ദോഹ: പത്തനംതിട്ട തിരുവല്ല കവിയൂർ സ്വദേശി ഖത്തറിൽ മരിച്ചു. ജോസഫ് പള്ളത്ത് എബ്രഹാം(ഷാജി-57) ആണ് മരിച്ചത്. 40 വർഷമായി ഖത്തറിൽ പ്രവാസിയായ ജോസഫ് പള്ളത്ത് എ.ബി.എൻ കോർപ്പറേഷൻ ബെഹ്സാദ് ഗ്രൂപ്പ് സീനിയർ പബ്ലിക് റിലേഷൻസ് ആൻഡ് അഡ്മിനിസ്ട്രേഷൻ മാനേജറായിരുന്നു. അസുഖബാധിതനായി ഹമദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെയായിരുന്നു അന്ത്യം.
|
ഭാര്യ ആനി ജോസഫ് ഹമദ് ആശുപത്രിയിൽ നഴ്സാണ്. മക്കൾ: ഷിജിൻ ജോസഫ്, ഷൈൻ ജോസഫ് (ഖത്തർ). നടപടികൾ പൂർത്തിയാക്കി ഹമദ് മെഡിക്കൽ കോർപറേഷൻ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ഖത്തറിൽ സംസ്കരിക്കും.
ബെഹ്സാദ് എ.ബി.എൻ ഭവൻസ് സ്കൂൾ ഗ്രൂപ്പുകളുടെ ഖത്തറിലെ പ്രവർത്തനങ്ങൾക്ക് ഉപദേശവും പിന്തുണയും നൽകിയ ഏറ്റവും സീനിയർ ഉദ്യോഗസ്ഥനായിരുന്ന ജോസഫ് പള്ളത്തിന്റെ നിര്യാണം ഗ്രൂപ്പിന് നികത്താനാവാത്ത നഷ്ടമാണെന്ന് എ.ബി.എൻ കോർപറേഷൻ ചെയർമാൻ ജെ.കെ.മേനോൻ അനുസ്മരിച്ചു. അന്തരിച്ച സി.കെ.മേനോനുമായി അടുത്ത ബന്ധം നിലനിർത്തിയിരുന്ന ജോസഫ് ജീവിത യാത്രയിൽ വഴികാട്ടിയായിരുന്നുവെന്നും ജെ.കെ.മേനോൻ അനുസ്മരിച്ചു. എ.ബി.എൻ ഗ്രൂപ്പിലെ സഹപ്രവർത്തകരും അനുശോചനം രേഖപ്പെടുത്തി.


