കണ്ണൂര്‍ മുഴപ്പിലങ്ങാട് സ്വദേശിനിയായ എംബിബിഎസ് നാലാം വര്‍ഷ വിദ്യാര്‍ഥിനി റഷ്യയില്‍ തടാകത്തില്‍ മുങ്ങി മരിച്ച സംഭവത്തില്‍ ദുരൂഹതയാരോപിച്ച് മാതാവ് രംഗത്ത്. മുഴപ്പിലങ്ങാട് ദക്ഷിണയില്‍ പ്രത്യുഷ(24)യെ വെള്ളത്തില്‍ തള്ളിയിട്ടു കൊന്നതാണെന്നാരോപിച്ച് രംഗത്തെത്തിയ മാതാവ് ഷേര്‍ളി സമഗ്ര അന്വേഷണമാവശ്യപ്പെട്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പരാതി നല്കി.
|
വെള്ളത്തില്‍ ഇറങ്ങാതെ നിന്ന മകളെ ബലംപ്രയോഗിച്ച് വെള്ളത്തിലേക്ക് തള്ളിയിട്ടതായും തടാകത്തിലല്ല മണലെടുത്ത് രൂപപ്പെട്ട കുഴിയിലേക്കാണ് മകളെ തള്ളിയിട്ടതെന്നും പരാതിയില്‍ പറയുന്നു. വിധവയും രോഗിയുമായ തനിക്ക് ഏക മകളെയാണ് നഷ്ടപ്പെട്ടതെന്നും മകളുടെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരുന്നതുവരെ മുന്നോട്ടുപോകുമെന്നും ഷേര്‍ളി പറയുന്നു. മകള്‍ പഠിച്ച യൂനിവേഴ്സിറ്റിയുടെ രാജസ്ഥാന് സ്വദേശിയായ ഡയറക്ടര്‍ ഉത്തരവാദിത്വം തീരെയില്ലാത്ത വ്യക്തിയാണെന്നും അയാള്‍ക്ക് പണം മാത്രമേ ആവശ്യമുള്ളൂവെന്നും ഷേര്‍ളി ആരോപിക്കുന്നു.
ഈ യൂനിവേഴ്സിറ്റിയില്‍നിന്ന് നേരത്തെ ആറു പെണ്‍കുട്ടികള്‍ക്ക് ഇതുപോലെ ജീവന് നഷ്ടപ്പെട്ടിട്ടുണ്ട്. കഴിഞ്ഞവര്‍ഷം പാലക്കാട് സ്വദേശിയായ ഒരു പെണ്‍കുട്ടിക്കും മുന്‍ വര്‍ഷങ്ങളില്‍ നാലുകുട്ടികള്ക്കുമാണ് ജീവന് നഷ്ടപ്പെട്ടത്. വെള്ളക്കെട്ടിനു സമീപം മകള്‍ സാധാരണ വസ്ത്രം ധരിച്ച് നില്ക്കുന്ന ചിത്രം ലഭിച്ചിരുന്നു. മറ്റുള്ളവര്‍ സ്വിമ്മിങ് ഡ്രസിലായിരുന്നു. ചിത്രത്തില്‍ മകളുടെ കാല്പാദം മാത്രമാണ് നനഞ്ഞിരുന്നത്.
സംഭവം നടന്ന ദിവസം മറ്റു കുട്ടികള്‍ക്കു വന്ന ചില ഫോണ്‍ കോളുകളും ദുരൂഹത ഉളവാക്കുന്നതാണ്. സഹപാഠികളില്‍ ചിലരുടെ അമിത മദ്യപാനം ഉള്‍പ്പെടെയുള്ള ചില കാര്യങ്ങള്‍ മകള്‍ അധികൃതരെ അറിയിച്ചിരുന്നു. ഇതിന്റെ വിരോധത്തില്‍ യൂനിവേഴ്സിറ്റി ഡയറക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ മകളെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ഷേര്‍ളി ആരോപിച്ചു. സംഭവം നടന്നശേഷം മകളുടെ കൂടെ പഠിച്ചിരുന്ന കുട്ടികളെ വിളിച്ചു ചോദിച്ചപ്പോള്‍ പറ്റിപ്പോയി എന്നാണ് ആദ്യം പറഞ്ഞതെന്ന് മാതാവ് പറഞ്ഞു.
തന്റെ മകളെ നിര്‍ബന്ധിച്ച് കൊണ്ടുപോയതാണ്. വരുന്നില്ല എന്നവള്‍ പറഞ്ഞത് മറ്റൊരു കുട്ടി കേട്ടതാണ്. ആ സഹപാഠി തന്നോട് ഇക്കാര്യം പറഞ്ഞതായി ഷേര്‍ളി പറയുന്നു. പറ്റിപ്പോയി എന്ന് എന്നോട് പറഞ്ഞ കുട്ടികള്‍ അവളുടെ കൂടെ പോകാതിരുന്നവരാണെന്നും ഷേര്‍ളി പറഞ്ഞു. ജൂണ്‍ 24നാണ് പ്രത്യുഷ ഉള്‍പ്പെടെ രണ്ട് കുട്ടികള്‍ തടാകത്തില്‍ മുങ്ങി മരിച്ചത്. സ്മോളന്‍സ്ക് സ്റ്റേറ്റ് യൂനിവേഴ്സിറ്റിയില്‍ നിന്നു വിനോദയാത്ര പോയ സംഘത്തില്‍ എട്ട് വിദ്യാര്‍ഥികളാണ് ഉണ്ടായിരുന്നത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





