ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ വിലയില്‍ വന്‍ വര്‍ധനവ്. ലിറ്ററിന് 3 രൂപയോളമാണ് കൂട്ടിയത്. പശ്ചിമേഷ്യയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില വര്‍ധിച്ച സാഹചര്യത്തിലാണ് എണ്ണക്കമ്പനികള്‍ ഇന്ധനവില വര്‍ധിപ്പിച്ചത്.
|
പെട്രോളിനും ഡീസലിനും ലിറ്ററിന് 3.04 രൂപ വീതമാണ് കേരളത്തില്‍ വര്‍ധിക്കുക. പുതുക്കിയ നിരക്ക് അനുസരിച്ച് കൊച്ചിയില്‍ പെട്രോളിന് 108.62 രൂപയായി. ഡീസല്‍ വില ലിറ്ററിന് 97.55 രൂപയായും ഉയര്‍ന്നു. പെട്രോള്‍ ഡീസല്‍ വില വര്‍ധിപ്പിച്ചതിനൊപ്പം സിഎന്‍ജി വിലയും കമ്പനികള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. രണ്ടുരൂപയാണ് സിഎന്‍ജി വില വര്‍ധിപ്പിച്ചത്.
പ്രധാന നഗരങ്ങളിലെ പുതുക്കിയ പെട്രോള്‍, ഡീസല്‍ വില താഴെ
| നഗരം | പെട്രോള്‍ (₹) | ഡീസല്‍ (₹) |
| തിരുവനന്തപുരം | 110.48 | 99.38 |
| കൊച്ചി | 97.77 | 97.55 |
| ഡല്‍ഹി | 108.62 | 90.67 |
| മുംബൈ | 106.68 | 93.14 |
| ചെന്നൈ | 103.67 | 95.25 |
| കൊല്‍ക്കത്ത | 108.74 | 95.13 |
| ബംഗളൂരു | 105.96 | 93.99 |
ഓരോ സംസ്ഥാനത്തെയും നികുതി നിരക്കുകളിലെ (VAT) വ്യത്യാസം കാരണം വിവിധ നഗരങ്ങളില്‍ വിലയില്‍ മാറ്റമുണ്ടാകാം. പ്രാദേശിക എണ്ണക്കമ്പനികളുടെ ഔദ്യോഗിക ആപ്പുകള്‍ വഴി കൃത്യമായ തത്സമയ വില പരിശോധിക്കാവുന്നതാണ്.
ഇനിയും വര്‍ധിക്കുമെന്ന് ആശങ്ക
വില ഇനിയും വര്‍ധിക്കുമെന്ന ആശങ്കയെത്തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ പെട്രോള്‍ പമ്പുകളില്‍ വലിയ തിരക്കും പരിഭ്രാന്തിയും അനുഭവപ്പെടുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. പലയിടങ്ങളിലും ഇന്ധനം തീര്‍ന്നുവെന്ന ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു.
അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ അവസാനിച്ചതിന് പിന്നാലെയാണ് ഇപ്പോള്‍ വില വര്‍ധിപ്പിച്ചിരിക്കുന്നത്. ആഗോള വിപണിയിലെ അസംസ്‌കൃത എണ്ണയുടെ വിലക്കയറ്റവും വര്‍ധിച്ചുവരുന്ന ഇറക്കുമതിച്ചെലവുമാണ് ഇന്ത്യയെ ഈ തീരുമാനത്തിലേക്ക് നയിച്ചത്. ഡല്‍ഹി ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ഗുജറാത്ത്, ഒഡീഷ തുടങ്ങിയ സ്ഥലങ്ങളിലും ഇന്ധനം നിറയ്ക്കാന്‍ ജനങ്ങളുടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.



