വിദ്യാർഥികളുടെയും പൂർവവിദ്യാർഥികളുടെയും ശക്തമായ പ്രതിഷേധത്തിനിടെ നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റി (എൻഎൽഎസ്ഐയു)യുടെ 2026 ബാച്ചിന്റെ ബിരുദദാനച്ചടങ്ങ് റദ്ദാക്കി. ‘അനിവാര്യ സാഹചര്യങ്ങൾ’ ചൂണ്ടിക്കാട്ടിയാണ് സെപ്റ്റംബർ 12ന് നടത്താനിരുന്ന ചടങ്ങ് റദ്ദാക്കുന്നതായി സർവകലാശാല അറിയിച്ചത്.
|
ചടങ്ങിൽ പങ്കെടുക്കുമെന്ന് നേരത്തെ അറിയിച്ചിരുന്ന ബാർ കൗൺസിൽ ഓഫ് ഇന്ത്യ (BCI) ചെയർമാൻ മനൻ കുമാർ മിശ്രയുടെയും ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ സൂര്യകാന്തിന്റെയും സാന്നിധ്യത്തിനെതിരെ എൻഎൽഎസ്ഐയു വിദ്യാർഥികളും പൂർവവിദ്യാർഥികളും പ്രതിഷേധം ശക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ബിരുദദാനച്ചടങ്ങ് റദ്ദാക്കിയിരിക്കുന്നത്.
ചടങ്ങ് നടത്തുന്നതിന് പകരം 2026ൽ പഠനം പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് സർവകലാശാലയുടെ ഭരണസമിതികളുടെ അംഗീകാരത്തിന് വിധേയമായി ‘in absentia’ ആയി ബിരുദം നൽകാനാണ് തീരുമാനം. ബിരുദ സർട്ടിഫിക്കറ്റുകൾ വിദ്യാർഥികൾക്ക് കൊറിയർ വഴി സ്വീകരിക്കുകയോ കാംപസിലെത്തി നേരിട്ട് കൈപ്പറ്റുകയോ ചെയ്യാം.
700ലേറെ പേരുടെ പ്രതിഷേധം
ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെയും ബിസിഐ ചെയർമാന്റെയും ബിരുദദാനച്ചടങ്ങിലെ പങ്കാളിത്തത്തിനെതിരെ 700ലേറെ വിദ്യാർഥികളും പൂർവവിദ്യാർഥികളും രംഗത്തെത്തിയിരുന്നു. സർവകലാശാലയിലെ വിദ്യാർഥികളോടും അധ്യാപകരോടും ബിസിഐ നിരുപാധിക മാപ്പ് പറയണമെന്നും അവർ ആവശ്യപ്പെട്ടു.
NALSARയിലെ 2026 ബാച്ചിന്റെ എൻറോൾമെന്റ് താൽക്കാലികമായി തടഞ്ഞ ബിസിഐയുടെ ആഗസ്റ്റ് 13ലെ നടപടിയാണ് പ്രതിഷേധത്തിന് പ്രധാന കാരണം. ബിരുദദാനച്ചടങ്ങിലെ ചീഫ് ജസ്റ്റിസിന്റെ പങ്കാളിത്തത്തിനെതിരെ നടന്ന കാംപയിനുമായി ബന്ധപ്പെട്ട വിദ്യാർഥികളെയും അധ്യാപകരെയും കണ്ടെത്താൻ നിർദേശം നൽകിയതും വലിയ വിവാദമായിരുന്നു. തീരുമാനം പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം ബിസിഐ അത് പിൻവലിച്ചു.
ഈ നടപടി അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായ ആക്രമണമാണെന്ന് ആരോപിച്ച വിദ്യാർഥികളും പൂർവവിദ്യാർഥികളും, കാംപയിനിൽ പങ്കെടുത്തവരെ കണ്ടെത്താനുള്ള നിർദേശത്തെ ‘വേട്ടയാടൽ’ പോലെയാണെന്നും വിമർശിച്ചിരുന്നു.
വിദ്യാർഥികളുമായി ചീഫ് ജസ്റ്റിസ് കൂടിക്കാഴ്ച നടത്തി
വിദ്യാർഥികളുടെ ആശങ്കകൾ മനസിലാക്കുന്നതിനായി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് NLSIU വിദ്യാർഥികളുമായി 90 മിനിറ്റ് നീണ്ട കൂടിക്കാഴ്ച നടത്തിയതായും റിപ്പോർട്ടുകളുണ്ട്.
ബിസിഐയുടെ നടപടിക്കെതിരായ പ്രസ്താവനയിൽ 165 ബിരുദ വിദ്യാർഥികളും 409 നിലവിലെ വിദ്യാർഥികളും 128 പൂർവവിദ്യാർഥികളും ഒപ്പുവച്ചിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക


