16
Dec 2024
Sun
16 Dec 2024 Sun
Newly wed man kidnaped and killed by wife and her boy friend

വിവാഹിതനായി നാലാം നാള്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. അന്വേഷണത്തിനൊടുവില്‍ കൊലപാതകം ആസൂത്രണം ചെയ്തു നടപ്പാക്കിയ യുവാവിന്റെ ഭാര്യയെ പോലീസ് പിടികൂടി. കാമുകനായ ബന്ധുവിനൊപ്പം കഴിയുന്നതിനാണ് കൊലപാതകം നടത്തിയതെന്ന് യുവതി പോലീസിനോടു വെളിപ്പെടുത്തി. ഗുജറാത്തിലെ ഗാന്ധിനഗറിലാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അഹമ്മദാബാദ് സ്വദേശിയായ ഭവിക് ആണ് കൊല്ലപ്പെട്ടത്. ഗാന്ധിനഗര്‍ സ്വദേശിയായ പായലുമായി കഴിഞ്ഞയാഴ്ചയായിരുന്നു ഭവിക്കിന്റെ വിവാഹം. ശനിയാഴ്ച പായലിനെ കൂട്ടാനായി ഭവിക് ഗാന്ധിനഗറിലേക്ക് പോയെങ്കിലും പിന്നീട് യുവാവിനെക്കുറിച്ച് വിവരമൊന്നും ലഭിച്ചില്ല. ഇതോടെ പായലിന്റെ പിതാവ് ഭവിക്കിന്റെ വീട്ടുകാരെ ബന്ധപ്പെട്ട് യുവാവ് വീട്ടില്‍ എത്തിയില്ലെന്ന് അറിയിച്ചു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഭവിക്കിന്റെ സ്‌കൂട്ടര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. സ്‌കൂട്ടര്‍ കാറിനിടിച്ച് വീഴ്ത്തിയ ശേഷം ഒരു സംഘം യുവാവിനെ പിടിച്ചുകൊണ്ടുപോവുന്നത് കണ്ടുവെന്ന് ദൃക്‌സാക്ഷികള്‍ പോലീസിനോടു പറഞ്ഞു.

അതേസമയം പായലിനോട് വിവരം തിരക്കിയ പോലീസിന് സംശയം തോന്നുകയും ഇവരെ ചോദ്യം ചെയ്തപ്പോള്‍ തട്ടിക്കൊണ്ടുപോകല്‍ താനും കാമുകനായ കല്‍പേഷും ചേര്‍ന്ന് ആസൂത്രണം ചെയ്തതാണെന്നും യുവാവിനെ കൊന്നുകളഞ്ഞതായും വെളിപ്പെടുത്തുകയും ചെയ്തു. കല്‍പേഷും മറ്റു രണ്ടുപേരും ചേര്‍ന്നായിരുന്നു ഭവിക്കിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. തുടര്‍ന്ന് ഇവരെ പോലീസ് അറസ്റ്റ് ചെയ്തു.

കാറിലിട്ട് തന്നെ യുവാവിനെ വകവരുത്തുകയും മൃതദേഹം നര്‍മദ കനാല്‍ തള്ളുകയായിരുന്നുവെന്നും കല്‍പേഷും കൂട്ടാളികളും പോലീസിനോടു പറഞ്ഞു. കല്‍പേഷുമായുള്ള തന്റെ ബന്ധം അറിഞ്ഞിട്ടും മാതാപിതാക്കള്‍ നിര്‍ബന്ധിച്ച് ഭവിക്കുമായുള്ള വിവാഹം നടത്തുകയായിരുന്നുവെന്നും ഇതിനാലാണ് ഭര്‍ത്താവിനെ ഇല്ലാതാക്കിയതെന്നും യുവതി പോലീസിനോടു പറഞ്ഞു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക