09
Nov 2026
Mon
09 Nov 2026 Mon
Rare Archives Showcase Sharjah’s 60-Year History

ഷാർജ: ഷാർജ ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ ആദ്യകാല പ്രസംഗം പ്രസിദ്ധീകരിച്ച അപൂർവ മാസികയടക്കം എക്കാലത്തെയും ചരിത്രരേഖകൾ സന്ദർശകർക്ക് മുന്നിലെത്തിച്ച് 45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേള. ആറു പതിറ്റാണ്ടിലേറെക്കാലത്തെ ഷാർജയുടെ വളർച്ചയും സാംസ്കാരിക മുന്നേറ്റങ്ങളും അടയാളപ്പെടുത്തുന്ന അപൂർവ പത്രങ്ങൾ, മാസികകൾ, പുസ്തകങ്ങൾ, ചിത്രങ്ങൾ എന്നിവയാണ് പ്രദർശനത്തിലുള്ളത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഈജിപ്തിലെ അറബ് ഹെറിറ്റേജ് ആർക്കൈവ് ഫൗണ്ടേഷൻ ഡയറക്ടറും ചരിത്രരേഖാ ശേഖരകനുമായ മുഹമ്മദ് സാദിഖ് തയ്യാറാക്കിയ ശേഖരത്തിലാണ് ‘അഖർ സാഅ’ (Akher Sa’ah) എന്ന മാസികയുള്ളത്. 1954 മുതലുള്ള രേഖകൾ ഉൾക്കൊള്ളുന്ന ശേഖരത്തിൽ യുഎഇ, ഈജിപ്ത്, ജോർദാൻ, സിറിയ, ഫലസ്തീൻ, സുഡാൻ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള പ്രസിദ്ധീകരണങ്ങളും ചിത്രങ്ങളുമുണ്ട്. 1972ൽ ഭരണാധികാരിയായി ചുമതലയേറ്റ ശൈഖ് ഡോ. സുൽത്താൻ ആദർശനഗരം, ഇസ്‌ലാമിക വാസ്തുവിദ്യ, ജനങ്ങളിൽ നിക്ഷേപം നടത്തേണ്ടതിന്റെ പ്രാധാന്യം എന്നിവയെക്കുറിച്ച് സംസാരിച്ചതായി സാദിഖ് ഓർമിച്ചു. ജനങ്ങളെ വാർത്തെടുക്കുന്നതിനായിരുന്നു അദ്ദേഹം ഏറ്റവും കൂടുതൽ പ്രാധാന്യം നൽകിയതെന്നും സാദിഖ് പറഞ്ഞു.

ഷാർജയുടെ ചരിത്രം രേഖപ്പെടുത്തുന്ന പ്രസിദ്ധീകരണങ്ങൾ കണ്ടെത്തുന്നതിനായി വർഷങ്ങളായി ഗവേഷണം നടത്തിവരികയാണ് സാദിഖ്. ഔദ്യോഗിക സന്ദർശനങ്ങൾ, വിദ്യാഭ്യാസ മേഖലയിലെ നാഴികക്കല്ലുകൾ, പ്രധാന വികസന പദ്ധതികൾ, സാംസ്കാരിക മുന്നേറ്റങ്ങൾ എന്നിവയുടെ രേഖകൾ അറബി, ഇംഗ്ലീഷ്, ഫ്രഞ്ച് ഭാഷകളിലുള്ള പ്രസിദ്ധീകരണങ്ങളിലുണ്ട്. കഴിഞ്ഞ 60 വർഷത്തെ ഷാർജയുടെ ചരിത്രം സമഗ്രമായി അവതരിപ്പിക്കുകയാണ് ഇത്തവണത്തെ ലക്ഷ്യമെന്നും ഒരു നഗരത്തിന്റെ തുടക്കം മുതൽ ഇന്നുവരെയുള്ള വളർച്ചയുടെ കഥയാണ് ഈ രേഖകൾ പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പണ്ഡിതന്മാർക്കും ബുദ്ധിജീവികൾക്കും സാംസ്കാരിക പ്രവർത്തകർക്കും ഷാർജ് നൽകിയ അംഗീകാരങ്ങളും ശേഖരത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

പഴയകാല പത്രങ്ങൾ, ചിത്രങ്ങൾ, പുസ്തകങ്ങൾ, കുട്ടികളുടെ പ്രസിദ്ധീകരണങ്ങൾ എന്നിവയിലൂടെ സന്ദർശകരെ ബാല്യകാല ഓർമകളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നതാണ് പ്രദർശനത്തിലെ മറ്റൊരു പ്രത്യേകത. മിക്കി മൗസ്, സൂപ്പർമാൻ, ടാർസൻ, സമീർ, മാജിദ് തുടങ്ങിയ കഥാപാത്രങ്ങളുള്ള പഴയ കോമിക് പുസ്തകങ്ങളും ഇതിലുണ്ട്. മാതാപിതാക്കൾ കുട്ടികളോടൊപ്പം എത്തി തങ്ങൾ ചെറുപ്പത്തിൽ വായിച്ചിരുന്ന പുസ്തകങ്ങളും കഥാപാത്രങ്ങളും പരിചയപ്പെടുത്തുമ്പോൾ തലമുറകൾ തമ്മിലുള്ള ഓർമകൾ പങ്കുവെക്കപ്പെടുകയാണെന്ന് സാദിഖ് പറഞ്ഞു. യുഎഇയിലെ സ്ത്രീകളുടെ ചരിത്രം, സർവകലാശാലകളുടെ സ്ഥാപനം, സായുധസേനയുടെ ഏകീകരണം തുടങ്ങിയ നിർണായക സംഭവങ്ങളുമായി ബന്ധപ്പെട്ട രേഖകളും ശേഖരത്തിലുണ്ട്. വിവിധ രാജ്യങ്ങളിൽനിന്നും ഭാഷകളിൽനിന്നുമുള്ള രേഖകൾ ചരിത്രത്തെ പല കാഴ്ചപ്പാടുകളിലൂടെ മനസ്സിലാക്കാൻ സഹായിക്കുമെന്നും ഓരോ പഴയ താളും ഒരു കാലഘട്ടത്തിന്റെ ഓർമകൾ പുതുതലമുറയ്ക്ക് മുന്നിലെത്തിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ALSO READ: പുസ്തകങ്ങളിലെ കഥാപാത്രങ്ങൾക്ക് റോബോട്ടിന്റെ രൂപം; കഥകൾക്ക് കുട്ടികളുടെ സ്വന്തം നാടകവേദി; ഷാർജ പുസ്തകമേളയിൽ വൈവിധ്യമാർന്ന ശിൽപശാലകൾ

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക