22
Sep 2022
Wed
22 Sep 2022 Wed

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുപ്പതി തിരുമല ക്ഷേത്രത്തിന് ഒരു കോടി രൂപ സംഭാവന നൽകി മുസ്‌ലിം ദമ്പതികൾ. ചെന്നൈ സ്വദേശികളായ അബ്ദുൽ ഘനി, സുബീന ബാനു എന്നിവരാണ് തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് ഒരു കോടിയിലേറെ രൂപ നൽകിയത്.

 

തിരുമലയിൽ പുതുതായി നിർമിച്ച പത്മാവതി റെസ്റ്റ് ഹൗസിന് 87 ലക്ഷം രൂപയുടെ ഫർണിച്ചറുകളും പാത്രങ്ങളും ദമ്പതികൾ സംഭാവന ചെയ്തു. കൂടാതെ, എസ്.വി അന്നപ്രസാദം ട്രസ്റ്റിന് 15 ലക്ഷം രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റും അവർ കൈമാറിയതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

 

ഇരുവരും ക്ഷേത്ര ഉദ്യോ​ഗസ്ഥർക്കൊപ്പം നിൽക്കുന്ന ചിത്രം പുറത്തുവന്നു. തിരുപ്പതി ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസർ എ വി ധർമ റെഡ്ഡിയാണ് സംഭാവന ഔദ്യോഗികമായി സ്വീകരിച്ചത്. ദമ്പതികളുടെ സംഭാവനയ്ക്ക് അവർ നന്ദി അറിയിച്ചു.

 

കഴിഞ്ഞ ഫെബ്രുവരിയിൽ, ചെന്നൈയിൽ നിന്നുള്ള 76കാരനായ ഒരു ഭക്തൻ ക്ഷേത്രത്തിന് 9.2 കോടി രൂപ സംഭാവന നൽകിയിരുന്നു. ഇദ്ദേഹം അടുത്തിടെ മരിച്ചിരുന്നു.

 

തിരുപ്പതിക്ക് സമീപമുള്ള തിരുമലയിലെ മലയോര നഗരത്തിലാണ് വെങ്കിടേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഹൈദരാബാദിൽ നിന്ന് 600 കിലോമീറ്റർ അകലെയാണിത്. ഇന്ത്യയില്‍ ഏറ്റവും വരുമാനമുള്ള ക്ഷേത്രമാണിത്.