09
Nov 2026
Mon
09 Nov 2026 Mon
Sharjah Launches Arabic Guidelines to Protect Children from Sexual Abuse

ഷാർജ: കുട്ടികൾക്കെതിരായ ലൈംഗിക ചൂഷണവും അതിക്രമങ്ങളും റിപ്പോർട്ട് ചെയ്യുമ്പോഴും കൈകാര്യം ചെയ്യുമ്പോഴും ഉപയോഗിക്കേണ്ട ശരിയായ പദപ്രയോഗങ്ങൾ സംബന്ധിച്ച അറബിക് മാർഗനിർദേശങ്ങൾ പുറത്തിറക്കി ഷാർജയിലെ ഖാലിദ് ബിൻ സുൽത്താൻ അൽ ഖാസിമി ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ. അന്താരാഷ്ട്ര സംഘടനയായ ECPAT ഇന്റർനാഷണലുമായി സഹകരിച്ചാണ് 185 പേജുള്ള പ്രസിദ്ധീകരണം തയ്യാറാക്കിയത്. ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിലാണ് ആദ്യ അറബിക് പതിപ്പ് പ്രകാശനം ചെയ്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഒൻപത് മാസത്തെ ഗവേഷണത്തിലൂടെ 20-ലധികം പ്രാദേശിക, അന്തർദേശീയ വിദഗ്ധർ ചേർന്നാണ് മാർഗനിർദേശങ്ങൾ തയ്യാറാക്കിയത്. സ്ഥാപനങ്ങളിൽ നിന്നും വിദഗ്ധരിൽ നിന്നുമായി 19 അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. കുട്ടികളെ അപമാനിക്കുന്നതോ അതിക്രമത്തിന് അവർ ഉത്തരവാദികളാണെന്ന പ്രതീതി സൃഷ്ടിക്കുന്നതോ ആയ പദങ്ങൾ ഒഴിവാക്കുകയാണ് പ്രധാന ലക്ഷ്യം. ഉപയോഗിക്കാവുന്ന പദങ്ങൾ, ജാഗ്രതയോടെ ഉപയോഗിക്കേണ്ടവ, ഒഴിവാക്കേണ്ടവ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി പദപ്രയോഗങ്ങളെ തിരിച്ചിരിക്കുന്നു.

കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ എന്ന അർഥത്തിൽ ഉപയോഗിക്കുന്ന ‘ചൈൽഡ് പോർണോഗ്രഫി’ എന്ന പദത്തിന് പകരം ‘ചൈൽഡ് സെക്ഷ്വൽ അബ്യൂസ് മെറ്റീരിയൽ’ ഉപയോഗിക്കണമെന്നും മാർഗനിർദേശങ്ങൾ നിർദേശിക്കുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നിർമിക്കുന്ന ലൈംഗിക ചൂഷണ ദൃശ്യങ്ങൾ, ലൈവ് സ്ട്രീമിങ് വഴിയുള്ള അതിക്രമങ്ങൾ, ഓൺലൈൻ പ്രലോഭനം, ലൈംഗിക ഭീഷണിപ്പെടുത്തൽ തുടങ്ങിയ പുതിയ സാങ്കേതികവിദ്യാ അധിഷ്ഠിത കുറ്റകൃത്യങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മാധ്യമപ്രവർത്തകർ, നിയമവിദഗ്ധർ, അധ്യാപകർ, ശിശുസംരക്ഷണ പ്രവർത്തകർ, നയരൂപീകരണ വിദഗ്ധർ എന്നിവർക്ക് പ്രയോജനപ്പെടുന്ന രീതിയിലാണ് മാർഗനിർദേശങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. അറബിക് പതിപ്പ് ഫൗണ്ടേഷന്റെ വെബ്സൈറ്റിൽ സൗജന്യമായി ലഭ്യമാണ്:https://ksqf.ae/arabic-terminology-guidelines/

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക