കുട്ടികളും അധ്യാപകരും തമ്മിലുള്ള അടുപ്പം വ്യക്തമാക്കുന്ന മനസ്സു നിറയ്ക്കുന്ന കാഴ്ചകൾ സാമൂഹികമാധ്യമങ്ങളിൽ പലപ്പോഴും പ്രചരിച്ചുകാണാറുണ്ട്. എന്നാൽ അതൊക്കെയും നിഷ്പ്രഭമാക്കുന്നൊരു അവിശ്വസനീയ അധ്യാപക-വിദ്യാർഥി ബന്ധമാണ് തെലങ്കാനയിൽ നിന്നു പുറത്തുവരുന്നത്. സ്ഥലംമാറ്റം ലഭിച്ചു മറ്റൊരു സ്കൂളിലേക്ക് പോയ അധ്യാപകനു പിറകെ ടിസി വാങ്ങിപ്പോയത് സർക്കാർ പ്രൈമറി സ്കൂളിലെ 133 വിദ്യാർഥികളാണ്.
|
ജെ ശ്രീനിവാസ്(53)എന്ന എൽപി സ്കൂൾ അധ്യാപകനാണ് അറിവിനൊപ്പം സ്നേഹവും പകർന്നുനൽകി ഇത്തരമൊരു അവിശ്വസനീയതയുടെ കാരണക്കാരനായത്.
പൊനാക്കൽ ഗ്രാമത്തിലെ സർക്കാർ സ്കൂളിൽ 250 വിദ്യാർഥികളായിരുന്നു പഠിച്ചിരുന്നത്. ജൂലൈ ഒന്നിന് ശ്രീനിവാസിന് ഇവിടെ നിന്ന് മൂന്ന് കിലോമീറ്റർ അകലയുള്ള സ്കൂളിലേക്ക് സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചു.
അധ്യാപകന്റെ സ്ഥലംമാറ്റ വാർത്ത വിദ്യാർഥികൾ കരഞ്ഞുകൊണ്ടാണു വരവേറ്റത്. സ്ഥലംമാറ്റ ഉത്തരവ് അനുസരിക്കാനാവില്ലെന്ന് ശ്രീനിവാസ് കുട്ടികളെ അറിയിച്ചതോടെ ഇവർ വലിയ വിഷമത്തിലായി. വീട്ടിൽ പോയി മാതാപിതാക്കളോട് തങ്ങൾക്കും അധ്യാപകൻ സ്ഥലംമാറിപ്പോവുന്ന സ്കൂളിൽ ചേരണമെന്ന് കുട്ടികൾ വാശിപിടിച്ചു. തുടർന്ന് 133 കുട്ടികൾ ടിസി വാങ്ങുകയും ശ്രീനിവാസ് ജോലി ചെയ്യുന്ന അക്കൽപെല്ലിഗുഡയിലെ സ്കൂളിൽ പോയി ചേരുകയുമായിരുന്നു.
പൊനാക്കൽ ഗ്രാമത്തിലെ സർക്കാർ സ്കൂളിൽ 12 വർഷം മുമ്പ് ശ്രീനിവാസ് ജോലിക്കെത്തുമ്പോൾ 32 കുട്ടികളായിരുന്നു പഠിച്ചിരുന്നത്. ശ്രീനിവാസന്റെ പരിശ്രമഫലമായി വിദ്യാർഥികളുടെ എണ്ണം 250 ആയി ഉയരുകയായിരുന്നുവെന്ന് ഗ്രാമീണർ ഓർമിച്ചു. സ്ഥലംമാറ്റം കിട്ടിപ്പോവുന്ന അധ്യാപകനൊപ്പം വിദ്യാർഥികൾ കൂട്ടത്തോടെ ടിസി വാങ്ങിപ്പോവുന്ന അനുഭവം അപൂർവതയാണെന്ന് വിദ്യാഭ്യാസ ഓഫിസർ എസ് യാദയ്യ പ്രതികരിച്ചു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





