10
Mar 2023
Mon
10 Mar 2023 Mon
whose waste is burning in brahmapuram opinion mk shahzad ബ്രഹ്മപുരത്ത് കത്തുന്നത് ആരുടെ മാലിന്യം?

എം കെ ഷഹസാദ് എഴുതുന്നു

whatsapp ബ്രഹ്മപുരത്ത് കത്തുന്നത് ആരുടെ മാലിന്യം?
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപ്പിടുത്തം ശാരീരികം മാത്രമല്ല രാഷ്ട്രീയവുമായ അസ്വസ്ഥതകൾക്ക് കാരണമായിരിക്കുന്നു. സംഗതി പരാജയപ്പെട്ട ഒരു രാഷ്ട്രീയ വ്യവസ്ഥയുടേയും അതിന് നേതൃത്വം നൽകുന്നവരുടേയും സൃഷ്ടിയാണെന്ന് ജനം തിരിച്ചറിഞ്ഞിരിക്കുന്നു. ഭരണപക്ഷത്തുള്ളവർ ഭരണനിർവഹണ കാര്യങ്ങളിലെ അവരുടെ കെടുകാര്യസ്ഥത കാരണവും പ്രതിപക്ഷം ജനങ്ങളുടെ പ്രതിഷേധത്തെ പ്രക്ഷോഭമാക്കുന്നതിൽ പാലിച്ച് പോരുന്ന അലംഭാവവും ജനങ്ങളുടെ എതിർപ്പിന് പാത്രമായിരിക്കുന്നു. ഭരണകർത്താക്കളെ ന്യായീകരിക്കുന്ന അഭിപ്രായങ്ങളും ഒട്ടും കുറവല്ല. അമ്മയെ തല്ലിയാലും രണ്ടഭിപ്രായമുള്ള നാടാണല്ലോ!


ആരാണ് മാലിന്യത്തിന്റെ യഥാർഥ ഉൽപ്പാദകർ?

ജനം ഓരോരുത്തർ തന്നെയാണെന്നും അതുകൊണ്ട് ഉൽപ്പാദിപ്പിക്കുന്നവന്റെ തന്നെ ഉത്തരവാദിത്വമാണ് മാലിന്യനിർമാർജനമെന്നുമാണ് സർക്കാർ ഭാഷ്യം. ഭൂരിപക്ഷ ജനവും അത് വിശ്വസിച്ച് തുടങ്ങുകയും മാലിന്യനിർമാർജനത്തിന്റെ സാമ്പത്തിക ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്ത് തുടങ്ങിയതുമാണ്. സാമ്പത്തികം അനുവദിക്കുന്നവർ സ്വന്തമായി ബയോഗ്യാസ് പ്ലാന്റുകളോ കമ്പോസ്റ്ററുകളോ സ്ഥാപിച്ച് തുടങ്ങിയിട്ടുണ്ട്. അപ്പോഴും രണ്ട് പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. ഒന്ന്, പ്ലാസ്റ്റിക്ക് നിർമാർജനം. രണ്ട്, മാലിന്യം കുഴിച്ച് മൂടാൻ ഭൂമിയോ പ്ലാന്റുകൾ സ്ഥാപിക്കാൻ സാമ്പത്തിക ശേഷിയില്ലാത്തവരാൽ സൃഷ്ടിക്കപ്പെടുന്ന മാലിന്യങ്ങൾ.

രണ്ടും രാഷ്ട്രീയ പ്രശ്നങ്ങളാണ്. രണ്ടാമത്തെ പ്രശ്നം ഭരണ സ്ഥാപനങ്ങളുടെ പരിപൂർണമായ സാമ്പത്തികവും സാങ്കേതികവുമായ പിന്തുണയോടെയും വിട്ടുവീഴ്ചയില്ലാത്തതും നിശ്ചയദാർഢ്യത്തോടുകൂടിയുള്ള ഇടപെടലിലൂടെയേ സാധ്യമാവൂ. എന്നാൽ അത്തരം സഹായങ്ങൾ പലപ്പോഴും ഒരു കമ്പോസ്റ്ററോ മറ്റോ കുറച്ച് പേർക്ക് സംഭാവന ചെയ്ത് ഒടുങ്ങിപ്പോവുന്നു. അവയൊക്കെ കൃത്യമായി പ്രവർത്തിക്കുന്നുണ്ടോ ഇല്ലെങ്കിൽ എന്താണ് കാരണം എന്നൊന്നും ആരും അന്വേഷിക്കുന്നില്ല.

ആദ്യം പറഞ്ഞ പ്ലാസ്റ്റിക്ക് മാലിന്യ പ്രശ്നവും കേന്ദ്രീകൃതമായി മാത്രം കൈകാര്യം ചെയ്യാൻ സാധിക്കുന്ന പ്രശ്നമാണ്. രാഷ്ട്രീയ സ്ഥാപനങ്ങൾക്കേ അതിന് സാധിക്കൂ. ആ തിരിച്ചറിവുള്ളതുകൊണ്ടാണ് പ്ലാസ്റ്റിക്ക് മാലിന്യം ശേഖരിക്കുന്ന സ്ഥാപനത്തിന് എല്ലാ മാസവും അമ്പത് രൂപ ഫീസ് നൽകാൻ ജനങ്ങൾ തയ്യാറാവുന്നത്. എന്നാൽ അവിടേയും ഭരണകർത്താക്കൾ പരാജയപ്പെട്ടു പോവുകയാണ്. ബ്രഹ്മപുരം ആ പരാജയത്തിന്റെ നേർചിത്രമാണ്.

ജൈവമാലിന്യങ്ങൾ അവനവന്റെ സൃഷ്ടിയാണെന്ന് വേണമെങ്കിൽ വാദത്തിന് വേണ്ടി സമ്മതിക്കാം. എന്നാൽ പ്ലാസ്റ്റിക്കോ? അത് ലാഭം കിട്ടുമെങ്കിൽ എന്തും പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ് ചരക്കാക്കുന്ന രാഷ്ട്രീയ വ്യവസ്ഥിതിയുടെ സൃഷ്ടിയാണ്. ചരക്കാക്കി മാറ്റൽ പ്രക്രിയ അമേരിക്കയിൽ മാത്രം രണ്ടായിരത്തോളം അതി ബൃഹത്തായ ലാന്റ് ഫില്ലുകൾ സൃഷ്ടിച്ചിട്ടുണ്ട്. ഇരുനൂറ്റി അറുപത്തിഅഞ്ച് മെട്രിക് ടൺ മാലിന്യമാണത്രെ ഇങ്ങനെ കുഴിച്ചുമൂടിയിരിക്കുന്നത്. പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ സമ്പൂർണമായും ഇങ്ങനെ കൈകാര്യം ചെയ്യപ്പെടുന്നു എന്നല്ല ഇതിനർത്ഥം. കൈകാര്യം ചെയ്യപ്പെടാത്ത പ്ലാസ്റ്റിക് അതിലുമൊക്കെയധികമാണ്. ഇതിന് നല്ലൊരു ഉദാഹരണമാണ് ശാന്തസമുദ്രത്തിലെ ഭീമമായ മാലിന്യ കൂമ്പാരം. ടെക്സാസിന്റെ വലിപ്പത്തിൽ അതങ്ങനെ ഒഴുകി നടക്കുകയാണ്.

നമ്മുടെ ശ്രദ്ധയിൽപ്പെടാത്ത, ഒരു കണക്കുമില്ലാത്ത അധികമധികം അപകടകാരിയായ മറ്റൊരു മാലിന്യമുണ്ട്; വ്യവസായ മാലിന്യങ്ങൾ. അമേരിക്കയിൽ പോലും 1980ന്‌ ശേഷമുള്ള വ്യവസായ മാലിന്യങ്ങളുടെ കണക്ക് ലഭ്യമല്ല. അമേരിക്കൽ പരിസ്ഥിതി സംരക്ഷണ ഏജൻസി തയ്യാറാക്കി പുറത്തുവിട്ട കണക്ക് പ്രകാരം 1980ൽ തന്നെ ഉൽപാദനത്തിലൂടെ സൃഷ്ടിക്കപ്പെട്ടിരുന്നത് 7.6 ബില്യൺ ടൺ മാലിന്യമായിരുന്നു! ഇതൊരു ഏകദേശ കണക്കാണ്. അത് തന്നെ ഇരുപതിനായിരം എമ്പയർ സ്റ്റേറ്റ് കെട്ടിട്ടങ്ങളുടെ തൂക്കത്തിന് സമമാണ്. എന്നാൽ അതിനേക്കാൾ വിഷമയവും.

2015ലെ കണക്ക് പ്രകാരം ആഗോള വ്യാപകമായി പ്രതിവർഷം 381 മില്യൺ ടൺ പ്ലാസ്റ്റിക്ക് ഉൽപ്പാദിപ്പിക്കുന്നുണ്ട്. 1950ലെ ആഗോള പ്ലാസ്റ്റിക്ക് ഉൽപ്പാദനത്തിന്റെ ഇരുനൂറ് ഇരട്ടിവരുമിത്. 2014ലെ ഒരു പഠന പ്രകാരം അഞ്ച് ട്രില്യണിലധികം പ്ലാസ്റ്റിക്ക് പദാർഥങ്ങളാണ് കടലിൽ ഒഴുകി നടക്കുന്നത്. ഇന്നതിന്റെ അളവ് സ്വാഭാവികമായും വർധിച്ചുകാണുമല്ലോ?

ആധുനിക കമ്പോളത്തിലെ ഉൽപന്നങ്ങളുടെ അളവ് വിസ്ഫോടകമാം വിധം വർധിച്ചിട്ടുണ്ട്. ചരക്കിന്റെ എണ്ണം വർധിച്ചത് മാത്രമല്ല അതിന് കാരണം, എല്ലാം വിൽക്കാം എന്ന കാഴ്ചപ്പാടാണ് പ്രശ്നം. 1980കളിൽ സ്വന്തം കളി ഉപകരണങ്ങൾ കെട്ടിയുണ്ടാക്കിയിരുന്ന കുട്ടികൾ ഇന്ന് കളിപ്പാട്ട കമ്പോളത്തിന്റേയും ഡിജിറ്റൽ ഗെയിമുകളുടേയും അടിമകളായി മാറിയിരിക്കുന്നു. സേവനങ്ങളുൾപ്പടെ എല്ലാം സ്വകാര്യവൽക്കരിക്കപ്പെട്ടതാണിതിന് കാരണം. അങ്ങനെ നോക്കുമ്പോൾ ബ്രഹ്മപുരത്തെ മാലിന്യം പോലും ജനങ്ങൾ പണം കൊടുത്ത് ഉറപ്പാക്കിയ സ്വകാര്യ സേവനമാണ്. ഭരണ സ്ഥാപനം നൽകുന്ന സ്വകാര്യ സേവനം. എന്നാൽ ജനങ്ങളോട് തെല്ലും പ്രതിബദ്ധത ഇല്ലാ തങ്ങൾക്കെന്ന് സേവനം സ്വകാര്യവൽക്കരിച്ചതിലൂടേയും എന്നാൽ സേവനം കൃത്യമായി നൽകാതേയും കൊച്ചി കോർപറേഷനും സർക്കാരും തെളിയിച്ചിരിക്കുന്നു.

പ്രധാനമായും അമേരിക്കയിൽനിന്നുള്ള കണക്കുകൾ ഉദ്ധരിക്കാൻ കാരണം അവിടെ മാലിന്യത്തിന് കൃത്യമായ കണക്കുണ്ടെന്നതിനാലാണ്. നമ്മുടെ നാട്ടിൽ അത്തരം കണക്കുകളൊന്നുമില്ല. കൃത്യമായ കണക്കില്ല എന്നാൽ അർഥം മാലിന്യ നിർമാർജനം സർക്കാരിന്റെ ഒരു അജണ്ടയായി മാറിയിട്ടില്ലെന്നതിന്റെ തെളിവാണ്. ഇതൊരു പ്രധാന പ്രശനമാണ്. സേവനങ്ങൾ സ്വകാര്യവൽക്കരിക്കുന്നതും ഉത്തരവാദിത്വം നിസ്വരായ ജനങ്ങളുടെ തലയിൽ കെട്ടിവയ്ക്കുന്നതുമാണ് രണ്ടാമത്തെ പ്രശ്നം. അഴിമതിയും മറ്റുമൊക്കെ ഈ രണ്ട് പ്രധാന പ്രശ്നങ്ങളുടെ ഉപപ്രശ്നം മാത്രമാണ്.

മാലിന്യ നിർമാർജനത്തിന് ശാസ്ത്രീയമായതും സർക്കാരിന്റെ നേരിട്ടുള്ളതുമായ പരിശ്രമങ്ങളിൽ ഊന്നിയ നയം ഉണ്ടായാൽ മാലിന്യവും ഉപ പ്രശ്നങ്ങളും അവസാനിപ്പിക്കാവുന്നതേയുള്ളൂ. അതിന് ബ്രഹ്മപുരം സംഭവത്തിന്റെ പശ്ചാതലത്തിൽ ജനകീയ സമ്മർദ്ദം ഉയർന്ന് വന്നേ മതിയാവൂ.