16
Apr 2023
Mon
16 Apr 2023 Mon

ലഖ്‌നൗ: വെടിയേറ്റു മരിച്ച മുൻ എംപിയും മുൻ ഗുണ്ടാനേതാവുമായ ആതിഖ് അഹമ്മദിന്റെ ശരീരത്തിൽ നിന്നും ഒമ്പതു വെടിയുണ്ടകൾ കണ്ടെടുത്തു. ഇതിലൊരെണ്ണം തലയിലാണ്. ബാക്കി എട്ടെണ്ണം നെഞ്ചത്തും പുറത്തുമാണ് ഏറ്റിരിക്കുന്നതെന്നും പോസ്റ്റ് മോർട്ടത്തിൽ വ്യക്തമാക്കുന്നു. ആതിഖിന്റെ സഹോദരൻ അഷ്‌റഫിന്റെ ശരീരത്തിൽ നിന്നും അഞ്ചു വെടിയുണ്ടകളും പുറത്തെടുത്തു. അഷ്‌റഫിന്റെ മുഖത്തും പുറത്തുമാണ് വെടിയേറ്റിരിക്കുന്നത്. അഞ്ച് ഡോക്ടർമാരുടെ സംഘമാണ് പോസ്റ്റ് മോർട്ടം നടത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ശനിയാഴ്ച രാത്രി പത്തുമണിയോടെ പ്രയാഗ് രാജിലെ ആശുപത്രിക്ക് മുന്നിൽ മാധ്യമങ്ങളുടെയും പോലീസിന്റെയും കൺമുന്നിൽ വെച്ചായിരുന്നു വെടിവെയ്പ്. കൊലപാതകം അന്വേഷിക്കാൻ രണ്ടു പ്രത്യേക അന്വേഷണ സംഘത്തെ യുപി സർക്കാർ നിയോഗിച്ചു. പ്രയാഗ് രാജ് അഡീഷണൽ ഡയറക്ടർ ജനറൽ ഭാനു ഭാസ്‌കറിന്റെ നേതൃത്വത്തിലാണ് പ്രത്യേക സംഘം. പ്രയാഗ് രാജ് പൊലീസ് കമ്മീഷണർ, ഫോറൻസിക് സയൻസ് ലാബ് ഡയറക്ടർ എന്നിവർ സമിതിയിൽ അംഗങ്ങളാണ്.

ഷഹ്ജങ് പൊലീസ് സ്റ്റേഷൻ രജിസ്റ്റർ ചെയ്ത കൊലപാതകക്കേസിലാണ് രണ്ടാമത്തെ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുള്ളത്. അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ സതീഷ് ചന്ദ്രയുടെ നേതൃത്വത്തിലാണ് രണ്ടാമത്തെ സംഘം. ഈ സംഘത്തിന്റെ അന്വേഷണ പുരോഗതി ഭാനു ഭാസ്‌കറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം വിലയിരുത്തുമെന്ന് ഡിജിപി ആർ കെ വിശ്വകർമ്മ അറിയിച്ചു.

അതേസമയം കൊലപാതകത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചു. റിട്ടയേഡ് ഐപിഎസ് ഓഫീസർ അമിതാബ് താക്കൂറാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക