ന്യൂഡല്‍ഹി: എന്‍സിഇആര്‍ടി പാഠപുസ്തകത്തില്‍ നിന്ന് ബാബരി മസ്ജിദ് പൊളിച്ചുനീക്കിയതുമായി ബന്ധപ്പെട്ട ഏടുകള്‍ നീക്കംചെയ്ത് കേന്ദ്രം. ഇതിനു പകരം രാമജന്മഭൂമി മുന്നേറ്റത്തെക്കുറിച്ചുള്ള പാഠഭാഗം ഉള്‍പ്പെടുത്തും. പന്ത്രണ്ടാം ക്ലാസിലെ പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകത്തില്‍ മൂന്നിടങ്ങളിലാണ് ബാബരി മസ്ജിദ് പൊളിച്ചുനീക്കിയതുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളുണ്ടായിരുന്നത്. മാറ്റങ്ങള്‍ വരുത്തിയ പുസ്തകം ഉടന്‍ തന്നെ സ്‌കൂളുകളില്‍ വിതരണത്തിനെത്തും. (NCERT removed Babari Masjid Demolition chapter from text books and included ramajanmabhumi movement)
|
പുസ്തകത്തിലെ എട്ടാം അധ്യായമായ പൊളിറ്റിക്‌സ് ഇന്‍ ഇന്ത്യ സിന്‍സ് ഇന്‍ഡിപെന്‍ഡന്‍സിലാണ് എന്‍സിആര്‍ടി മാറ്റം വരുത്തിയത്. 2006-2007ലാണ് ഈ പാഠപുസ്തകം അച്ചടിച്ചത്. ഇന്ത്യന്‍ രാഷ്ടീയത്തിലെ അഞ്ചു പ്രധാന സംഭവങ്ങളുടെ കൂടെയാണ് അയോധ്യയിലെ ബാബരി മസ്ജിദ് ധ്വംസനത്തെക്കുറിച്ച് വിശദീകരിച്ചിരുന്നത്. 1989ലെ കോണ്‍ഗ്രസിന്റെ പരാജയം, 1990ലെ മണ്ഡല്‍ കമ്മീഷന്‍, 1991ല്‍ ആരംഭിച്ച സാമ്പത്തിക പരിഷ്‌കരണം, 1991ലെ രാജീവ് ഗാന്ധി വധം എന്നിവയായിരുന്നു മറ്റ് നാല് സംഭവങ്ങള്‍.
പുസ്തകത്തിലെ 148 മുതല്‍ 151 വരെയുള്ള പേജുകളില്‍ 1986ല്‍ ബാബരി മസ്ജിദിന്റെ പൂട്ട് തുറന്നതും ബാബരി മസ്ജിദ് പൊളിക്കലും പൊളിക്കലിനു ശേഷമുള്ള സംഭവങ്ങള്‍, ബിജെപി ഭരിച്ചിരുന്ന സംസ്ഥാനങ്ങളില്‍ പ്രസിഡന്റ് ഭരണം ഏര്‍പ്പെടുത്തിയത്, വര്‍ഗീയ കലാപങ്ങള്‍, മതേതരത്തെക്കുറിച്ചുള്ള സംവാദങ്ങള്‍ മുതലായവയാണ് ഉള്‍പ്പെടുത്തിയിരുന്നത്.
പരിഷ്‌കരിച്ച പാഠപുസ്തകത്തിന്റെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും മാറ്റംവരുത്തിയെന്ന് എന്‍സിആര്‍ടി പ്രസ്താവിക്കുകയും ചെയ്തിട്ടുണ്ട്. പുതിയ രാഷ്ട്രീയ സംഭവവികാസങ്ങള്‍ ഉള്‍പ്പെടുത്താനാണ് ഇവ മാറ്റിയതെന്നാണ് വിശദീകരണം. ബാബരി മസ്ജിദ് പൊളിച്ചുമാറ്റിയ ഭൂമിയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍
അനുമതി നല്‍കിയ സുപ്രിംകോടതിയുടെ ഭരണഘടനാബെഞ്ചിന്റെ ഉത്തരവിന് വ്യാപക സ്വീകാര്യത ലഭിച്ചെന്നും ഇതിനാലാണ് പുസ്തകത്തില്‍ മാറ്റം വരുത്തിയതെന്നും എന്‍സിഇആര്‍ടി തങ്ങളുടെ വെബ്‌സൈറ്റില്‍ പറയുന്നു. 2017 മുതല്‍ എന്‍സിആര്‍ടി പാഠപുസ്തകങ്ങളില്‍ മൂന്നുതവണ പരിഷ്‌കരണം വരുത്തുകയും ഒട്ടേറെ ചരിത്രങ്ങളെ പുസ്തകത്തില്‍ നിന്നു നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇതിനു ശേഷമാണ് നാലാം തവണയും പരിഷ്‌കരണം നടത്തിയിരിക്കുന്നത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





