ഗാസ മുനമ്പില്‍ ഒരു ഫലസ്തീനി നവജാതശിശു തണുത്തു മരിച്ചു. അതിശൈത്യത്തിനിടയിലും ഇസ്രായേല്‍ പാര്‍പ്പിട സാമഗ്രികളും മറ്റ് മാനുഷിക സഹായങ്ങളും തടയുന്നത് തുടരുന്നതിനിടയിലാണ് ദുരന്തം.
|
കഠിനമായ തണുപ്പിനെത്തുടര്‍ന്ന് ഉണ്ടായ ഹൈപ്പോതെര്‍മിയക്ക് (ശരീരതാപനില അപകടകരമായി താഴുന്ന അവസ്ഥ) ചികിത്സ തേടിയ രണ്ടാഴ്ച മാത്രം പ്രായമുള്ള മുഹമ്മദ് ഖലീല്‍ അബു അല്‍-ഖൈര്‍ എന്ന കുഞ്ഞ് ഗസയിലെ ആരോഗ്യ മന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു.
ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന വംശഹത്യയെത്തുടര്‍ന്ന് അടിസ്ഥാന സംരക്ഷണ സംവിധാനങ്ങളെല്ലാം തകര്‍ക്കപ്പെട്ട സാഹചര്യത്തിലാണ് കുഞ്ഞിന്റെ മരണം സംഭവിച്ചതെന്ന് ഗസ സിറ്റിയില്‍ നിന്നുള്ള അല്‍ ജസീറ റിപ്പോര്‍ട്ടര്‍ താരെക് അബു അസൂം നിരീക്ഷിച്ചു. ‘കുടുംബങ്ങള്‍ തണുത്ത നിലത്ത്, ചൂടോ വൈദ്യുതിയോ മതിയായ വസ്ത്രങ്ങളോ ഇല്ലാത്ത കൂടാരങ്ങളിലാണ് കഴിയുന്നത്. ഭക്ഷണം, ഇന്ധനം, പാര്‍പ്പിടം, സഹായം എന്നിവ നിരോധിക്കപ്പെടുമ്പോള്‍ തണുപ്പ് തീര്‍ച്ചയായും മാരകമാകും,’ അബു അസൂം പറഞ്ഞു.
രണ്ട് വര്‍ഷമായി തുടരുന്ന ഇസ്രായേല്‍ ആക്രമണത്തില്‍ ഗാസയിലെ 80 ശതമാനത്തിലധികം കെട്ടിടങ്ങളും തകര്‍ന്നിട്ടുണ്ട്. ഇതോടെ ലക്ഷക്കണക്കിന് കുടുംബങ്ങള്‍ താല്‍ക്കാലിക കൂടാരങ്ങളിലും തിരക്കേറിയ അഭയകേന്ദ്രങ്ങളിലും അഭയം പ്രാപിക്കാന്‍ നിര്‍ബന്ധിതരായി. അടുത്തിടെ ഗസയില്‍ ആഞ്ഞടിച്ച ശക്തമായ കൊടുങ്കാറ്റിലും മഴയിലും കൂടാരങ്ങള്‍ വെള്ളത്തിനടിയിലാവുകയും കേടുപാടുകള്‍ സംഭവിച്ച കെട്ടിടങ്ങള്‍ തകരുകയും ചെയ്തതിനെത്തുടര്‍ന്ന് 11 പേര്‍ മരിച്ചിരുന്നു.
‘ഞങ്ങള്‍ കുട്ടികളുടെ വസ്ത്രങ്ങള്‍ തീയുണ്ടാക്കി അതിന് മുകളില്‍ വെച്ച് ഉണക്കാന്‍ ശ്രമിക്കുകയാണ്,’ ഗസ സിറ്റിയില്‍ നിന്നുള്ള ഉമ്മു മുഹമ്മദ് അസ്സലിയ എന്ന അഭയാര്‍ത്ഥി മാതാവ് അല്‍ ജസീറയോട് പറഞ്ഞു. ‘അവര്‍ക്ക് മാറ്റിയുടുക്കാന്‍ മറ്റ് വസ്ത്രങ്ങളില്ല. ഞാന്‍ അങ്ങേയറ്റം തളര്‍ന്നിരിക്കുന്നു. ഞങ്ങള്‍ക്ക് ലഭിച്ച കൂടാരം ഈ ശൈത്യകാലത്തെ പ്രതിരോധിക്കാന്‍ ശേഷിയുള്ളതല്ല. ഞങ്ങള്‍ക്ക് പുതപ്പുകള്‍ ആവശ്യമാണ്,’ അവര്‍ കൂട്ടിച്ചേര്‍ത്തു.
ഗസയിലേക്ക് തടസ്സമില്ലാതെ സഹായങ്ങള്‍ എത്തിക്കാന്‍ അനുവദിക്കണമെന്ന് മനുഷ്യാവകാശ സംഘടനകള്‍ ഇസ്രായേലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സഹായങ്ങള്‍ നേരിട്ട് ഗസയിലേക്ക് എത്തിക്കുന്നത് ഇസ്രായേല്‍ സര്‍ക്കാര്‍ തടയുകയാണെന്ന് ഫലസ്തീനികള്‍ക്കായുള്ള യുഎന്‍ ഏജന്‍സിയായ യുഎന്‍ആര്‍ഡബ്ല്യു (UNRWA) അറിയിച്ചു.
‘കുടുംബങ്ങള്‍ അഭയം പ്രാപിച്ചിരുന്ന തകര്‍ന്ന കെട്ടിടങ്ങള്‍ ഇടിഞ്ഞുവീണ് ആളുകള്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. അതിശൈത്യം താങ്ങാനാവാതെ കുട്ടികളും മരിക്കുന്നു. ഇത് അവസാനിക്കണം. സഹായങ്ങള്‍ വന്‍തോതില്‍ പ്രവേശിക്കാന്‍ ഇപ്പോള്‍ തന്നെ അനുവദിക്കണം,’ യുഎന്‍ആര്‍ഡബ്ല്യു ചൊവ്വാഴ്ച സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.





