15
Nov 2026
Sun
15 Nov 2026 Sun
Old favourites new readers as bestselling books hold their appeal at SIBF 2026

കുട്ടികളുടെ രസകരമായ കഥകൾ മുതൽ ജീവിതത്തിൽ മാറ്റങ്ങൾ കൊണ്ടുവരാൻ സഹായിക്കുന്ന സ്വയംവികസന പുസ്തകങ്ങളും ത്രില്ലറുകളും വരെ. 45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ വായനക്കാർക്ക് മുന്നിൽ പുസ്തകങ്ങളുടെ വലിയ ലോകമാണ് തുറന്നിരിക്കുന്നത്. ജെഫ് കിന്നി, ജെയിംസ് ക്ലിയർ, എലിഫ് ഷഫാക്, ഖാലിദ് ഹൊസൈനി, ലിസ ജുവൽ, തോഷികാസു കവാഗുച്ചി തുടങ്ങിയ എഴുത്തുകാരുടെ പുസ്തകങ്ങൾക്കാണ് ഇത്തവണ മികച്ച വായനക്കാരുടെ ശ്രദ്ധ ലഭിക്കുന്നത്. അന്താരാഷ്ട്ര ബെസ്റ്റ് സെല്ലറുകൾക്കും സമകാലിക സാഹിത്യകൃതികൾക്കും ആവശ്യക്കാരേറെയാണെന്ന് പുസ്തകവിൽപ്പനക്കാർ പറയുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുട്ടികൾക്കിടയിൽ ജെഫ് കിന്നിയുടെ ‘ഡയറി ഓഫ് എ വിമ്പി കിഡ്’ പരമ്പരയ്ക്കാണ് വലിയ പ്രിയം. ഒക്ടോബർ 20ന് പുറത്തിറങ്ങിയ പരമ്പരയിലെ ഏറ്റവും പുതിയ പുസ്തകമായ ‘ഫൈറ്റ് ഓർ ഫ്ലൈറ്റ്’ മേളയിലെ കുട്ടികളുടെ പുസ്തകശാലകളിൽ പ്രധാന ആകർഷണമാണ്. ജീവിതശീലങ്ങളിൽ മാറ്റം ആഗ്രഹിക്കുന്നവർക്കിടയിൽ ജെയിംസ് ക്ലിയറിന്റെ ‘അറ്റോമിക് ഹാബിറ്റ്സ്’ ഇപ്പോഴും ജനപ്രിയമാണ്. ചെറിയ ദൈനംദിന ശീലങ്ങളിലൂടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാമെന്ന ആശയമാണ് പുസ്തകം മുന്നോട്ടുവയ്ക്കുന്നത്. പോസിറ്റീവ് ചിന്ത, സമയനിയന്ത്രണം, ഉൽപ്പാദനക്ഷമത, സാമ്പത്തിക വിജയം തുടങ്ങിയ വിഷയങ്ങളിലുള്ള പുസ്തകങ്ങൾക്കും ആവശ്യക്കാരുണ്ട്.

ത്രില്ലർ വായനക്കാർക്കിടയിൽ ലിസ ജുവലിന്റെ ‘ബ്രേക്കിങ് ദ ഡാർക്ക്’ ശ്രദ്ധ നേടുന്നു. മാർവൽ കഥാപാത്രമായ ജെസിക്ക ജോൺസിനെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കിയ മനഃശാസ്ത്ര കുറ്റാന്വേഷണ നോവലാണിത്. ജപ്പാനീസ് എഴുത്തുകാരൻ തോഷികാസു കവാഗുച്ചിയുടെ ‘ബിഫോർ ദ കോഫി ഗെറ്റ്സ് കോൾഡ്’ എന്ന നോവലും വായനക്കാരുടെ ഇഷ്ടപട്ടികയിലുണ്ട്. ഭൂതകാലത്തിലേക്ക് മടങ്ങാൻ അവസരമുള്ള ടോക്കിയോയിലെ ഒരു കഫേയുടെ പശ്ചാത്തലത്തിൽ പ്രണയം, പശ്ചാത്താപം, ജീവിതത്തിലെ രണ്ടാമത്തെ അവസരങ്ങൾ എന്നിവയാണ് നോവൽ അവതരിപ്പിക്കുന്നത്.

പുതിയ ബെസ്റ്റ് സെല്ലറുകൾക്കൊപ്പം പഴയകാല ജനപ്രിയ പുസ്തകങ്ങളും വായനക്കാരെ ആകർഷിക്കുന്നുണ്ട്. എലിഫ് ഷഫാക്കിന്റെ ‘ദ ഐലൻഡ് ഓഫ് മിസിങ് ട്രീസ്’, ‘ദ ഫ്ലീ പാലസ്’ എന്നീ കൃതികൾക്ക് ആവശ്യക്കാരേറെയാണ്. കുടുംബബന്ധങ്ങൾ, വ്യക്തിത്വം, ഓർമകൾ, സാംസ്കാരിക വൈവിധ്യം എന്നിവയാണ് ഇവയുടെ പ്രമേയങ്ങൾ. ഖാലിദ് ഹൊസൈനിയുടെ ‘ദ കൈറ്റ് റണ്ണർ’, ‘എ തൗസൻഡ് സ്പ്ലെൻഡിഡ് സൺസ്’, ‘ആൻഡ് ദ മൗണ്ടൻസ് എക്കോഡ്’ എന്നീ നോവലുകളും വായനക്കാരുടെ പ്രിയപ്പെട്ട പുസ്തകങ്ങളായി തുടരുന്നു. സൗഹൃദം, കുടുംബം, ത്യാഗം, യുദ്ധം മനുഷ്യജീവിതത്തിലുണ്ടാക്കുന്ന ആഘാതങ്ങൾ എന്നിവയുടെ വൈകാരികമായ ആവിഷ്കാരമാണ് ഈ കൃതികളുടെ പ്രത്യേകത.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക