കാസര്‍കോട്: നിധി തേടി പുരാതന കോട്ടയില്‍ കുഴിയെടുത്ത മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മുജീബ് കമ്പാറിനെ മുസ്ലിം ലീഗിലും പോഷക സംഘടനകളിലും വഹിക്കുന്ന പദവികളില്‍ നിന്ന് ഒഴിവാക്കാന്‍ തീരുമാനം. (MUJEEB KAMBAR WHO SOUGHT TREASURE IN AIRKKADI FORT REMOVED FROM IUML POSITIONS) ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി, ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ റഹിമാന്‍, ട്രഷറര്‍ പി എം മുനീര്‍ ഹാജി എന്നിവരാണ് ഇക്കാര്യം അറിയിച്ചത്.
|
ഒരാഴ്ച മുമ്പ് കുമ്പള ആരിക്കാടിയിലെ കോട്ടയ്ക്കകത്തെ കിണറ്റിലാണ് ഇവര്‍ നിധിയുണ്ടെന്ന് കരുതി കുഴിച്ചത്. കണ്ണൂരില്‍ സമാനമായി കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് നിധി ലഭിച്ചിട്ടുണ്ടെന്ന് പറഞ്ഞായിരുന്നു പഞ്ചായത്ത് വൈസ് പ്രസിഡന്റായ മുജീബ് സംഘത്തെ ഇവിടേക്ക് പറഞ്ഞയച്ചത്.
ALSO READ: നിധി തേടി കിണറ്റില്‍; പഞ്ചായത്ത് വൈസ് പ്രസിഡന്റ് അടക്കം അഞ്ചുപേര്‍ പിടിയിലായി
നിധി ലഭിച്ചാല്‍ എല്ലാവര്ക്കും ചേര്‍ന്ന് ഇത് പങ്കിടാമെന്നായിരുന്നു ധാരണ. എന്നാല്‍, കോട്ടയ്ക്ക് അകത്ത് നിന്ന് കുഴിക്കുന്ന ശബ്ദം കേട്ട് നാട്ടുകാര്‍ അന്വേഷിച്ചെത്തിയതോടെയാണ് സംഭവം പൊളിഞ്ഞത്.
നാട്ടുകാരെ കണ്ടതോടെ കിണറിന് പുറത്ത് നിന്നവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. എന്നാല്‍, ഉള്ളിലുണ്ടായിരുന്നവര്‍ക്ക് രക്ഷപ്പെടാന്‍ സാധിച്ചില്ല. സംഭവ സ്ഥലത്ത് പൊലീസ് എത്തി പ്രതികളെ അറസ്റ്റ് ചെയ്തു. മൂന്ന് ദിവസം മുന്‍പും ഇവര്‍ ഇവിടെയെത്തി നിധി അന്വേഷിച്ചിരുന്നുവെന്നാണ് വിവരം. പുരാവസ്തു വകുപ്പിന്റെ പരാതിയിലും ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
എസ്ഡിപിഐ, ബിജെപി ഉള്‍പ്പെടെയുള്ള കക്ഷികളെല്ലാം മുജീബ് കമ്പാറിനെ പഞ്ചായത്ത് അംഗത്വത്തില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പഞ്ചായത്തിലേക്ക് മാര്‍ച്ചും നടത്തിയിരുന്നു.
പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്ന് പുറത്താക്കിയതോടെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മുജീബിന് ഒഴിയേണ്ടി വരുമെന്നാണ് സൂചന. സ്ഥാനമൊഴിയുന്നതുവരെ സമരം തുടരുമെന്നാണ് എസ്ഡിപിഐ നിലപാട്.





