18
Feb 2026
Wed
18 Feb 2026 Wed
Nedumangad district hospital

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ സിസേറിയനിടെ കുഞ്ഞ് മരിച്ചു. പാലോട് സ്വദേശിനി നിരഞ്ജനയുടെയും ബിനിലിന്റെയും കുഞ്ഞാണ് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് ബന്ധുക്കളുടെ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് ഡോക്ടറോട് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. കെ ജെ റീന ആവശ്യപ്പെട്ടു. മുമ്പ് ആരോപണ വിധേയായ ഡോക്ടര്‍ ബിന്ദു സുന്ദറിനെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ ഡയറക്ടര്‍ക്ക് ആരോഗ്യമന്ത്രി വീണ ജോര്‍ജ് കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്നലെയാണ് പൂര്‍ണ ഗര്‍ഭിണിയായ നിരഞ്ജനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയ്ക്കായി എത്തിയ നിരഞ്ജനയെ അഡ്മിറ്റാവാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. രാവിലെ നാല് മണിയോടെ നിരഞ്ജനയെ ലേബര്‍ റൂമിലേക്ക് കൊണ്ടുപോയി. ഉച്ചക്ക് രണ്ടു മണിയോടെ സിസേറിയന്‍ നടത്തി കുഞ്ഞിനെ പുറത്ത് എടുത്തു. പിന്നാലെ കുഞ്ഞു മരിക്കുകയായിരുന്നു. ശ്വാസ തടസമാണ് മരണകാരണമെന്നാണ് ഡോക്ടര്‍ പറഞ്ഞത്. ബന്ധുക്കളുടെ പ്രതിഷേധത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും ഭാഗമായി. തുടര്‍ന്ന് സ്ഥലത്തെത്തിയ ആര്‍ഡിഒ ജയകുമാര്‍, ആരോപണം വിശദമായി അന്വേഷിക്കുമെന്ന് ഉറപ്പുനല്‍കി.

ALSO READ: അഞ്ചുവയസ്സുകാരിയെ കനാലിലെറിഞ്ഞ് കൊല്ലാന്‍ ശ്രമം; പിതാവ് അറസ്റ്റില്‍

വേദന ഇല്ലാതിരുന്ന നിരഞ്ജനയെ പുലര്‍ച്ചെ ലേബര്‍ റൂമിലേക്ക് കൊണ്ടുപോയെന്നും മണിക്കൂറുകള്‍ ലേബര്‍ റൂമില്‍ കിടത്തിയ ശേഷമാണ് ശസ്ത്രക്രിയ നടത്തിയതെന്നും കുടുംബം ആരോപിച്ചു.

സംഭവത്തില്‍ ആശുപത്രിക്കെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. ആര്‍.ഡി.ഒയെയും സൂപ്രണ്ടിനേയും തടഞ്ഞുവെച്ചാണ് കഴിഞ്ഞ ദിവസം പ്രതിഷേധം നടന്നത്. തുടര്‍ന്ന് സംഭവത്തില്‍ അടിയന്തരമായി അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കുകയായിരുന്നു.

സംഭവത്തെ കുറിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പ്രത്യേകസംഘം അന്വേഷണം നടത്തും. ഡോക്ടര്‍ക്ക് എതിരെയുള്ള എല്ലാ പരാതികളും അന്വേഷിക്കുമെന്നും ഡയറക്ടര്‍ അറിയിച്ചിട്ടുണ്ട്. ഡോ. ബിന്ദു സുന്ദറിനെതിരെ മറ്റ് രണ്ട് പരാതികള്‍ കൂടി ഡി.എം.ഒക്ക് ലഭിച്ചിട്ടുണ്ടെന്നും ഇതിലും അന്വേഷണം നടത്തുമെന്നും ആരോഗ്യവകുപ്പ് ഡയറക്ടര്‍ അറിയിച്ചിട്ടുണ്ട്. കുഞ്ഞിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും.