എക്‌സ്‌റേയും ലബോറട്ടറി പരിശോധനകളും ഇല്ലാതിരുന്ന കാലത്ത് ഡോക്ടർമാർ എങ്ങനെയാണ് രോഗങ്ങൾ കണ്ടെത്തിയിരുന്നത്? രോഗികളെ ചികിത്സിക്കാൻ ഏതെല്ലാം മാർഗങ്ങളാണ് ഉപയോഗിച്ചിരുന്നത്? ഔഷധസസ്യങ്ങളുടെയും മരുന്നുകളുടെയും ഗുണങ്ങൾ എങ്ങനെയാണ് തിരിച്ചറിഞ്ഞത്? ഇത്തരം ചോദ്യങ്ങൾക്ക് ഉത്തരം തേടുന്ന നിരവധി പുസ്തകങ്ങളാണ് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ ശ്രദ്ധ നേടുന്നത്. വൈദ്യശാസ്ത്രം, രോഗനിർണയം, ചികിത്സ, ഔഷധശാസ്ത്രം എന്നിവ നൂറ്റാണ്ടുകളിലൂടെ കൈവരിച്ച വളർച്ചയാണ് ഈ പുസ്തകങ്ങൾ രേഖപ്പെടുത്തുന്നത്. രോഗികളുടെ പരിശോധനയും ലക്ഷണങ്ങളുടെ നിരീക്ഷണവും പാരമ്പര്യ അറിവുകളും അനുഭവങ്ങളുമായിരുന്നു ആദ്യകാല ചികിത്സയുടെ അടിസ്ഥാനം.
|
പത്താം നൂറ്റാണ്ടിലെ പ്രമുഖ വൈദ്യനായ അലി ബിൻ അബ്ബാസിന്റെ **‘കാമിൽ അൽ സിനാഅ അൽ തിബ്ബിയ്യ’** എന്ന ഗ്രന്ഥം മനുഷ്യശരീരത്തിന്റെ ഘടന, അവയവങ്ങളുടെ പ്രവർത്തനം, രോഗങ്ങളുടെ കാരണങ്ങൾ, ലക്ഷണങ്ങൾ, ചികിത്സാരീതികൾ, മരുന്നുകൾ, പോഷകാഹാരം, ശസ്ത്രക്രിയ തുടങ്ങിയ വിഷയങ്ങൾ വിശദമായി പ്രതിപാദിക്കുന്നു. റമദാൻ അബ്ദുൽ റസാഖ് യാസീന്റെ ‘ഉസ്മാനിയ ചിത്രകലയിലെ വൈദ്യശാസ്ത്രവും ഔഷധശാസ്ത്രവും’, ‘അറബ് ചിത്രകലാ പാരമ്പര്യത്തിലെ ഗ്രീക്ക് വൈദ്യശാസ്ത്രം’ എന്നീ പുസ്തകങ്ങളും ശ്രദ്ധേയമാണ്. ദിസ്കൂറിഡീസിന്റെ ഔഷധസസ്യങ്ങളെക്കുറിച്ചുള്ള കൈയെഴുത്തുപ്രതിയും ചിത്രങ്ങളിലൂടെ സസ്യങ്ങളെയും മരുന്നുകളെയും രേഖപ്പെടുത്തിയ രീതികളും ഇവയിൽ പ്രതിപാദിക്കുന്നു. ഇബ്നുൽ ബൈത്താറിന്റെ ‘അൽ ജാമിഉ ലി മുഫ്റദാത്തിൽ അദ്വിയ വൽ അഗ്ദിയ’ എന്ന ഗ്രന്ഥം സസ്യ, ജന്തു, ധാതു സ്രോതസ്സുകളിൽ നിന്നുള്ള ഔഷധങ്ങളുടെയും ഭക്ഷ്യവസ്തുക്കളുടെയും ഗുണങ്ങളും ഉപയോഗങ്ങളും വിവരിക്കുന്നു.
യൂസുഫ് ബിൻ റസൂലിന്റെ ‘അൽ മുഅ്തമദ് ഫിൽ അഅ്ശാബിത്തിബ്ബിയ്യ വൽ അദ്വിയ അൽ മുഫ്റദ’ എന്ന പുസ്തകം ഔഷധസസ്യങ്ങളുടെ വർഗീകരണം, ഗുണങ്ങൾ, തയ്യാറാക്കുന്ന രീതികൾ, ചികിത്സയിലെ ഉപയോഗം എന്നിവ വിശദീകരിക്കുന്നു. അദൽ അബ്ദുൽ ആലിന്റെ ‘പുരാതന വൈദ്യശാസ്ത്രം’ എന്ന ഗ്രന്ഥം ഈജിപ്തിലെ പഴയകാല ചികിത്സാരീതികളെയും പാപ്പിറസ് രേഖകളിൽ ഉൾപ്പെടുത്തിയ ഔഷധക്കൂട്ടുകളെയും പരിചയപ്പെടുത്തുന്നു. ഇബ്രാഹിം ബിൻ മുറാദിന്റെ ‘അറബികൾക്കിടയിലെ വൈദ്യശാസ്ത്രത്തിന്റെയും ഔഷധശാസ്ത്രത്തിന്റെയും ചരിത്രപഠനങ്ങൾ’, ഹാമിദ് സഈദ് അഹമ്മദിന്റെ ‘ഔഷധസസ്യങ്ങളിലൂടെയുള്ള ചികിത്സയും അറബ് വൈദ്യശാസ്ത്രത്തിന്റെ രഹസ്യങ്ങളും’ എന്നീ പുസ്തകങ്ങളും മേളയിലുണ്ട്. നിരീക്ഷണം, പരീക്ഷണം, അറിവിന്റെ കൈമാറ്റം എന്നിവയിലൂടെ വൈദ്യശാസ്ത്രം വളർന്നുവന്ന ചരിത്രമാണ് ഈ കൃതികൾ അടയാളപ്പെടുത്തുന്നത്. ചരിത്രപരമായ ചികിത്സാരീതികളെക്കുറിച്ചുള്ള പഠനങ്ങളാണിവയെന്നും ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ആധുനിക ചികിത്സകൾക്ക് പകരമല്ലെന്നും പ്രസിദ്ധീകരണങ്ങൾ ഓർമിപ്പിക്കുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





