08
Oct 2023
Tue
08 Oct 2023 Tue

വീണ്ടും ഇരട്ടഗോളുമായി ക്രിസ്റ്റിയാനോ; ബോസ്‌നിയയെ ഗോളില്‍ മുക്കി പോര്‍ച്ചുഗല്‍; കലണ്ടര്‍ വര്‍ഷത്തിലെ ഒന്നാം നമ്പര്‍ ഗോള്‍വേട്ടക്കാരനായി താരം

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സെനിക: അടുത്തവര്‍ഷം നടക്കുന്ന യൂറോ കിനുള്ള യോഗ്യത റൗണ്ടില്‍ വിജയം തുടര്‍ന്ന് ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍. ബോസ്‌നിയ ഹെര്‍സഗോവിനയെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് പോര്‍ച്ചുഗല്‍ തകര്‍ത്തുവിട്ടത്. സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഇരട്ടഗോളുമായി തിളങ്ങി. യോഗ്യതാ മത്സരങ്ങളില്‍ തുടര്‍ച്ചയായ എട്ടാം വിജയത്തോടെ ഗ്രൂപ്പില്‍ ഒന്നാമതാണ് പോര്‍ച്ചുഗല്‍.

ബോസ്‌നിയയുടെ ഹോം തട്ടകത്തില്‍ നടന്ന മത്സരത്തിന്റെ ആദ്യ നിമിഷങ്ങളില്‍ തന്നെ ലീഡ് നേടാന്‍ പോര്‍ച്ചുഗലിന് കഴിഞ്ഞു. അഞ്ചാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ റൊണാള്‍ഡോയാണ് ഗോളടിച്ച് തുടങ്ങിയത്. 20ാം മിനിറ്റില്‍ റൊണാള്‍ഡോ തന്നെ പോര്‍ച്ചുഗീസിന്റെ ലീഡ് ഇരട്ടിയാക്കി.

അധികം വൈകാതെ തന്നെ 25ാം മിനിറ്റില്‍ ബ്രൂണോ ഫെര്‍ണാണ്ടസിലൂടെ സ്‌കോര്‍നില 3 ആക്കി. 32ാം മിനിറ്റില്‍ ജാവോ കാന്‍സെലോയും 41ാം മിനിറ്റില്‍ യുവതാരം ജാവോ ഫെലിക്‌സും ഗോള്‍ നേടി പട്ടിക പൂര്‍ത്തിയാക്കി. ഇതോടെ ആദ്യ പകുതിയില്‍ തന്നെ അഞ്ച് ഗോളുകളുടെ ആധികാരിക വിജയം ഉറപ്പിക്കാന്‍ പോര്‍ച്ചുഗലിനായി. കഴിഞ്ഞ മത്സരത്തില്‍ സ്ലൊവാക്യയെ കീഴടക്കിയതോടെ പോര്‍ച്ചുഗല്‍ നേരത്തെ തന്നെ യൂറോ കപ്പിന് യോഗ്യത ഉറപ്പാക്കിയിരുന്നു.

ഇന്നത്തെ കളിയിലെ നേട്ടത്തോടെ ഈ കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാറി. ദേശീയ ടീമിന് വേണ്ടിയും ക്ലബ്ബിന് വേണ്ടിയും 2023ല്‍ 40 ഗോളുകളാണ് റൊണാള്‍ഡോ നേടിയത്. 39 ഗോളുകളടിച്ച മാഞ്ചസ്റ്റര്‍ സിറ്റിയുടെ സൂപ്പര്‍ താരം എര്‍ലിങ് ഹാലണ്ട് ആണ് രണ്ടാംസ്ഥാനത്ത്. 35 ഗോളുകളുമായി പിഎസ്ജിയുടെ ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയാണ് ഗോള്‍വേട്ടയില്‍ മൂന്നാംസ്ഥാനത്ത്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക