11
Oct 2026
Sun
11 Oct 2026 Sun
opposition march to Supreme court on monday to meet CJI over SIR and Gyanesh kumar issue

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി തിങ്കളാഴ്ച സുപ്രീംകോടതിയിലേക്ക് മാർച്ച് നടത്തുമെന്ന് ഇന്ത്യാ സഖ്യത്തിലെ പ്രതിപക്ഷ നേതാക്കൾ. വൈകിട്ട് നാലിന് ശേഷം ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെ കണ്ട് നിവേദനം സമർപ്പിക്കാനാണ് നീക്കം. തിങ്കളാഴ്ച ഇന്ത്യാ ഗേറ്റിൽ ഒത്തുചേരുന്ന നേതാക്കൾ അവിടെനിന്ന് സുപ്രീംകോടതിയിലേക്ക് മാർച്ച് നടത്തും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ ആരോപിച്ചും ‘വോട്ട് ചോരി’ക്കെതിരെയും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുമാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധം. വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണ നടപടിയായ എസ്‌ഐആർ നിർത്തിവയ്ക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നു.

കഴിഞ്ഞ ദിവസം ഡൽഹിയിൽ പ്രതിഷേധിച്ചവർക്കെതിരെ സുരക്ഷാസേന നടപടി സ്വീകരിച്ചതിനു പിന്നാലെയാണ് സമരം കൂടുതൽ ശക്തമാക്കാനുള്ള തീരുമാനം. ആയിരക്കണക്കിന് പ്രതിഷേധക്കാരെ തടയാൻ കേന്ദ്ര ഡൽഹിയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു. പ്രതിഷേധക്കാർക്ക് നേരെ പൊലീസും ബിജെപി പ്രവർത്തകരും അതിക്രമം നടത്തിയെന്ന ആരോപണവും രാഹുൽ ഗാന്ധി ഉന്നയിച്ചു.

രാജ്യത്തെ ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാൻ ആഗ്രഹിക്കുന്നവർ മാർച്ചിൽ പങ്കുചേരണമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അഭ്യർഥിച്ചു. ഇന്ത്യാ സഖ്യത്തിലെ എംപിമാരും നേതാക്കളും പ്രവർത്തകരും പൊതുജനങ്ങളും പ്രതിഷേധത്തിൽ പങ്കെടുക്കുമെന്നും മുതിർന്ന നേതാക്കളുടെ സംഘം ചീഫ് ജസ്റ്റിസിന് നിവേദനം സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടി വ്യത്യാസങ്ങൾക്കും ജാതി, മത, സംസ്ഥാന ഭേദങ്ങൾക്കും അതീതമായി ജനാധിപത്യ വിശ്വാസികൾ മാർച്ചിൽ അണിചേരണമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. “ഭയപ്പെടരുത്, നാളെ ഇന്ത്യ മുഴുവൻ സുപ്രീംകോടതിയിലേക്ക് മാർച്ച് ചെയ്യും” എന്നായിരുന്നു അദ്ദേഹത്തിന്റെ എക്‌സ് പോസ്റ്റ്.

മുൻ മാർച്ചുകളിൽ പങ്കെടുക്കാതിരുന്ന സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും തിങ്കളാഴ്ചത്തെ ഇന്ത്യാ സഖ്യത്തിന്റെ മാർച്ചിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്.

ALSO READ: പവർ ബാങ്ക് പൊട്ടിത്തെറിച്ച് ഇൻഡിഗോ വിമാനത്തിലെ ലഗേജ് കമ്പാർട്ട്മെന്റിൽ തീപിടിത്തം; വിമാനം ഹൈദരാബാദിൽ ഇറക്കി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക