04
Sep 2024
Mon
04 Sep 2024 Mon
no wrong doing in ADGP and RSS leaders meeting says Speaker A N Shamseer

എഡിജിപി എം ആർ അജിത് കുമാർ ആർഎസ്എസ് നേതാക്കളെ കണ്ടുവെന്ന് പി വി അൻവർ എംഎൽഎ ആരോപിക്കുകയും ഇക്കാര്യം എഡിജിപി ​ഗത്യന്തരമില്ലാതെ സമ്മതിക്കുകയും ചെയ്തതിനു പിന്നാലെ കൂടിക്കാഴ്ചയെ ന്യായീകരിച്ച് സ്പീക്കർ എ എൻ ഷംസീർ. ആർഎസ്എസ് രാജ്യത്തെ പ്രധാന സംഘടനയാണെന്നും ആർഎസ്എസ് നേതാക്കളെ എഡിജിപി കണ്ടതിൽ അപാകതയുള്ളതായി തോന്നുന്നില്ലെന്നും ഷംസീർ പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഫോൺ ചോർത്തൽ സംവിധാനത്തിന് സംസ്ഥാന സർക്കാർ മുതിരില്ല. പ്രത്യേകിച്ച് എംഎൽഎമാരുടെയും മന്ത്രിമാരുടെയുമൊക്കെ. ഊഹാപോഹങ്ങൾ വച്ച് പ്രതികരിക്കാൻ സാധിക്കില്ല. എപ്പോഴാണ് നിങ്ങൾക്ക് അൻവറിനോട് മൊഹബത്ത് തോന്നിയത്? ബിസിനസുകാരനായ അൻവറിനെ ഈ രീതിയിലാക്കുന്നതിൽ നിങ്ങൾ വലിയ പങ്കുവഹിച്ചില്ലേ? ഇപ്പോ നിങ്ങൾക്ക് അൻവറിനോട് വലിയ മൊഹബത്ത് തോന്നുന്നുകയാണ്. വലിയ രീതിയിൽ പ്രോത്സാഹിപ്പിക്കുകയാണ്. ഫോൺ ചോർത്തുന്നുവെന്ന ആരോപണം വെറും ആരോപണമാണ്. അത് ഞാൻ വിശ്വസിക്കുന്നില്ലെന്നും സ്പീക്കർ പറഞ്ഞു.

എഡിജിപിക്കും മുൻ എസ് സുജിത് ദാസിനുമെതിരേ പി വി അൻവർ ​ഗുരുതരമായ ആരോപണങ്ങൾ ഉയർത്തുകയും ഇതിനെതിരേ നടപടി സ്വീകരിക്കാൻ സർക്കാർ നിർബന്ധിതരായിക്കൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് എ എൻ ഷംസീർ മാധ്യമങ്ങളോടു ചോദ്യത്തോട് പ്രതികരിച്ചത്. കരിപ്പൂർ കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്തിലടക്കമുള്ള പോലീസിന്റെ പങ്കിനെക്കുറിച്ചും അൻവർ എംഎൽഎ വെളിപ്പെടുത്തിയിരുന്നു.

അതിനിടെ അൻവർ എംഎൽഎയുടെ പിന്നിൽ ആരുമില്ലെന്നും അദ്ദേഹം മാത്രമാണുള്ളതെന്നും വിവാദങ്ങൾക്കിടെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദനും പ്രതികരിച്ചിട്ടുണ്ട്.