23
Sep 2025
Tue
23 Sep 2025 Tue
myna and crow

മസ്‌കത്ത്: ഒമാനില്‍ മൈനയും ഇന്ത്യന്‍ കാക്കയും ഉള്‍പ്പെടെയുള്ള പക്ഷികളെ പിടികൂടി സര്‍ക്കാര്‍. സൗത്ത് അല്‍ ബാത്തിന ഗവര്‍ണറേറ്റിലെ പരിസ്ഥിതി വകുപ്പിന്റെ ഫീല്‍ഡ് ടീമുകള്‍ കഴിഞ്ഞ രണ്ട് മാസത്തിനിടെ 12,597 പക്ഷികളെയാണ് ഉന്‍മൂലനം ചെയ്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജൂലൈ ആദ്യം പുനരാരംഭിച്ച ദേശീയ അനധികൃത പക്ഷി നിയന്ത്രണ കാമ്പയിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായാണ് ഈ നടപടി. ഇന്ത്യന്‍ കാക്ക, മൈന തുടങ്ങിയ പക്ഷികളെയാണ് പ്രധാനമായും ഈ നടപടിയുടെ ഭാഗമായി ഇല്ലാതാക്കിയത്.

പ്രാദേശിക പരിസ്ഥിതിയെ സംരക്ഷിക്കുകയും ജൈവവൈവിധ്യം നിലനിര്‍ത്തുകയും ചെയ്യുകയാണ് ഈ കാമ്പയിന്‍ ലക്ഷ്യമിടുന്നതെന്ന് അനധികൃത പക്ഷി നിയന്ത്രണ ഉപസമിതിയുടെ ചെയര്‍മാന്‍ ഇസ്സ ബിന്‍ അബ്ദുള്ള അല്‍ യഹ്‌മദി വ്യക്തമാക്കി.

മൈന, ഇന്ത്യന്‍ കാക്ക തുടങ്ങിയ അനധികൃത പക്ഷികള്‍, ഭക്ഷണത്തിനും ആവാസവ്യവസ്ഥയ്ക്കും വേണ്ടി തദ്ദേശീയ ഇനങ്ങളുമായി മത്സരിക്കുന്നു. ഇത്, പ്രാദേശിക വന്യജീവികളുടെ കുറവിനോ വംശനാശത്തിനോ കാരണമാകും.

പരിസ്ഥിതി മാനദണ്ഡങ്ങള്‍ പാലിക്കുന്നതും മറ്റ് ജീവജാലങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതുമായ അംഗീകൃത രീതികള്‍ ഉപയോഗിച്ചാണ് പക്ഷികളെ ഒഴിവാക്കുന്നത്. പരിസ്ഥിതി വകുപ്പ്, ബന്ധപ്പെട്ട അധികാരികള്‍, പ്രാദേശിക സമൂഹം എന്നിവരെല്ലാം കാമ്പയിനുമായി സഹകരിക്കുന്നുണ്ട്.

ഖത്തറിലും ഈയിടെ സമാനമായ പദ്ധതി നടപ്പാക്കിയിരുന്നു. ആയിരക്കണക്കിന് മൈനകളെയാണ് ഖത്തര്‍ അധികൃതര്‍ പിടികൂടിയത്. പ്രാദേശിക പക്ഷി വര്‍ഗങ്ങള്‍ക്കും കൃഷിക്കും വലിയ ഭീഷണി ഉയര്‍ത്തുന്നതിനൊപ്പം രോഗവാഹികളായി പ്രവര്‍ത്തിക്കുന്നതുമാണ് മൈനകള്‍ക്കെതിരേ തിരിയാന്‍ കാരണം.