04
Apr 2026
Sat
04 Apr 2026 Sat
ASADUDDIN OWAISI

Owaisi slams TMC പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിനെയും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളെയും രൂക്ഷമായി വിമര്‍ശിച്ച് എഐഎംഐഎം (AIMIM) അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവെസി. ബംഗാളിലെ മുസ്ലിംകളെ വോട്ട് ബാങ്കായി മാത്രമാണ് പാര്‍ട്ടികള്‍ ഉപയോഗിച്ചതെന്നും സമുദായത്തിന്റെ വികസനത്തിനായി ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുര്‍ഷിദാബാദ് ജില്ലയിലെ നവോദയില്‍ ഹുമായൂണ്‍ കബീറിന്റെ നേതൃത്വത്തിലുള്ള ആം ജനതാ ഉന്നയന്‍ പാര്‍ട്ടിയുടെ (AJUP) സ്ഥാനാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

‘കഴിഞ്ഞ 50 വര്‍ഷമായി മുസ്ലിം സമുദായം കോണ്‍ഗ്രസിനും ഇടത് മുന്നണിക്കും ടിഎംസിക്കും വോട്ട് ചെയ്തു, പക്ഷേ അവരുടെ അവസ്ഥ മെച്ചപ്പെട്ടില്ല. പശ്ചിമ ബംഗാളിലെ മുസ്ലിംകള്‍ക്ക് രാഷ്ട്രീയ തീരുമാനങ്ങളില്‍ കൂടുതല്‍ പ്രാതിനിധ്യം ലഭിക്കുന്നതിനും അവരുടെ യഥാര്‍ത്ഥ വികസനത്തിനുമായി ഞങ്ങള്‍ കബീറുമായി കൈകോര്‍ത്തിരിക്കുകയാണ്. മമത ബാനര്‍ജിക്കും പാര്‍ട്ടിക്കും ഞങ്ങള്‍ ഇത്തവണ വലിയൊരു ആഘാതം നല്‍കും,’ ഒവൈസി പറഞ്ഞു.

ALSO READ: ഡേറ്റിങ് ആപ്പുകളില്‍ വിവാഹേതര ബന്ധം തേടുന്ന ഇന്ത്യക്കാരുടെ എണ്ണം 40 ലക്ഷം!; സ്ത്രീകളുടെ എണ്ണത്തില്‍ 148 ശതമാനം വര്‍ധന

സമ്പത്തിക വികസനം ഉറപ്പാക്കാന്‍ മുസ്ലിം സമുദായത്തില്‍ നിന്ന് നേതാക്കളെ തിരഞ്ഞെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ബംഗാളിലെ ജനസംഖ്യയുടെ 30 ശതമാനത്തോളം മുസ്ലിംകളാണ്. എന്നാല്‍ എത്ര പേര്‍ക്ക് സര്‍ക്കാര്‍ ജോലിയുണ്ട്? വെറും ഏഴ് ശതമാനം മാത്രം. മുസ്ലിംകളെ ചൂഷണം ചെയ്യുന്നത് നിര്‍ത്തേണ്ട സമയം കഴിഞ്ഞു. ഭാരതത്തിന്റെ മതേതരത്വവും ഉള്‍ക്കൊള്ളല്‍ മനോഭാവവും ബിജെപിയും ടിഎംസിയും ഒരുപോലെ ലംഘിക്കുകയാണ്. ഈ സാഹചര്യത്തില്‍ സാമ്പത്തിക വികസനം ഉറപ്പാക്കാന്‍ നിങ്ങളില്‍ നിന്ന് തന്നെ നേതാക്കളെ തിരഞ്ഞെടുക്കുക,’ അദ്ദേഹം പറഞ്ഞു.

മമത ബാനര്‍ജിക്കെതിരെയും ഉവൈസി രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ചു. ‘ആദ്യകാലത്ത് കോണ്‍ഗ്രസും പിന്നീട് ഇടത് പക്ഷവും നിങ്ങളെ അവഗണിച്ചു. 15 വര്‍ഷത്തെ മമതയുടെ ഭരണത്തില്‍ നിങ്ങള്‍ക്ക് എന്ത് ലഭിച്ചു? മുര്‍ഷിദാബാദിലെയും മാല്‍ഡയിലെയും യുവാക്കള്‍ തൊഴിലിനായി മറ്റ് സംസ്ഥാനങ്ങളിലേക്ക് പലായനം ചെയ്യുകയാണ്. നിങ്ങളെ വെറും വോട്ട് ചെയ്യാനുള്ള യന്ത്രങ്ങളാക്കി മാറ്റിയിരിക്കുന്നു,’ ഉവൈസി ആരോപിച്ചു. മുര്‍ഷിദാബാദില്‍ സര്‍വ്വകലാശാലകളോ സര്‍ക്കാര്‍ കോളേജുകളോ ആരംഭിക്കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.

2000-കളുടെ തുടക്കത്തില്‍ ഗുജറാത്ത് കലാപം നടന്നപ്പോള്‍ ബിജെപി സഖ്യകക്ഷിയായിരുന്ന മമത മിണ്ടിയില്ലെന്നും 2005-ല്‍ ഇടതുഭരണകാലത്ത് ബംഗാളില്‍ നുഴഞ്ഞുകയറ്റം നടക്കുന്നുവെന്ന് ആരോപിച്ച് അവര്‍ ലോക്സഭാ സ്പീക്കര്‍ക്ക് നേരെ പേപ്പറുകള്‍ വലിച്ചെറിഞ്ഞതും ഉവൈസി ഓര്‍മ്മിപ്പിച്ചു. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും സഹോദരനും സഹോദരിയും പോലെയാണെന്നും മുസ്ലിം സമുദായത്തില്‍ നിന്ന് സ്വതന്ത്രമായ ഒരു രാഷ്ട്രീയ നേതൃത്വം വളര്‍ന്നുവരുന്നത് ഇരുവരും ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പരിഹസിച്ചു.

2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എഐഎംഐഎമ്മിന് സീറ്റുകളൊന്നും നേടാനായിരുന്നില്ല. എന്നാല്‍ ഇത്തവണ എജെയുപി-എഐഎംഐഎം സഖ്യം ശക്തമായ മാറ്റം കൊണ്ടുവരുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. 2029 ലോക്സഭാ തിരഞ്ഞെടുപ്പിലും ഈ സഖ്യം തുടരുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

294 അംഗ പശ്ചിമ ബംഗാള്‍ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഏപ്രില്‍ 23, ഏപ്രില്‍ 29 തീയതികളില്‍ രണ്ട് ഘട്ടങ്ങളിലായി നടക്കും. മെയ് 4-നാണ് വോട്ടെണ്ണല്‍.