07
Nov 2023
Tue
07 Nov 2023 Tue

കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചതിന് 14 DYFI പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കണ്ണൂര്‍: നവകേരളാ യാത്രയ്ക്കിടെ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാട്ടിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവത്തില്‍ 14 സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. പഴയങ്ങാടി പൊലീസാണ് കേസെടുത്തത്. കൊല്ലണമെന്ന ഉദ്ദേശത്തോടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ സുധീഷ് വെള്ളച്ചാലിനെ തടഞ്ഞുനിര്‍ത്തി മാരകായുധമായ ഹെല്‍മെറ്റ്, ചെടിച്ചട്ടി, ഇരുമ്പുവടി എന്നിവ ഉപയോഗിച്ച് തലക്കടിച്ചുപരിക്കേല്‍പ്പിച്ചു എന്നാണ് കേസ്. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചതിലുള്ള രാഷ്ട്രീയ വിരോധമാണ് പിന്നിലെന്നും എഫ്‌ഐആറിലുണ്ട്. അക്രമം തടഞ്ഞവരെയും മര്‍ദിച്ചെന്നും മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി വീശിയതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്നും എഫ്.ഐ.ആറിലും പറയുന്നു.

കണ്ണൂര്‍ സ്വദേശികളായ റമീസ്, അനുവിന്ദ്, ജിതിന്‍, വിഷ്ണു എംപി, സതീഷ് പി, അമല്‍ ബാബു, സജിത്ത് ചെറുതാഴം, അതുല്‍ കണ്ണന്‍, അനുരാഗ്, ഷഫൂര്‍ അഹമ്മദ്, അര്‍ജുന്‍ കോട്ടൂര്‍, സിബി, ഹരിത് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

ഇന്നലെ കല്യാശ്ശേരി മണ്ഡലത്തിലെ പഴയങ്ങാടി എരിപുരത്തുവെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. നവകേരള സദസ്സിന്റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസിന് നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസുകാരെ ഇടതുപ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുകയായിരുന്നു. പരിക്കേറ്റ യൂത്ത് കണ്ണൂര്‍ വൈസ് പ്രസിഡന്റുമാരായ മഹിത മോഹന്‍, സുധീഷ് വെള്ളച്ചാല്‍, യൂണിറ്റ് ഭാരവാഹി സഞ്ജു എന്നിവരെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

നവകേരളയുടെ മാടായിക്കാട്ടെ പരിപാടി കഴിഞ്ഞ് മുഖ്യമന്ത്രി മടങ്ങുമ്പോഴായിരുന്നു കരിങ്കൊടി കാട്ടിയത്. പൊലീസ് പ്രതിഷേധക്കാരെ പിടിച്ചുമാറ്റുന്നതിനിടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെത്തി മര്‍ദിക്കുകയായിരുന്നു. പ്രവര്‍ത്തകര്‍ പ്രതിഷേധക്കാരെ ഹെല്‍മെറ്റ് ഉപയോഗിച്ച് തലയ്ക്കടിക്കുന്നതിന്റെയും നിലത്തിട്ട് ചവിട്ടുന്നതിന്റേയും ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. തുടര്‍ന്ന് കൂടുതല്‍ പേരെത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വാഹനങ്ങളടക്കം അടിച്ചു തകര്‍ത്തു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക