ഗസ പൂര്‍ണമായും പിടിച്ചെടുക്കാന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സൈന്യത്തോട് ഉത്തരവിട്ടതായി റിപോര്‍ട്ട്. വിദേശത്തുള്‍പ്പെടെയുള്ള ഹമാസ് നേതാക്കളെ വധിക്കാനും ഇസ്രായേല്‍ പദ്ധതി തയ്യാറാക്കുന്നതായാണ് സൂചന.
|
ഇതിനകം ഗസയുടെ 75 ശതമാനം പ്രദേശവും നിയന്ത്രണത്തിലാക്കിയതായാണ് ഇസ്രായേല്‍ സൈന്യം അവകാശപ്പെടുന്നത്. പ്രധാനമായും ബന്ദികളെ തടവിലാക്കിയിട്ടുണ്ടെന്ന് കരുതുന്ന പ്രദേശങ്ങളിലാണ് ഇസ്രായേല്‍ കാര്യമായ സൈനിക നടപടികള്‍ സ്വീകരിക്കാത്തത്. ബന്ദികളുടെ ജീവന്‍ അപകടത്തിലാവുമെന്നത് പരിഗണിക്കാതെ ഈ മേഖലകള്‍ ഉള്‍പ്പെടെ പിടിച്ചെടുക്കാനാണ് നീക്കം.
എന്നാല്‍, ഇതിനോട് ഐഡിഎഫ് വിമുഖത പ്രകടിപ്പിപ്പിച്ചതായാണ് അറിയുന്നത്. ബന്ദികളെ തടവിലാക്കിയ പ്രദേശത്ത് സൈന്യം കടന്നു ചെന്നാല്‍ ഹമാസ് അവരെ വധിക്കുമെന്ന് ഐഡിഎഫ് ഭയക്കുന്നു.
എന്നാല്‍, പുതിയ നിര്‍ദേശം വേഗത്തില്‍ നടപ്പാക്കിയില്ലെങ്കില്‍ രാജിവെക്കണമെന്ന് പ്രധാനമന്ത്രി ഐ.ഡി.എഫ് തലവനോട് പറഞ്ഞതായി ജെറുസലേം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ഹമാസ് ബന്ദികളാക്കിയ ഇസ്രായേല്‍ പൗരന്മാരായ ബ്രാസ്ലാവ്സ്‌കിയും എവ്യാതര്‍ ഡേവിഡും വളരെ ദുരിതത്തിലാണെന്ന് കാണിക്കുന്ന വിഡിയോ പുറത്തുവന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് നെതന്യാഹുവിന്റെ ഉത്തരവ്.
”വിഡിയോ കാണുമ്പോള്‍, ഹമാസിന് എന്താണ് വേണ്ടതെന്ന് എനിക്ക് കൃത്യമായി മനസ്സിലാകുന്നുണ്ട്. അവര്‍ക്ക് സമാധാന കരാര്‍ വേണ്ട. ഈ വിഡിയോകള്‍ ഉപയോഗിച്ച് അവര്‍ നമ്മളെ തകര്‍ക്കാന്‍ ആഗ്രഹിക്കുന്നു” -നെതന്യാഹു ഞായറാഴ്ച ഒരു ടെലിവിഷന്‍ പ്രസംഗത്തില്‍ പറഞ്ഞു.
ശനിയാഴ്ച രാത്രി അടിയന്തര വെടിനിര്‍ത്തല്‍ കരാര്‍ ആവശ്യപ്പെട്ട് പതിനായിരക്കണക്കിന് ഇസ്രായേലികള്‍ തെരുവിലിറങ്ങി. സമീപകാലത്ത് പ്രതിഷേധങ്ങളില്‍ പങ്കുചേര്‍ന്ന ഏറ്റവും വലിയ ജനക്കൂട്ടങ്ങളിലൊന്നായിരുന്നു ഇത്. അന്താരാഷ്ട്ര റെഡ് ക്രോസ് കമ്മിറ്റിയിലെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയ നെതന്യാഹു, ബന്ദികളായവര്‍ക്ക് ഭക്ഷണവും മരുന്നും എത്തിക്കാന്‍ സംഘടനയോട് ആവശ്യപ്പെട്ടതായി പറഞ്ഞു.
അതേസമയം, ഗസയില്‍ ഇസ്രായേല്‍ സൈന്യത്തിന്റെ ക്രൂരത തുടരുകയാണ്. മേയ് മുതല്‍ സഹായം ലഭ്യമാക്കാന്‍ ശ്രമിക്കുന്നതിനിടെ ഏകദേശം 1,400 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭ കണക്കാക്കുന്നു. ഇസ്രായേല്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ കരാറുകാരന്‍ നടത്തുന്ന വിതരണ കേന്ദ്രങ്ങള്‍ക്ക് സമീപമാണ് ഏറ്റവുമധികം പേര്‍ കൊല്ലപ്പെട്ടത്. സിവിലിയന്മാരെ നേരിട്ട് ലക്ഷ്യം വച്ചെന്ന വാര്‍ത്ത ഇസ്രായേല്‍ സൈന്യം നിഷേധിച്ചു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





