02
Jul 2023
Wed
02 Jul 2023 Wed

ഉപ്പിനു പകരം മൂത്രം കലര്‍ത്തി പോപ് കോണ്‍ തയ്യാറാക്കിയ മുസ് ലിം വ്യാപാരിയെ കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തുവെന്ന് സാമൂഹിക മാധ്യമങ്ങളില്‍ വ്യാജ പ്രചാരണം. തുപ്പലിനു ശേഷം മൂത്ര ജിഹാദെന്ന അടിക്കുറിപ്പോടെ പ്രചരിക്കുന്ന വീഡിയോ വന്‍തോതില്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. ബെംഗളൂരു നഗരത്തിലെ പോപ് കോണ്‍ വില്‍പ്പനക്കാരനെ പൊലീസ് പിടിച്ചുകൊണ്ടുപോവുന്നതിന്റെ വീഡിയോയും മഞ്ഞക്കളറിലെ ദ്രാവകം അടങ്ങിയ പ്ലാസ്റ്റിക് കുപ്പി പൊലീസ് വാഹനത്തില്‍ എടുത്തുവയ്ക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അതേസമയം ഈ വീഡിയോ പകര്‍ത്തപ്പെട്ടത് 2022ലാണ്. പോപ് കോണ്‍ തയ്യാറാക്കുന്നതിനിടെ വ്യാപാരി മൂന്നു പ്രാവശ്യം ഇതിലേക്ക് തുപ്പിയെന്ന ആരോപിച്ചാണ് ഒരാള്‍ പ്രശ്‌നമുണ്ടാക്കുകയും പൊലീസില്‍ വിവരമറിയിക്കുകയും ചെയ്തത്. നവാസ് പാഷയെന്ന വ്യാപാരി ഇതു നിഷേധിക്കുകയും പോപ്‌കോണ്‍ തയ്യാറാക്കുന്നതിനു വേണ്ടി വാങ്ങിയ എണ്ണ കുപ്പിയിലേക്ക് ഒഴിക്കുന്നതിനു പാക്കറ്റിന്റെ അരികില്‍ കടിക്കുകയും വായില്‍ വീണ പ്ലാസ്റ്റിക് കഷ്ണം പുറത്തേക്ക് തുപ്പിക്കളയുകയായിരുന്നുവെന്നും വ്യക്തമാക്കുകയും ചെയ്തിരുന്നു. സ്റ്റേഷനിലെത്തിച്ച നവാസ് പാഷയെ പൊലീസ് അന്നുതന്നെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയയ്ക്കുകയും ചെയ്തു.

കടിച്ചുതുറന്ന പാക്കറ്റില്‍ നിന്ന് എണ്ണ കുപ്പിയിലേക്ക് ഒഴിക്കുമ്പോഴാണ് ഇവിടെയുണ്ടായിരുന്ന ഒരാളെത്തി തന്നോട് പേര് ചോദിച്ചതെന്നും ഇതിനു ശേഷം താന്‍ തുപ്പിയെന്നാരോപിച്ച് പ്രശ്‌നമുണ്ടാക്കുകയായിരുന്നുവെന്നും നവാസ് പാഷ ന്യൂസ് മിനിറ്റിനോട് പറയുകയുണ്ടായി. പോപ് കോണില്‍ എണ്ണയ്ക്കുപകരം മൂത്രം കലര്‍ത്തിയെന്ന പ്രചാരണം തെനറ്റാണെന്ന് ബെംഗളൂരി സിദ്ദപുര പൊലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ ഹനുമന്ത് കെ ഭജാന്ത്രി വ്യക്തമാക്കി.

അതേസമയം ഈ വീഡിയോ വാട്‌സ്ആപ്പിലടക്കം മുസ് ലിം വിദ്വേഷപ്രചാരണത്തിന് ഉപയോഗിക്കപ്പെടുകയാണ്. മുസ് ലിം ബിരിയാണിക്കടകളുടെ എണ്ണം കൂടുന്നുവെന്നും ബിരിയാണിയും ചിക്കന്‍ പക്കോടയും മറ്റും മൂത്രവും തുപ്പലും കലര്‍ത്തിയാണ് ഇളക്കുന്നതെന്നും ഇതിനെ മതപരമായ കടമ എന്ന വിളിക്കുന്നുവെന്നുമുള്ള വിദ്വേഷ കുറിപ്പ് മുസ് ലിംകളുടെ ഹോട്ടലുകളും ബേക്കറികളും മരുന്നുകടകളും ബഹിഷ്‌കരിക്കണമെന്ന് പറയുന്നത് ഇതുകൊണ്ടാണെന്നും പറയുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക