13
Aug 2025
Sat
13 Aug 2025 Sat
CHAT GPT-5

അങ്ങനെ കാത്തിരുന്ന ചാറ്റ്ജിപിടിയുടെ പുതിയ മോഡല്‍ ജിപിടി-5 എത്തി. കൃത്യത, വേഗത, യുക്തി, സന്ദര്‍ഭം തിരിച്ചറിയാനുള്ള ശേഷി, ഘടനാപരമായ ചിന്ത, പ്രശ്നപരിഹാരം എന്നിവയില്‍ മുമ്പുള്ള എന്തിനേക്കാളും മികച്ചത് എന്ന അവകാശവാദത്തോടെയാണ് ഓപ്പണ്‍എഐ പുതിയ മോഡല്‍ അവതരിപ്പിച്ചിരിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇതിനകം തന്നെ വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുന്ന അപ്ഡേറ്റുകളാണ് പുത്തന്‍ ചാറ്റ് ജിപിടിയിലുള്ളത്. ഏറ്റവും ശക്തമായ ഭാഷ മോഡലാണെന്ന പ്രചരണവുമായെത്തിയ ഈ വെര്‍ഷന്‍ വേഗതയുള്ളതും കുറച്ചുകൂടി സ്മാര്‍ട്ടായതും യൂസര്‍ ഫ്രണ്ട്ലിയുമാണ്.

പുതുക്കിയ വെര്‍ഷനൊപ്പം ഒരുപാട് പുതിയ ഫീച്ചറുകളും ഈ വെര്‍ഷനിലുണ്ട്. സെര്‍ച്ച് ചെയ്താല്‍ വേഗത്തിലും കൂടുതല്‍ കൃത്യതോടെയുമുള്ള മറുപടികളായിരിക്കും ഇനി ലഭിക്കുക. ഫോട്ടോകള്‍ക്ക് വ്യാഖ്യാനങ്ങള്‍ നല്‍കാനും വോയിസ് സംഭാഷണങ്ങള്‍, ഇമോഷണല്‍ ഇന്റലിജന്‍സുമായുള്ള മറുപടികള്‍ എന്നിവയെല്ലാം ഇതിലുണ്ട്.

ALSO READ: ചാറ്റ് ജിപിടിയും ഗ്രോക്കും ഉപയോഗിച്ച് 10 ദിവസം കൊണ്ട് നിക്ഷേപം ഇരട്ടിയാക്കി; ട്രേഡിങില്‍ എഐ പുലിയാണെന്ന് നിക്ഷേപകന്‍

സാം ആള്‍ട്ട്മാന്റെ വാക്കുകള്‍

പുതിയ മോഡല്‍ അവതരിപ്പിച്ചു കൊണ്ട് ഓപ്പണ്‍എഐ സിഇഒ സാം ആള്‍ട്ട്മാന്‍ പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. യുഎസ് കഴിഞ്ഞാല്‍ ചാറ്റ്ജിപിടിയുടെ ഏറ്റവും വലിയ മാര്‍ക്കറ്റ് ഇന്ത്യയാണ്. വൈകാതെ തന്നെ ആഗോള മാര്‍ക്കറ്റില്‍ ഇന്ത്യ ഒന്നാമത് എത്തുമെന്നും ആള്‍ട്ട്മാന്‍ പറയുന്നു. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഓപ്പണ്‍എഐയുടെ തീരുമാനം എന്ന് വ്യക്തം. വരുന്ന സെപ്റ്റംബറില്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്നും സാം ആള്‍ട്ട്മാന്‍ വ്യക്തമാക്കി.

ആളുകളുമായി നടത്തിയ സംഭാഷണങ്ങള്‍ സേവ് ചെയ്ത് അത് പിന്നീടും ഓര്‍ത്ത് വെക്കാന്‍ ചാറ്റ് ജിപിടി പുതിയ വെര്‍ഷനില്‍ സാധിക്കും . ദീര്‍ഘകാല സംഭാഷണങ്ങള്‍ കുറച്ചൂടി വ്യക്തിപരമാകാന്‍ ഇത് സാധിക്കും.

‘ജിപിടി-5 പിഎച്ച്ഡി ലെവല്‍’

GPT-4ല്‍ നിന്ന് GPT-5-ലേക്ക് എത്തുമ്പോള്‍ വലിയ കുതിച്ചുചാട്ടമാണെന്നും, ആര്‍ട്ടിഫിഷ്യല്‍ ജനറല്‍ ഇന്റലിജന്‍സ് രംഗത്തെ പ്രധാന ചുവടുവെപ്പാണെന്നുമാണ് സാം ആള്‍ട്ട്മാന്‍ പറയുന്നത്. ജിപിടി-3 ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയോട് സംസാരിക്കുന്നത് പോലെയാണെങ്കില്‍ ജിപിടി-4 കോളേജ് വിദ്യാര്‍ത്ഥിയോട് സംസാരിക്കുന്നതു പോലെയാണ്. എന്നാല്‍ ജിപിടി-5 പിഎച്ച്ഡി തലത്തിലുള്ള വിദഗ്ധനുമായി സംസാരിക്കുന്നതു പോലെയായിരിക്കും അനുഭവം എന്നും സാം ആള്‍ട്ട്മാന്‍ അവകാശപ്പെടുന്നു. ഇതിനകം ചാറ്റ്ജിപിടി ഉപയോക്താക്കള്‍ക്ക് ജിപിടി-5 മോഡല്‍ ലഭിച്ചു കഴിഞ്ഞിട്ടുണ്ടാകും. അടുത്തയാഴ്ചയോടെ എന്റര്‍പ്രൈസ്, എഡ്യൂ ഉപഭോക്താക്കള്‍ക്കും ഈ മോഡല്‍ ലഭ്യമാകും.

മൊബൈല്‍ ഫോണിലോ വെബ്ബിലോ പുതിയ വെര്‍ഷന്‍ ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ നൂതന ടൂള്‍സുകളായ ഫയല്‍ അപ്ലോഡിങ്, ഇമേജ് ജെനറേഷന്‍, കോഡ് അനലൈസിസ് എന്നിവക്കെല്ലാം ചാറ്റ് ജിപിടി പ്ലസ് പ്ലാന്‍ എടുക്കേണ്ടി വരും.

എന്താണ് ജിപിടി-5?

ജിപിടി-5 എന്നാല്‍ ജനറേറ്റീവ് പ്രീ-ട്രെയിന്‍ഡ് ട്രാന്‍സ്ഫോര്‍മര്‍ പതിപ്പ് ഫൈവ്, ഓപ്പണ്‍എഐ ഇതുവരെ പുറത്തിറക്കിയതില്‍ വെച്ച് ഏറ്റവും വികസിതവും ബുദ്ധിപരവുമായ മോഡലാണ്. ഈ പുതിയ മോഡല്‍, സ്ഥാപനത്തിന്റെ മുന്‍ പതിപ്പുകളായ ജിപിടി-4, ജിപിടി-3.5 എന്നിവയുടെ പരിമിതികളെ മറികടന്ന്, ഒരു മെഷീന്‍ വെറും പ്രതികരിക്കുക മാത്രമല്ല, ചിന്തിക്കുകയും, മനസ്സിലാക്കുകയും, വിശകലനം ചെയ്യുകയും ചെയ്യുന്ന ഒരു യുഗത്തിലേക്ക് പ്രവേശിക്കുന്നു. ജിപിടി-5-നെ ‘ഏകീകൃത സംവിധാനമായി’ രൂപകല്‍പ്പന ചെയ്തിരിക്കുന്നു. അതായത്, എല്ലാ കൃത്രിമ ബുദ്ധിശേഷികളെയും- ടെക്സ്റ്റ് ഉത്പാദനം, ഇമേജ് പ്രോസസ്സിംഗ്, കോഡിംഗ്, ഡാറ്റ അനാലിസിസ്, വിഷ്വല്‍ എക്‌സ്പ്ലനേഷന്‍- ഒരൊറ്റ ഇന്റര്‍ഫേസില്‍ ഏകീകരിക്കുന്നു.

ജിപിടി-5-ന്റെ പ്രധാന സവിശേഷതകള്‍

1. സ്വയമേവ നിര്‍ണ്ണയം

ഏത് ചോദ്യങ്ങള്‍ക്കാണ് കൂടുതല്‍ ആഴത്തിലുള്ള ചിന്ത ആവശ്യമുള്ളതെന്ന് ജിപിടി-5 ഇപ്പോള്‍ സ്വയമേവ നിര്‍ണ്ണയിക്കുന്നു. ജിപിടി-4-ല്‍ ഉപയോക്താക്കള്‍ ‘തിങ്ക് ലോംഗര്‍’ മോഡ് ആരംഭിക്കേണ്ടി വന്നിരുന്നു, എന്നാല്‍ ആ പ്രക്രിയ ജിപിടി-5 ല്‍ സ്വയമേവ നടക്കുന്നു.

2. പിഎച്ച്ഡി-തലത്തിലുള്ള വൈദഗ്ദ്ധ്യ ശേഷി

ജിപിടി-5 ഒരു മേഖലയിലെ വിദഗ്ധനെ പോലെ പ്രവര്‍ത്തിക്കാന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്. ഫീല്‍ഡ് സയന്‍സ്, ഗണിതം, സാഹിത്യം, നിയമം അല്ലെങ്കില്‍ മെഡിക്കല്‍ ഏതുമാകട്ടെ- ഈ മോഡല്‍ എല്ലാ മേഖലകളിലും ആഴത്തിലുള്ള ഗ്രാഹ്യം കാണിക്കുന്നു.

ഉപയോക്താക്കള്‍ക്ക് ജിപിടി-5-ല്‍ നിന്ന് എന്ത് ലഭിക്കും? ഈ മോഡല്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുക മാത്രമല്ല, അവയുടെ യുക്തിപരമായ വിശകലനവും ഘട്ടം ഘട്ടമായുള്ള പരിഹാരങ്ങളും നല്‍കുന്നു. ജിപിടി-5 മനുഷ്യ ചിന്തകളെ കൂടുതല്‍ നന്നായി മനസ്സിലാക്കുകയും അതിനനുസരിച്ച് പ്രതികരിക്കാന്‍ കഴിയുന്ന തരത്തിലും രൂപകല്‍പ്പന ചെയ്തിരിക്കുന്നു.

ജിപിടി-5 ഏത് മേഖലകളില്‍ കൂടുതലായി സ്വാധീനം ചെലുത്തും?

1. വിദ്യാഭ്യാസം

ജിപിടി-5-ന് ഒരു വെര്‍ച്വല്‍ അദ്ധ്യാപകനായി പ്രവര്‍ത്തിക്കാന്‍ കഴിയും, ഇത് വിദ്യാര്‍ഥികള്‍ക്ക് പാഠങ്ങള്‍ ആഴത്തില്‍ വിശദീകരിക്കുന്നു.

2. ആരോഗ്യ സംരക്ഷണ സേവനം

ഡോക്ടര്‍മാര്‍ക്കും മെഡിക്കല്‍ സ്റ്റാഫിനും ജിപിടി-5 ഉപയോഗിച്ച് സങ്കീര്‍ണ്ണമായ കേസ് വിശകലനവും റിപ്പോര്‍ട്ട് സൃഷ്ടിയും കൂടുതല്‍ കൃത്യമായി ചെയ്യാന്‍ കഴിയും.

3. നീതിന്യായ രംഗം

കേസ് പഠനങ്ങള്‍, കുറിപ്പുകള്‍, താര്‍ക്കിക വിശകലനം എന്നിവയില്‍ ഇത് സഹായകമാണ്.

4. പ്രോഗ്രാമിംഗ്

ജിപിടി-5-ന് ഇപ്പോള്‍ കോഡ് സൃഷ്ടി, തെറ്റുതിരുത്തല്‍, യുക്തിപരമായ ഘടന തുടങ്ങിയ കാര്യങ്ങളില്‍ ഒരു വിദഗ്ധനെ പോലെ സഹായിക്കാന്‍ കഴിയും. ജിപിടി-5 പുറത്തിറക്കിയതിനെക്കുറിച്ച് സാം ആള്‍ട്ട്മാന്‍ പറഞ്ഞത് ഇതാണ്, ‘ജിപിടി-5 ഇനി ഒരു കൃത്രിമ ബുദ്ധി മാതൃക മാത്രമല്ല, ഇത് അറിവ്, ധാരണ, സിദ്ധാന്തം എന്നിവയുടെ സമ്പൂര്‍ണ്ണ സംയോജനമാണ്. ഇതിനോടൊപ്പം സംസാരിക്കുന്നത് ഒരു മേഖലയിലെ വിദഗ്ധനുമായി മുഖാമുഖം സംസാരിക്കുന്നതുപോലെയാണ്.’

ഫ്രീ, പ്ലസ്, പ്രോ, ടീം, എന്റെര്‍പ്രൈസ് എന്നിങ്ങെ അഞ്ച് പ്ലാനിലാണ് ചാറ്റ് ജിപിടി ഉപയോഗിക്കാന്‍ സാധിക്കുക. ബേസിക്കായുള്ള എല്ലാ കാര്യങ്ങളും ഫ്രീ പ്ലാനില്‍ ലഭിക്കും. വെബ് സെര്‍ച്ച്, വോയിസ് മോഡ്, ലിമിറ്റഡ് ഫയല്‍ അപ്ലോഡിങ് എന്നിവയാണ് ഇതില്‍ ലഭിക്കുക.

പ്ലസ് പ്ലാന്‍- അഡ്വാന്‍സ്ഡ് വോയിസ് നോട്സ്, കൂടിയ ലിമിറ്റ്, ലിമിറ്റിഡ് വീഡിയ ജെനറേഷന്‍ എന്നിവ ഈ പ്ലാനില്‍ ലഭ്യമാകും. 20 ഡോളറാണ് ഈ പ്ലാനില്‍ ലഭിക്കുക.

പ്രോ പ്ലാന്‍- മാസം 200 ഡോളര്‍ നല്‍കിയാല്‍ ലഭിക്കുന്ന പ്ലാനാണ്, ദി പ്രോ പ്ലാന്‍. ജിപിടി 5ല്‍ അണ്‍ലിമിറ്റ്ഡ് ആക്സസ് ലഭിക്കുന്നതിനോടൊപ്പം മെച്ചപ്പെടുത്തിയ കമ്പ്യൂട്ട് പവര്‍, നൂതനമായ വോയിസ് ആന്‍ഡ് വീഡിയോ കാര്യക്ഷമത, എക്സ്ടെന്റഡ് ഏജന്റ് ആക്സസ്, ഫീച്ചര്‍ പ്രിവ്യൂസ് എന്നിവയെല്ലാം ഈ പ്ലാനില്‍ ലഭിക്കും. സാധാരണയായി ഉപയോഗിക്കുന്നവര്‍ മുതല്‍ പ്രൊഫഷണല്‍സിനും ടോപ് ടയര്‍ എഐ ടൂള്‍ ആവശ്യമുള്ളവര്‍ക്കുമെല്ലാം ഇത് ഉപയോഗിക്കാവുന്നതാണ്.

ടീം പ്ലാന്‍- ഒരാള്‍ക്ക് മാസം 25 ഡോളറെന്ന നിലയിലും 30 ഡോളറെന്ന നിലക്കും ഈ ടീം പ്ലാന്‍ ലഭ്യമാകും. എന്‍ടെര്‍പ്രൈസ് പ്ലാന്‍ നൂതനമായ ആവശ്യങ്ങളുള്ള കമ്പനികള്‍ക്കുള്ളതാണ്. ളപയോക്താവിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഇതിന്റെ വില കസ്റ്റമൈസ് ചെയ്യാന്‍ സാധിക്കുന്നതാണ്. ആവശ്യക്കാര്‍ ഓപ്പണ്‍ എഐയുടെ സെയില്‍സ് ഡിപാര്‍ട്മെന്റിനെ ബന്ധപ്പെടണം.