ആലപ്പുഴ: വായിച്ചാല്‍ സിനിമയിലെ കഥയാണെന്ന് തോന്നും. എന്നാലിത് റിയല്‍ ലൈഫില്‍ നടന്ന സംഭവമാണ്. സൈക്കിള്‍ യാത്രികനെ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയ ലോറി പിന്തുടര്‍ന്ന് പിടിച്ചിട്ടിരിക്കുകയാണ് നടി നവ്യ നായര്‍. പട്ടണക്കാട് അഞ്ചാം വാര്‍ഡ് ഹരിനിവാസില്‍ രമേശിന്റെ സൈക്കിളില്‍ ഇടിച്ച് നിര്‍ത്താതെ പോയ ലോറിയാണ് നടി സിനിമാ സ്‌റ്റൈലില്‍ പിന്തുടര്‍ന്ന് നിര്‍ത്തിച്ചത് തുടര്‍ന്ന് അപകടവിവരം കൃത്യസമയത്ത് പൊലീസിലും അറിയിച്ച് ചികിത്സയും ഉറപ്പാക്കിയ ശേഷമാണ് നവ്യ മടങ്ങിയത്. മൈനാഗപ്പള്ളിയില്‍ യുവതിയുടെ മരണത്തിനിടയാക്കിയ അപകടമുണ്ടാക്കിയ വാഹനം നിര്‍ത്താതെ പോയ സംഭവം വലിയ വിമര്‍ശനത്തിന് ഇടയാക്കുമ്പോഴാണ് നവ്യാ നായരില്‍നിന്ന് മാതൃകാ ഇടപെടല്‍ ഉണ്ടായിരിക്കുന്നത്.
|
ഇന്നലെ രാവിലെ 8.30ഓടെ പട്ടണക്കാട് ഇന്ത്യന്‍ കോഫി ഹൗസിന് സമീപമാണ് അപകടം. ദേശീയപാതനവീകരണത്തിനായി തൂണുകളുമായി വന്ന ഹരിയാന രജിസ്‌ട്രേഷനിലുള്ള HR 55 AC 9519 ട്രെയിലറാണ് രമേശന്‍ സഞ്ചരിക്കുന്ന സൈക്കിളില്‍ ഇടിച്ചത്. ഇടിച്ചെങ്കിലും ട്രെയിലര്‍ നിര്‍ത്താതെ പോകുകയായിരുന്നു. തൊട്ടുപിന്നിലുണ്ടായിരുന്ന നവ്യ ഇതോടെ ട്രെയിലര്‍ പിന്തുടര്‍ന്നു. ഇതു കണ്ട ട്രെയിലര്‍ നിര്‍ത്തി.
അപകടം നവ്യ കണ്‍ട്രോള്‍ റൂമില്‍ വിളിച്ചറിയിച്ചതിനാല്‍ ഹൈവേ പൊലീസും പട്ടണക്കാട് എഎസ്‌ഐ ട്രീസയും സ്ഥലത്തെത്തി. ഡ്രൈവറെയുള്‍പ്പെടെ എസ്എച്ച്ഒ കെ.എസ് ജയന്‍ സ്‌റ്റേഷനിലേക്ക് കൊണ്ടുപോയ ശേഷമാണ് നവ്യ യാത്ര തുടര്‍ന്നത്.
ലോറി പൊലീസ് പിടിച്ചെടുത്തു. പരിക്കേറ്റ രമേശനെ ഹൈവേ പൊലീസിന്റെ വാഹനത്തില്‍ ആദ്യം തുറവൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചു. പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
Navya Nair caught after the lorry that hit the cyclist


