സ്വകാര്യ യൂനിവേഴ്സിറ്റിയിലെ വിദ്യാർഥിനികൾ താമസിക്കുന്ന ഹോസ്റ്റലിൽ രഹസ്യകാമറ സ്ഥാപിച്ച് പെൺകുട്ടികളുടെ കുളിമുറി രംഗങ്ങൾ പകർത്തി പ്രചരിപ്പിച്ചു. ഹോസ്റ്റൽ അന്തേവാസിയായ പെൺകുട്ടിയാണ് എട്ടു വിദ്യാർഥിനികൾ കുളിക്കുന്ന രംഗങ്ങൾ രഹസ്യമായി മൊബൈൽ കാമറയിൽ പകർത്തിയത്. പഞ്ചാബിലെ മൊഹാലിയിലാണ് സംഭവം.
|
വീഡിയോ ഓൺലൈനിൽ പ്രചരിക്കുന്ന വിവരമറിഞ്ഞ് ഹോസ്റ്റലിലെ താമസക്കാരായ എട്ടുപെൺകുട്ടികൾ ആത്മഹത്യക്കു ശ്രമിച്ചു. ഇവരെ നഗരത്തിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു ചികില്‍സ നല്കി.
ഈ ദൃശ്യങ്ങൾ പെൺകുട്ടി ഷിംലയിലുള്ള സുഹൃത്തിന് അയച്ചുകൊടുക്കുകയും ഇയാളിത് ഓൺലൈനിൽ പങ്കുവയ്ക്കുകയുമായിരുന്നു. ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ഇരകളായ പെൺകുട്ടികൾ വിവരമറിയുന്നത്. ഇതോടെ ഹോസ്റ്റൽവാസികളായ വിദ്യാർഥിനികൾ കൂട്ടത്തോടെ പ്രതിഷേധവുമായി രംഗത്തെത്തി. തുടർന്നാണ് ദൃശ്യം പകർത്തിയ പെൺകുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തത്.
സംഭവത്തെകുറിച്ച് കോളജ് അധികൃതരെ അറിയിച്ച് നടപടി ആവശ്യപ്പെട്ടപ്പോൾ വിവരം പൊലീസിൽ പറയരുതെന്നാണ് നിർദേശിച്ചതെന്ന് വിദ്യാർഥിനികൾ ചൂണ്ടിക്കാട്ടി. തുടർന്ന് ഹോസ്റ്റലിലെ താമസക്കാരായ മറ്റ് വിദ്യാർഥിനികൾ കൂട്ടമായി പ്രതിഷേധിക്കുകയായിരുന്നു.



