ഇന്ന് പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനം; ആശംസ നേര്‍ന്ന് മുഖ്യമന്ത്രി
|
ഇന്ന് പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനം. പള്ളികളിലും മദ്രസകളിലും എല്ലാം പ്രത്യേക ചടങ്ങുകള്‍ നടക്കും. ചന്ദ്ര വര്‍ഷം റബീഉല്‍ അവ്വല്‍ 12നാണ് പ്രവാചകന്‍ മുഹമ്മദ് നബി ജനിച്ചത്. റബീഉല്‍ അവ്വല്‍ മാസപ്പിറവി കണ്ടത് മുതല്‍ തന്നെ മിക്കയിടത്തും പള്ളികളും മദ്രസകളും അലങ്കാരങ്ങളായിരുന്നു. ഇന്ന് രാവിലെ പള്ളികളില്‍ നടക്കുന്ന മൗലൂദ് പാരായണത്തോടെയാണ് തുടക്കം. മദ്രസകളില്‍ കുട്ടികളുടെ വര്‍ണാഭമായ നബിദിന റാലി ഇന്ന് നടക്കും. ഇതിനുള്ള പരിശീലനങ്ങള്‍ ഇതിനകം പൂര്‍ത്തിയായി. മഹല്ലുകള്‍ കേന്ദ്രീകരിച്ച് മിക്കയിടത്തും ഭക്ഷണ വിതരണവുമുണ്ട്.
വൈകിട്ടു മുതല്‍ നാടാകെ നബിദിന സമ്മേളനങ്ങളാണ്. നബിയെ പ്രകീര്‍ത്തിച്ച് മുതിര്‍ന്നവരുടെ മീലാദ് റാലിയും ഉണ്ടാകും. നബിദിന യോഗങ്ങളില്‍ പ്രമുഖ പണ്ഡിതരുടെ പ്രഭാഷണം, പരീക്ഷകളില്‍ മികച്ച വിജയം നേടിയവരെ അനുമോദിക്കല്‍, കുട്ടികളുടെ കലാപരിപാടികള്‍ എന്നിവയും നടക്കും. അറബിക് കോളജുകളിലും മറ്റും ദിവസങ്ങള്‍ നീളുന്ന ചടങ്ങുകളാണ് ഒരുക്കിയിട്ടുള്ളത്.
അതേസമയം, നബി ദിന ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാഹോദര്യവും സമത്വവും ഒത്തുചേരുന്ന വിശ്വമാനവികതയാണ് മുഹമ്മദ് നബിയുടെ സന്ദേശങ്ങള്‍ ഉയര്‍ത്തുന്നതെന്ന് അദ്ദേഹം സന്ദേശത്തില്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെ ‘സാഹോദര്യവും സമത്വവും ഒത്തുചേരുന്ന വിശ്വമാനവികതയാണ് മുഹമ്മദ് നബിയുടെ സന്ദേശങ്ങള്‍ ഉയര്‍ത്തുന്നത്. അതു മറ്റുള്ളവരിലേക്ക് പകരാനും പരസ്പര സ്‌നേഹത്തോടെ ഒത്തുചേര്‍ന്ന് ആഘോഷിക്കാനും നബിസ്മരണ ഉണരുന്ന ഈ ദിനത്തില്‍ നമുക്ക് സാധിക്കട്ടെ. ഏവര്‍ക്കും ഹൃദയപൂര്‍വ്വം നബിദിനാശംസകള്‍ നേരുന്നു’- മുഖ്യമന്ത്രി പറഞ്ഞു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





