്‍പ്പെടുത്തി വിളിക്കുന്നയാളുടെ ഐഡന്റിറ്റി അറിയാന്‍ പ്രാപ്തമാക്കുന്ന ഒരു അധിക സവിശേഷതയാണിത്. ഫീച്ചര്‍ സജീവമാക്കുന്നത് നിയമപരമായ സ്ഥാപനങ്ങളില്‍ നിന്നുള്ള ഇന്‍കമിങ് കോളുകള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. നിയമപരമായ സ്ഥാപനങ്ങളില്‍ നിന്ന് ഉപയോക്താവിന് ലഭിക്കുന്ന കോളുകളുടെ വിശ്വാസ്യത വര്‍ധിപ്പിക്കാനും മൊബൈല്‍ ഫോണ്‍ ഉപകരണ നിര്‍മാതാക്കളുമായുള്ള ആശയവിനിമയ ശൃംഖലകളുടെ അനുയോജ്യത ഉറപ്പാക്കാനും പുതിയ സേവനം ലക്ഷ്യമിടുന്നതായി സിഎസ്ടി വ്യക്തമാക്കി.
വ്യാജ, തട്ടിപ്പ് കോളുകള്‍ കുറയ്ക്കുന്നതിനും ഉപയോക്താക്കളെ സംരക്ഷിക്കുന്നതിനും പുറമെ, കോളര്‍മാരുടെ സ്വകാര്യത ലംഘിക്കുന്ന വിശ്വസനീയമല്ലാത്ത പ്രോഗ്രാമുകളും ആപ്ലിക്കേഷനുകളും ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും നിബന്ധന ലക്ഷ്യമിടുന്നു. മൊബൈല്‍ ഫോണ്‍ കമ്പനികളുടെ ഈ സേവനത്തിലേക്ക് സബ്‌സ്‌ക്രൈബ് ചെയ്യുന്നതിനാല്‍ നിയമപരമായ സ്ഥാപനങ്ങളുടെ പേരുകള്‍ മാത്രമേ ഉപയോക്താക്കള്‍ക്ക് ദൃശ്യമാകൂ. വിളിക്കുന്നയാളുടെ ഐഡന്റിറ്റി അറിയാന്‍ കോള്‍ സ്വീകരിക്കുന്നയാളെ പ്രാപ്തമാക്കുന്ന അധിക ഫീച്ചറാണിത്. സേവന ദാതാക്കള്‍ക്ക് അവരുടെ നെറ്റ്‌വര്‍ക്കുകളില്‍ കോളറുടെ പേര് നിര്‍ണ്ണയിക്കാന്‍ ഈ ഫീച്ചര്‍ ഉപയോഗിക്കാനാകും.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





