ഷാർജ: പാകിസ്ഥാന്റെ തനത് രുചിയായ ചിക്കൻ പക്കോറയും പച്ച ചട്ണിയും തയ്യാറാക്കി സന്ദർശകരുടെ ശ്രദ്ധനേടി യുകെയിൽ നിന്നുള്ള പാചകവിദഗ്ധയും എഴുത്തുകാരിയുമായ കൗസർ രാജ. 45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിലെ കുക്കറി കോർണറിലായിരുന്നു തത്സമയ പാചകപ്രദർശനം.
|
കടലമാവ്, കോൺഫ്ലവർ, ചിക്കൻ കഷണങ്ങൾ, സവാള, മല്ലിയില, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവയ്ക്കൊപ്പം ജീരകം, ഗരംമസാല, മഞ്ഞൾ, അയമോദകം തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളും ചേർത്താണ് പക്കോറ തയ്യാറാക്കിയത്. മിശ്രിതം അൽപനേരം മാറ്റിവെച്ചശേഷം എണ്ണയിൽ വറുത്തെടുത്ത് പച്ച ചട്ണിക്കൊപ്പം വിളമ്പി. പാകിസ്ഥാനിൽ റമദാൻ കാലത്ത് പച്ചക്കറികൾക്കൊപ്പം ചിക്കൻ ഉപയോഗിച്ചും പക്കോറ തയ്യാറാക്കാറുണ്ടെന്ന് അവർ പറഞ്ഞു.
സോഷ്യൽ മീഡിയയിൽ ‘കൗസ്കുക്സ്’ എന്ന പേരിൽ അറിയപ്പെടുന്ന കൗസറിന്റെ പാചകക്കുറിപ്പുകൾ കുടുംബത്തിൽനിന്ന് പകർന്നുകിട്ടിയ ദക്ഷിണേഷ്യൻ രുചികളിൽനിന്നാണ് രൂപപ്പെട്ടത്. ഹോബിയായി തുടങ്ങിയ പാചകം പിന്നീട് ഓൺലൈൻ കൂട്ടായ്മയായും പുസ്തകപ്രസിദ്ധീകരണ മേഖലയായും വളർന്നു. ‘സ്പൈസ് ടുനൈറ്റ്: ഈസി മീൽസ് വിത്ത് എ സൗത്ത് ഏഷ്യൻ ട്വിസ്റ്റ്’ എന്നതാണ് ആദ്യ പാചകപുസ്തകം.
ആദ്യമായാണ് ഷാർജ പുസ്തകമേളയിൽ പങ്കെടുക്കുന്നതെന്നും വലിയ ജനപങ്കാളിത്തവും പുസ്തകങ്ങൾക്കായി ഒരുക്കിയ വിശാലമായ സൗകര്യങ്ങളും ഏറെ ആകർഷിച്ചെന്നും കൗസർ പറഞ്ഞു. കുക്കറി കോർണറിലെ പാചകപ്രദർശനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും എല്ലാ സീറ്റുകളും നിറഞ്ഞിട്ടും നിരവധി പേർ നിന്നുകൊണ്ട് പരിപാടി വീക്ഷിച്ചെന്നും അവർ കൂട്ടിച്ചേർത്തു. വീണ്ടും മേളയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നതായും വ്യക്തമാക്കി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





