
ഡിജിറ്റല്‍ തട്ടിപ്പിലൂടെ പണം ചോര്‍ത്തുന്ന വില്ലന്മാരെ പൂട്ടാന്‍ ‘മ്യൂള്‍ ഹണ്ടര്‍’ വരുന്നു. ഇതിനകം ചില ബാങ്കുകള്‍ ഈ ‘എ.ഐ’ സംവിധാനം ഉപയോഗിച്ചുതുടങ്ങി.
![]() |
|
കൂടുതല്‍ ബാങ്കുകള്‍ മ്യൂള്‍ ഹണ്ടര്‍ ഉപയോഗിക്കാന്‍ ഒരുങ്ങുകയാണ്. ഇത് വ്യാപകമാകുന്നതോടെ സൈബര്‍ തട്ടിപ്പുകളിലൂടെ അക്കൗണ്ട് ഉടമകള്‍ക്ക് പണം നഷ്ടപ്പെടുന്നതിന് വലിയൊരളവോളം തടയിടാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
റിസര്‍വ് ബാങ്കിന്റെ ‘ഇന്നവേഷന്‍ ഹബ്’ വികസിപ്പിച്ച നിര്‍മിതബുദ്ധി അധിഷ്ഠിത പ്ലാറ്റ്ഫോമാണ് മ്യൂള്‍ ഹണ്ടര്‍. പരീക്ഷണം 90 ശതമാനം വിജയകരമാണ്. കനറാ ബാങ്ക്, പഞ്ചാബ് നാഷനല്‍ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ എന്നിവ ഇതിനകം ഇത് ഉപയോഗിച്ചുതുടങ്ങി. ഫെഡറല്‍ ബാങ്ക് ദിവസങ്ങള്‍ക്കകം ഉപയോഗിക്കും. രണ്ടുമാസത്തിനകം പൊതുമേഖലയിലെ ഉള്‍പ്പെടെ 15ഓളം ബാങ്കുകള്‍ സംവിധാനത്തിന്റെ ഭാഗമാക്കും.
തട്ടിപ്പുകാര്‍ അക്കൗണ്ട് ഉടമകളില്‍നിന്ന് ചോര്‍ത്തുന്ന പണം താല്‍ക്കാലികമായി നിക്ഷേപിക്കാന്‍ ഉപയോഗിക്കുന്ന വ്യാജ അക്കൗണ്ടാണ് ‘മ്യൂള്‍ അക്കൗണ്ട്’. കള്ളപ്പണം വെളുപ്പിക്കാനും ഇത്തരം അക്കൗണ്ടുകള്‍ തുറക്കാറുണ്ട്. മറ്റൊരാളുടെ സമ്മതത്തോടെയോ അല്ലാതെയോ ഇത്തരം അക്കൗണ്ട് തുടങ്ങും.
മറ്റുള്ളവരുടെ കെ.വൈ.സിയോ വ്യാജ കെ.വൈ.സിയോ മ്യൂള്‍ അക്കൗണ്ട് തുടങ്ങാന്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. സമീപകാലത്ത് അഞ്ചു സംസ്ഥാനങ്ങളിലെ ബാങ്ക് ശാഖകളില്‍ സി.ബി.ഐ നടത്തിയ പരിശോധനയില്‍ എട്ടരലക്ഷം മ്യൂള്‍ അക്കൗണ്ട് കണ്ടെത്തിയിരുന്നു.
മ്യൂള്‍ ഹണ്ടറിന്റെ പ്രവര്‍ത്തനം ഇങ്ങനെ
-ഓരോ ഇടപാടും മ്യൂള്‍ ഹണ്ടര്‍ സൂക്ഷ്മമായി നിരീക്ഷിക്കും
-ഇടപാടില്‍ ഏതെങ്കിലും സംശയം വന്നാലുടന്‍ ബാങ്കിനെ അലര്‍ട്ട് ചെയ്യും. ഇതോടെ ബാങ്കുകള്‍ക്ക് ആ അക്കൗണ്ടുമായി ബന്ധപ്പെട്ട് നടക്കുന്ന ഇടപാട് തത്സമയം പരിശോധിക്കാനാവും.
-ആര്.ബി.ഐ ഇന്നൊവേഷന് ഹബ് സമയാസമയം മ്യൂള്‍ ഹണ്ടറില്‍ പുതിയ സംവിധാനങ്ങള്‍ കൂട്ടിച്ചേര്‍ത്ത് പരിഷ്കരിക്കുന്നതിനാല്‍ തട്ടിപ്പുകാര്‍ ഉപയോഗിക്കുന്ന പുതിയ രീതികള്‍ കണ്ടെത്താനും ജാഗ്രതനിര്‍ദേശം നല്‍കാനും സാധിക്കും.