31
Jun 2024
Fri
31 Jun 2024 Fri
Pinarayi Vijayan s reply to Geevarghese Coorilos who criticise LDF

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ എല്‍ഡിഎഫിന്റെ തോല്‍വിയെ വിമര്‍ശിച്ച ഗീവര്‍ഗീസ് കൂറിലോസിനു മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പുരോഹിതരന്മാരുടെ ഇടയിലും ചില വിവരദോഷികളുണ്ടാവുമെന്നാണ് ഗീവര്‍ഗീസ് കൂറിലോസിന്റെ വാക്കുകള്‍ തെളിയിക്കുന്നതെന്നായിരുന്നു പിണറായി വിജയന്റെ പ്രതികരണം. സര്‍ക്കാരിന്റെ പ്രോഗ്രസ് റിപോര്‍ട്ട് പ്രകാശനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. തുടര്‍ച്ചയായ ആഘാത ചികിത്സയില്‍ നിന്നും ഇനിയും പാഠം പഠിക്കുവാന്‍ തയ്യാറായില്ലെങ്കില്‍ കേരളത്തിലെ ഇടതുപക്ഷത്തിന് ബംഗാളിലെയും ത്രിപുരയിലെയും അവസ്ഥ വരുമെന്നതടക്കമുള്ള വിമര്‍ശനമായിരുന്നു ഗീവര്‍ഗീസ് കൂറിലോസ് നടത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

”പഴയ ഒരു പുരോഹിതന്റെ വാക്കുകള്‍ കാണാനിടയായി. പ്രളയമാണ് അന്ന് ഈ സര്‍ക്കാരിനെ വീണ്ടും അധികാരത്തില്‍ ഏറ്റാന്‍ ഇടയാക്കിയത്. ഇനിയുമൊരു പ്രളയം ഉണ്ടാകുമെന്ന് ധരിക്കേണ്ട എന്നാണ് ആ പുരോഹിതന്‍ പറഞ്ഞതായിട്ട് കേട്ടത്. പുരോഹിതന്മാരുടെ ഇടയിലും ചിലപ്പോള്‍ ചില വിവരദോഷികളുണ്ടാവും എന്നതാണ് ആ വാചകത്തിലൂടെ വ്യക്തമാവുന്നത്’ എന്ന് പിണറായി വിജയന്‍ പറഞ്ഞു. നമ്മളാരും ഇവിടെ വീണ്ടും ഒരു പ്രളയം ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നില്ല. നേരിട്ട ദുരന്തം ആ ദുരന്തം ശരിയായ രീതിയില്‍ അതിജീവിക്കാന്‍ നമ്മുടെ നാടാകെ ഒറ്റക്കെട്ടായി നിന്നു. അതാണ് നമുക്ക് ലോകത്തിന് നല്‍കാന്‍ കഴിഞ്ഞ പാഠം. അതു കേരളത്തിനു മാത്രം കഴിയുന്നു എന്നതാണ്. നമ്മുടെ നാടിന്റെ പ്രത്യേകതയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഫേസ്ബുക്കിലൂടെയായിരുന്നു കഴിഞ്ഞദിവസം ഗീവര്‍ഗീസ് കൂറിലോസ് ഇടതുപക്ഷത്തിനെതിരേ നിശിത വിമര്‍ശനമുന്നയിച്ചത്. ജനങ്ങള്‍ നല്‍കുന്ന തുടര്‍ച്ചയായ ആഘാത ചികിത്സയില്‍ നിന്നും ഇനിയും പാഠം പഠിക്കുവാന്‍ തയ്യാറായില്ലെങ്കില്‍ കേരളത്തിലെ ഇടതുപക്ഷത്തിന് ബംഗാളിലെയും ത്രിപുരയിലെയും അവസ്ഥ വരും. ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടതുപക്ഷത്തിന് ഉണ്ടായ തകര്‍ച്ചയുടെ പ്രധാന കാരണങ്ങളില്‍ ഒന്ന് നിലവിലുള്ള അതിശക്തമായ ഭരണവിരുദ്ധ വികാരമാണ്. സിപിഎം എത്ര നിഷേധിക്കുവാന്‍ ശ്രമിച്ചാലും അത് ഒരു യാഥാര്‍ഥ്യമാണെന്നും ഗീവര്‍ഗീസ് കൂറിലോസ് എഴുതി.

സാമ്പത്തിക നയങ്ങളിലെ പരാജയം, അച്ചടക്കം ഇല്ലായ്മ, ധൂര്‍ത്ത് , വളരെ മോശമായ പൊലിസ് നയങ്ങള്‍, മാധ്യമ വേട്ട, സഹകരണ ബാങ്കുകളില്‍ ഉള്‍പ്പെടെ നടന്ന അഴിമതികള്‍, പെന്‍ഷന്‍ മുടങ്ങിയത് അടക്കം പാവപ്പെട്ടവരെ അവഗണിച്ചുള്ള നീക്കങ്ങള്‍, എസ്എഫ്ഐയുടെ അക്രമാസക്ത രാഷ്ട്രീയം, വിമര്‍ശനങ്ങളോടുള്ള അസഹിഷ്ണുത, മത -സാമുദായിക സംഘടനകളെ അതിരുവിട്ട് പ്രീണിപ്പിക്കുവാനുള്ള ശ്രമങ്ങള്‍, വലതു വല്‍ക്കരണ നയങ്ങള്‍, തുടങ്ങിയ നിരവധി കാരണങ്ങള്‍ ഈ തോല്‍വിക്ക് നിദാനം ആണ്. ബിജെപിയെക്കാള്‍ ഉപരി കോണ്‍ഗ്രസിനെയും ഫാഷിസത്തിനെതിരെ ധീരമായി പോരാടിയ രാഹുല്‍ ഗാന്ധിയെയും 'ടാര്‍ഗറ്റ് ' ചെയ്തുകൊണ്ടുള്ള ഇടതുപക്ഷ പ്രചാരണം മതേതര വിശ്വാസികളില്‍ സംശയമുണ്ടാക്കി.

ഒന്നാം പിണറായി സര്‍ക്കാരിനെ അപേക്ഷിച്ച് രണ്ടാം സര്‍ക്കാരിന്റെ നിലവാര തകര്‍ച്ച മറ്റൊരു പ്രധാന കാരണമാണ്. ഭൂരിപക്ഷം മന്ത്രിമാരുടെയും പ്രകടനം ദയനീയമാണ്. ധാര്‍ഷ്ട്യവും ധൂര്‍ത്തും ഇനിയും തുടര്‍ന്നാല്‍ ഇതിലും വലിയ തിരിച്ചടികള്‍ ആയിരിക്കും ഇടതുപക്ഷത്തെ കാത്തിരിക്കുക. എപ്പോഴും പ്രളയവും മഹാമാരികളും രക്ഷയ്ക്ക് എത്തണമെന്നില്ല.'കിറ്റ് രാഷ്ട്രീയത്തില്‍' ഒന്നിലധികം പ്രാവശ്യം ജനങ്ങള്‍ വീഴില്ല, പ്രത്യേകിച്ച് കേരളത്തില്‍. തിരുത്തുമെന്ന നേതൃത്വം പറയുന്നത് സ്വാഗതാര്‍ഹമാണ്. അത് പക്ഷേ തൊലിപ്പുറത്തുള്ള തിരുത്തല്‍ ആവരുത്. രോഗം ആഴത്തിലുള്ളതാണ്. ചികിത്സയും ആഴത്തില്‍ തന്നെ ഇറങ്ങണം. ഇടതുപക്ഷം 'ഇടത്ത് ' തന്നെ നില്‍ക്കണം. ഇടത്തോട്ട് ഇന്‍ഡിക്കേറ്റര്‍ ഇട്ടിട്ട് വലത്തോട്ട് വണ്ടിയോടിച്ചാല്‍ അപകടം ഉണ്ടാകും. ലക്ഷ്യസ്ഥാനത്ത് എത്തുകയുമില്ലെന്നും ഗീവര്‍ഗീസ് കൂറിലോസ് ചൂണ്ടിക്കാട്ടിയിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക